മുല്ലപ്പൂവിന്റെ നറുമണം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. തലയിൽ മുല്ലപ്പൂ ചൂടിയ സ്ത്രീകളെയും പെൺകുട്ടികളെയും കാണാൻ പ്രത്യേക ഐശ്യര്യം തന്നെയെന്നതിലും ആർക്കും തർക്കമുണ്ടാവാൻ ഇടയില്ല. ദേവതകൾക്ക് ഇഷ്ടമുള്ള പൂവാണ് മുല്ല. മുല്ലയ്ക്ക് വാസ്തുസംബന്ധിച്ചും വളരെ വലിയ പ്രധാന്യമുണ്ട്. എന്നാൽ ഭൂരിപക്ഷത്തിനും ഇത് അറിയില്ലെന്നതാണ് സത്യം.
മനസിന് ശാന്തിയും സമാധാനവും ഉണ്ടെങ്കിലേ ജീവതത്തിൽ വിജയം വരിക്കാൻ കഴിയൂ. ഇങ്ങനെ മനസിനെ ശാന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർ വീട്ടിൽ മുല്ലച്ചെടി നടണമെന്നാണ് പല വാസ്തു വിദഗ്ദ്ധരും പറയുന്നത്. ദമ്പതികളുടെ ഇടയിൽ ഉൾപ്പടെ വീട്ടിൽ കലഹം ഒഴിവാക്കാനും മുല്ലച്ചെടി നടുന്നതിലൂടെ കഴിയുമത്രേ.
വീട്ടിൽ മുല്ലച്ചെടി നടാൻ ഏറ്റവും അനുയോജ്യം കിഴക്ക് വശത്താണ്. അവിടെ മുല്ല വളരുന്നത് ആ വീട്ടിനും വീട്ടുകാർക്കും ഏറെ ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം. കിഴക്ക് ദിക്കിലെ മുല്ല പൂവിട്ടാൽ ഈശ്വരാധീനമുണ്ടെന്നാണ് കരുതുന്നത്. ഈശ്വരാധീനമുള്ള വീടുകളിൽ മാത്രമേ മുല്ല പൂക്കൂ. അത് കിഴക്കുവശത്തെ മുല്ല കൂടിയാണെങ്കിൽ ദൈവനുഗ്രഹം വീണ്ടും കൂടും.
പ്രധാന വാതിലിന് ഇരുവശങ്ങളിലും മുല്ല നട്ടുപിടിപ്പിക്കുന്നത് വീട്ടിനുള്ളിൽ പോസിറ്റീവ് ഊർജത്തെ നിറയ്ക്കും. ആ ഭാഗത്ത് മുല്ലച്ചെടി മണ്ണിൽ നട്ടുപിടിപ്പിക്കാൻ കഴിയില്ലെങ്കിൽ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയാലും മതി. പക്ഷേ, ചെടിയെ വൃത്തിയോടെ സംരക്ഷിക്കണം എന്നുമാത്രം. പടിഞ്ഞാറ് ദിശയിലെ ജനാലയുടെ അടുത്ത് മുല്ലച്ചെടി നടുന്നതും ശുഭകരമാണ്. വീടിനും വീട്ടുകാർക്കും വലിയ മാറ്റങ്ങൾ ഇതിലൂടെ ഉണ്ടാവും. സന്താനങ്ങൾക്ക് പഠന പുരോഗതി ഉണ്ടാകുന്നതിനും ഇതിലൂടെ കഴിയും. സ്ത്രീകൾ മുല്ലപ്പൂ ചൂടുന്നതിലൂടെ ദാമ്പത്യജീവിതത്തിൽ കെട്ടുറപ്പ് കൂടുകയും കലഹങ്ങൾ ഒഴിയുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |