ആപ്പിൾ, മുന്തിരി, സ്‌ട്രോബറി, മാതളം തുടങ്ങിയ പഴങ്ങളിലൊക്കെ ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചൂടുകാലമായതോടെ തണ്ണിമത്തനും മുന്തിരിയുമൊക്കെ വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇവ സഹായിക്കും.
ദിവസം ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാമെന്നാണ് പറയാറ്. എന്നാൽ കഴിക്കുന്ന ആപ്പിൾ വൃത്തിയാക്കിയിരിക്കണം. എത്ര ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലും കീടനാശിനികളും മറ്റും തളിച്ചിട്ടുണ്ടെങ്കിൽ, അത് നല്ലപോലെ വൃത്തിയായി കഴുകാതെ ഉപയോഗിച്ചാൽ ക്യാൻസർ അടക്കമുള്ള രോഗങ്ങൾ പിന്നാലെ വരും.
വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്ത് പതിനഞ്ച് മിനിട്ട് ആപ്പിൾ മുക്കിവയ്ക്കണം. ശേഷം ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിയെടുക്കണം. ദ്വാരങ്ങളുള്ള പാത്രത്തിൽ ആപ്പിളിട്ട്, പൈപ്പ് തുറന്നുവച്ച് ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതാണ് കൂടുതൽ അഭികാമ്യം. മുന്തിരിയും ഈ രീതിയിൽ കഴുകിയെടുക്കാം.
അല്ലെങ്കിൽ മുന്തിരി ആദ്യം ശുദ്ധമായ വെള്ളത്തിൽ കഴുകുക. ശേഷം കുറച്ച് വെള്ളമെടുത്ത് ഉപ്പും ബേക്കിംഗ് സോഡയും ഇട്ടുകൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം മുന്തിരി പതിനഞ്ച് മിനിട്ട് കുതിർത്തുവയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. ബേക്കിംഗ് സോഡയ്ക്ക് പകരം ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിലും ഇങ്ങനെ ചെയ്യാവുന്നതാണ്. വൃത്തിയായി കഴുകാതെ ഒരു കാരണവശാലും ഇവ കഴിക്കരുത്. അത് ഗുണത്തേക്കാൾ ദോഷമായിരിക്കും ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |