SignIn
Kerala Kaumudi Online
Wednesday, 26 March 2025 2.00 PM IST

കണക്കു നോക്കിയാൽ സത്യം അറിയാം

Increase Font Size Decrease Font Size Print Page
asha

സംസ്ഥാനത്തെ ആശാ പ്രവർത്തകർ കഴിഞ്ഞ ഒരു മാസമായി വേതന വർദ്ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം നടത്തുകയാണ്. തൊഴിൽ സമരങ്ങളോട് ആഭിമുഖ്യമുള്ള സർക്കാരായിട്ടും ആശമാരുടെ കാര്യത്തിൽ എന്തുകൊണ്ടെന്നറിയില്ല,​ ആദ്യംതൊട്ടേ സർക്കാർ പാടേ മുഖംതിരിഞ്ഞു നിൽക്കുന്നത് എന്തിനാണെന്ന് ഒട്ടും മനസിലാകുന്നില്ല. ലോക മഹായുദ്ധങ്ങൾപോലും അവസാനിച്ചിട്ടുള്ളത് സന്ധി സംഭാഷണങ്ങളിലൂടെയും വിട്ടുവീഴ്ചകളിലൂടെയുമാണ്. സങ്കീർണങ്ങളായ പാലസ്തീൻ പ്രശ്നവും ഗാസാ തർക്കവുമെല്ലാം പരിഹരിക്കപ്പെട്ടതും നിരന്തരമായ ചർച്ചകളിലൂടെയാണ്. ഇവിടെ പാവങ്ങളായ ഒരുകൂട്ടം ആശാ പ്രവർത്തകർ അത്ര വലിയ ആവശ്യങ്ങളൊന്നും സർക്കാർ മുമ്പാകെ വച്ചിട്ടില്ല. അവർക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന വേതനംകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിച്ചുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ വേതനം വർദ്ധിപ്പിക്കണമെന്നേ അവർ ആവശ്യപ്പെടുന്നുള്ളൂ.

ആശമാരുടെ ആവശ്യം നിഷ്‌കരുണം നിരസിക്കുമ്പോഴും,​ മൂന്നും നാലും ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഉന്നതന്മാർക്ക് ഒന്നും ഒന്നരയും ലക്ഷത്തിന്റെ ശമ്പള വർദ്ധന ഒരു ബുദ്ധിമുട്ടുമില്ലാതെ വർദ്ധിപ്പിക്കാൻ നടപടി എടുത്തതും ആശമാരുടെ ഈ സമരകാലത്താണെന്ന് ഓർക്കണം. ആശമാരുടെ വേതനം നൽകുന്നത് കേന്ദ്ര സർക്കാർ കൂടി നൽകുന്ന സഹായധനംകൊണ്ടാണ്. കേന്ദ്രം സഹായം വർദ്ധിപ്പിച്ചാലേ ഇവിടെ ആശാപ്രവർത്തകരുടെ വേതനം കൂട്ടാനാവൂ എന്നു പറയുന്ന സംസ്ഥാന സർക്കാർ,​ സ്വന്തം നിലയ്ക്ക് ഒരു രൂപ പോലും അധികം നൽകാൻ തയ്യാറല്ല. സമരത്തോട് ബഹുജന പ്രസ്ഥാനങ്ങളും പ്രതിപക്ഷ പാർട്ടികളും അനുഭാവം പ്രകടിപ്പിക്കുന്നതുകൊണ്ടാകാം,​ ആദ്യം മുതലേ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തത്. എന്നുമാത്രമല്ല, തൊഴിലാളി സമരങ്ങളിലൂടെ വളർന്നു വലുതായി ഭരണത്തിന്റെ ഭാഗമായവർ പോലും അധിക്ഷേപങ്ങൾ ചൊരിഞ്ഞ് ആശമാരെ നിർവീര്യരാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ അപഹസിക്കപ്പെടാൻ മാത്രം അവർ എന്തു തെറ്റാണ് ചെയ്തതെന്ന് ഈ നേതാക്കൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വന്ന വഴികൾ മറന്നുകൊണ്ടുള്ള ഈ സമരവിരോധം ഒരു വിധത്തിലും നേതാക്കൾക്ക് ഭൂഷണമല്ലെന്നേ പറയാനാവൂ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇവിടെ നിയമസഭയിലും അങ്ങ് ഡൽഹിയിൽ ലോക്‌സഭയിലും ആശമാരുടെ വേതനപ്രശ്നം ഒരിക്കൽക്കൂടി ഉയർന്നുവന്നത്. ആശമാരുടെ വേതനവുമായി ബന്ധപ്പെട്ട് കേരളത്തിന് ഒരു പൈസപോലും കേന്ദ്രം കുടിശ്ശിക വരുത്തിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ജെ.പി. നദ്ദ പറഞ്ഞത്. നൽകിയ പണത്തിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കേരളം ഇതുവരെ നൽകിയിട്ടില്ലെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവച്ചു. അതു കിട്ടിയാൽ അടുത്ത ഗഡു സഹായം അനുവദിക്കുമെന്ന് മന്ത്രി കൂട്ടിചേർത്തു. എന്നാൽ കേന്ദ്രമന്ത്രിയുടെ വാദം സംസ്ഥാന മന്ത്രി വീണാ ജോർജ് നിഷേധിക്കുകയാണ് ചെയ്തത്.

2023-24 ൽ കേന്ദ്രം സഹായമൊന്നും നൽകിയില്ലെന്നാണ് അവർ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ കേന്ദ്രത്തിന് കത്തയച്ചെന്നും അവർ പറഞ്ഞു. തെളിവായി കത്ത് സഭയിൽ വയ്ക്കുകയും ചെയ്തു.

കേന്ദ്രം സഹായം നൽകിയോ ഇല്ലയോയെന്നത് ഇത്തരത്തിൽ തർക്ക വിഷയമാക്കേണ്ട കാര്യമില്ല. കേന്ദ്രം അയച്ച പണത്തിനും ഇവിടെ അത് വാങ്ങിയതിനും കണക്കും രേഖകളുമൊക്കെ കാണുമല്ലോ. അപ്പോൾ,​ ആരു പറയുന്നതാണ് ശരിയെന്നറിയാൻ കണക്കു നോക്കിയാൽ മാത്രം മതി. ഏതായാലും ഈ വിഷയത്തിൽ ന‌ടക്കുന്ന ഒളിച്ചുകളി ഇനിയും തുടരരുത്. ജനങ്ങളെ പമ്പരവിഡ്ഢികളാക്കുന്ന ഏർപ്പാടാണിത്. ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രവും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ അത് എത്രയും വേഗം നടപ്പാക്കി സമരം അവസാനിപ്പിക്കണം. കഷ്ടിച്ച് ജീവിച്ചുപോകാനുള്ള വരുമാനം പോലുമില്ലാതെയാണ് ആശാപ്രവർത്തകർ പണിയെടുക്കുന്നത്. രാജ്യത്തിനുതന്നെ നാണക്കേടാണ് ഇത്. വനിതാ ശാക്തീകരണത്തെക്കുറിച്ചും മഹിളാശക്തിയെക്കുറിച്ചുമെല്ലാം വാതോരാതെ പ്രസംഗിച്ചു നടക്കുന്നവർ ആത്മാർത്ഥമായി ഇടപെട്ടിരുന്നുവെങ്കിൽ ആശമാരുടെ സമരം എന്നേ തീരുമായിരുന്നു.

TAGS: ASHA WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.