കണ്ണൂർ: ജില്ലയിൽ ഒറ്റപ്പെട്ട പലയിടങ്ങളും ജലക്ഷാമബാധിതമാണെങ്കിലും ഭൂഗർഭ ജലത്തിന്റെ അളവിൽ കാര്യമായ വെല്ലുവിളികളില്ലെന്ന് ഭൂജല വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും പരിശോധനയിൽ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നാണ് പരിശോധനാഫലം കണക്കാക്കിയുള്ള വിലയിരുത്തൽ. എന്നാൽ മഴയുടെ ലഭ്യതയ്ക്കനുസരിച്ച് റീചാർജ്ജിംഗ് കൃത്യമാക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. മഴവെള്ളം സംഭരിക്കാനും റീചാർജ്ജ് ചെയ്യാനുമുള്ള ഇടപെടലുകൾ നടത്തണമെന്നാണ് നിർദ്ദേശം.
കുഴൽ കിണറുകളുടെ അമിത ഉപയോഗമാണ് ഭൂഗർഭ ജലത്തിൽ കുറവുണ്ടാക്കുന്നതിന്റെ ഒരു പ്രധാന ഘടകം. മുൻ വർഷങ്ങളിലൊക്കെ പലയിടങ്ങളിലും കുഴൽ കിണറുകൾ കുഴിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഈ വർഷം ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വെള്ളം ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ വരുന്ന സാഹചര്യത്തിൽ മാത്രമേ കുഴൽ കിണറുകൾ ഒരു ഉപാധിയായി കണക്കാക്കാൻ പാടുള്ളുവെന്നാണ് ഭൂജലവകുപ്പിന്റെ നിർദ്ദേശം. കുഴൽ കിണറുകൾ അധികമായാൽ ഭൂഗർഭ ജലത്തിന്റെ അളവിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ടെന്നതാണ് ഈ നിർദ്ദേശത്തിന് പിന്നിൽ.
വേനലിൽ ഒരു മീറ്റർ താഴും
മുൻ മാസത്തെ അപേക്ഷിച്ച് ഭൂഗർഭജലം ഏകദേശം ഒരു മീറ്റർ വരെ താഴ്ന്നിട്ടുണ്ട്. ഇത് എല്ലാ വർഷവും വേനലിനോട് അടുക്കുമ്പോൾ ഉള്ള സ്വാഭാവികമായ കുറവാണ്. വേനൽ മഴ ലഭിച്ചാലും മൺസൂണിലും അളവ് വീണ്ടും പൂർവ സ്ഥിതിയിൽ എത്തും. ഇപ്പോൾ ജില്ലയിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ പ്രധാന കാരണം വർദ്ധിച്ച ചൂട് തന്നെയെന്നാണ് ഭൂജല വകുപ്പും വ്യക്തമാക്കുന്നത്.
എന്താണ് ഭൂഗർഭജലം
ഭൂഗർഭജലം എന്നത് ഭൂമിക്കടിയിൽ അടിഞ്ഞുകൂടുന്ന വെള്ളമാണ്. മണ്ണിന്റെയും പാറയുടെയും അയഞ്ഞ കണികകൾക്കിടയിലുള്ള ഇടങ്ങളിലോ, പാറകളിലെ വിള്ളലുകളിലോ ഇത് നിലനിൽക്കും. വ്യത്യസ്ത തരം പാറകളിലും പ്രദേശങ്ങളിലും വ്യത്യസ്ത അളവിൽ വെള്ളം അടങ്ങിയിരിക്കാം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 10 ദശലക്ഷം ഘന കിലോമീറ്റർ വെള്ളം ഭൂമിക്കടിയിൽ സംഭരിക്കപ്പെടുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 0.8 കിലോമീറ്ററിനുള്ളിൽ ഏകദേശം 4.2 ദശലക്ഷം ഘന കിലോമീറ്റർ വെള്ളമുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറയുന്നു.
0.8 കിലോമീറ്ററിനുള്ളിൽ
4.2 ദശലക്ഷം ഘന കിലോമീറ്റർ ജലം
റീചാർജ്ജിംഗ് മാർഗ്ഗങ്ങൾ
മേൽക്കൂരയിൽ വീഴുന്ന വെള്ളം പൈപ്പ് വഴി ശുദ്ധീകരിച്ച് കിണറിൽ എത്തിക്കാം
മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്നതിനുള്ള സംവിധാനം.
മഴക്കുഴികൾ ഉണ്ടാക്കാം
കൃത്യമായ ശ്രദ്ധയിലൂടെ പെയ്യുന്ന മഴയെ സംഭരിക്കുകയും വെള്ളം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഭാവിയിൽ വരാൻ പോകുന്ന ബുദ്ധിമുട്ടികളെ ഒരു പരിധി വരെ പരിഹരിക്കാം- ബി ഷാബി (ഭൂജല വകുപ്പ് ജില്ലാ ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |