തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ഗതാഗത നിയമങ്ങൾ ലംഘിച്ചുള്ള ഡ്രൈവിംഗിലൂടെ ഒരാളുടെ ജീവൻ നഷ്ടപ്പെടുത്തിയതിനുമാണ് ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം മറുപടി നൽകണം.
അപകടവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു നോട്ടീസ്. സസ്‌പെൻഷൻ തുടരുന്നതിന് അടക്കം ഇത്തരം നടപടി സ്വീകരിക്കേണ്ടതുണ്ട്.
അതേസമയം, സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്നും ആക്ഷേപമുണ്ട്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ പുനഃപരിശോധനാ സമിതിക്കു കഴിയുമെന്നാണ് സൂചന. ക്രിമിനൽ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തിലേ സർവീസിൽ നിന്നു പിരിച്ചുവിടൽ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കാനാവൂ. ഇതിന് കോടതി ശിക്ഷിക്കണം.
ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ ബഷീർ മരിച്ചത്. വനിതാ സുഹൃത്തായ വഫ ഫിറോസുമൊത്ത് അവരുടെ കാറിൽ സഞ്ചരിക്കുന്നതിനിടയിലായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികളടക്കം മൊഴി നൽകിയിരുന്നു. എന്നാൽ, അപകടമുണ്ടായി ഒമ്പത് മണിക്കൂറിനു ശേഷമാണു മദ്യപരിശോധനയ്ക്കായി പൊലീസ് രക്തസാമ്പിൾ ശേഖരിച്ചത്. മദ്യപിച്ചിരുന്നോ എന്ന പരിശോധനയ്ക്കായി കാലതാമസം വരുത്തിയതിന് മ്യൂസിയം എസ്.ഐ ജയപ്രകാശിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |