പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ചുള്ള വിജ്ഞാനസമ്പാദനം മുരളീധരഗാന്ധിക്കോ ചോമ്പാല മുല്ലപ്പള്ളി ഗാന്ധിക്കോ പറഞ്ഞിട്ടുള്ളതല്ല. പഞ്ചേന്ദ്രിയങ്ങൾക്കും മേലെ ഒരു നിയന്ത്രണം സാധിക്കാവുന്നത്ര ആരോഗ്യം ഇതുവരെയും ഈ ഗാന്ധിമാർക്ക് സ്വായത്തമായിട്ടില്ല. കെ.പി.സി.സി പുന:സംഘടന ലോകാവസാനം വരെ നീണ്ടുപോകാനിടയാക്കുന്നത് പോലും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ മേല്പറഞ്ഞ ഗാന്ധിമാർക്ക് സാധിക്കാത്തത് കൊണ്ടാണെന്ന് ചിലരെല്ലാം നിരൂപിക്കുന്നു. മുരളീധരഗാന്ധി ചോമ്പാല മുല്ലപ്പള്ളിഗാന്ധിക്ക് കത്തെഴുതിയത് പോലും അതുകൊണ്ടാണത്രെ.
ചെന്നിത്തല ഗാന്ധിയാണെങ്കിൽ കറകളഞ്ഞ യോഗാഭ്യാസിയായത് കൊണ്ട് ചില യോഗമുറകളൊക്കെ പ്രയോഗിച്ച് ഇന്ദ്രിയങ്ങളെ വരുതിക്ക് നിറുത്താൻ ശേഷിയുള്ളയാളാണ്. പക്ഷേ ശശി തരൂർജിയെ വെല്ലാനുള്ള ആരോഗ്യം ചെന്നിത്തലഗാന്ധിക്കും ഇതുവരെയുണ്ടായിട്ടില്ല. മൊത്തത്തിലൊരു പാരഡോക്സിക്കൽ ആരോഗ്യമാണ് അതെന്ന് തരൂർജിയെ പരിശോധിച്ച ഭിഷഗ്വരവിദഗ്ധന്മാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഈ പാരഡോക്സിക്കൽ ആരോഗ്യമെന്ന് ചോദിച്ചാൽ അതൊരു പ്രത്യേകതരം ആരോഗ്യമെന്നാണ് തരൂർജി പറയാറ്. ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കും അറിയില്ലെന്ന് പണ്ട് പിണറായിസഖാവ് പറഞ്ഞത് പോലെ, ഈ ആരോഗ്യത്തെപ്പറ്റി ചോദിക്കുന്നവർക്ക് ഒരു ചുക്കും അറിയാത്തത് കൊണ്ടാണത്.
ഈ ആരോഗ്യവും വച്ചാണ് പഞ്ചേന്ദ്രിയങ്ങളെ വരുതിക്ക് നിറുത്തി തരൂർജി മൊത്തം ആളുകളെ അളന്ന് തൂക്കി നോക്കുന്നത്. അളവ് കിറുകൃത്യമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഒരുമാതിരിപ്പെട്ട അളവുകാരെല്ലാം സുല്ലിട്ട് മടങ്ങിപ്പോകുന്നത്ര ശേഷിയുള്ള ദേഹിയായിട്ടും ന.മോ.ജിയെ അളക്കാൻ ധൈര്യസമേതം മുന്നോട്ട് വരാൻ തരൂർജിയെ പ്രേരിപ്പിച്ച ഘടകം പഞ്ചേന്ദ്രിയങ്ങൾക്ക് മേലുള്ള പ്രത്യേക നിയന്ത്രണം ഒന്ന് കൊണ്ടുമാത്രമാണ്. ന.മോ.ജി ആൾ ചില്ലറക്കാരനല്ലെന്ന് അറിയാത്തവരീ ഭൂമുഖത്തുണ്ടാവില്ല. കുട്ടിക്കാലത്ത് മുതലയെയും പിടിച്ച് അമ്മയുടെ മുന്നിൽ വന്നുനിന്ന നരേന്ദ്രനാണ്. പക്ഷേ തരൂർജിക്കെന്ത് മുതല, എന്ത് നരേന്ദ്രൻ!
പാരഡോക്സിക്കൽ പ്രധാനമന്ത്രിയെന്നാണ് തരൂർജിയുടെ മുൻകാല അളക്കലിൽ ബോദ്ധ്യപ്പെട്ടത്. അതിമോഹമുള്ള പ്രധാനമന്ത്രിയാണെങ്കിലും പ്രതീക്ഷയ്ക്കൊത്തുയരാനാവാതെ വീണുപോയയാൾ എന്ന് തരൂർജി അത് കുറിച്ചുവയ്ക്കുകയുണ്ടായി. പഞ്ചേന്ദ്രിയങ്ങളും ഉപയോഗിച്ച് നടത്തിയ സൂക്ഷ്മമായ അവലോകനത്തിൽ ന.മോ.ജി അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ദേഹിയല്ലെന്ന് ബോദ്ധ്യപ്പെടുകയുണ്ടായി. സാക്ഷാൽ പളനിയപ്പൻ ചിദംബരത്തിന്റെ ആരോഗ്യസ്ഥിതി കണ്ടപ്പോഴാണ് തരൂർജിക്ക് ഈ നഗ്നയാഥാർത്ഥ്യം ബോദ്ധ്യമായതെന്ന് വാദിക്കുന്നവരുണ്ട്. പളനിയപ്പൻ ചിദംബരത്തെ കൂട്ടിലടച്ചത് ചിദംബരം കൂടെ കൊണ്ടുനടന്ന പൊലീസേമ്മാൻമാർ തന്നെയാണെന്ന് കൂടി അറിഞ്ഞപ്പോൾ തരൂർജിയുടെ പഞ്ചേന്ദ്രിയങ്ങളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടത്രെ. പഞ്ചേന്ദ്രിയങ്ങളെ പിടിച്ചുനിറുത്താൻ തരൂർജിക്ക് സാധിക്കുന്നത് കൊണ്ട് മാത്രം അതൊരു ഭൂമികുലുക്കമായി മാറാതെ പോയി. തരൂർജി പക്ഷേ അപ്പറയുന്നതൊന്നും അംഗീകരിച്ചുതരില്ല.
തരൂർജിയുടെ പാരഡോക്സിക്കൽ ആരോഗ്യം ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്തത് കൊണ്ട് മാത്രമാണ് മുരളീധരഗാന്ധി തരൂർജിയെ അതുമിതും പറഞ്ഞ് തോണ്ടാൻ മിനക്കെട്ടത്. ചോമ്പാലഗാന്ധിയാകട്ടെ, മുരളീധരഗാന്ധി ഓലപ്പടക്കം പൊട്ടിച്ചപ്പോൾ മാലപ്പടക്കത്തിന് തന്നെ തിരികൊളുത്തിയെന്നാണ് പറയുന്നത്. കെ.പി.സി.സിയുടെ നോട്ടീസ് ഏത് പൊലീസുകാരനും അയച്ചുകൊടുക്കുന്ന ഓലയല്ല. തരൂർജിക്ക് അത് കൈപ്പറ്റാനായത് പോലും മഹാഭാഗ്യമെന്ന് വേണം പറയാൻ. കെ.പി.സി.സിയുടെ ഓലയിൽ മുല്ലപ്പള്ളി ഗാന്ധി വേണ്ടാതീനങ്ങൾ എഴുതിവച്ചത് കണ്ടപ്പോഴാണ് തരൂർജിയുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ഒന്നുകൂടി ഇളക്കം തട്ടിയതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
സത്യത്തിൽ തരൂർജി ന.മോ.ജിയെ അളന്ന് നോക്കിയിട്ട് പറഞ്ഞതെന്തായിരുന്നു? ന.മോ.ജി നല്ലതെന്തെങ്കിലും ചെയ്താൽ നമ്മളതങ്ങ് അംഗീകരിച്ച് കൊടുക്കണം. നല്ലത് ചെയ്താലും അംഗീകരിക്കാതിരുന്നാൽ, കുറ്റം ചെയ്തത് പറയുമ്പോൾ നാട്ടുകാർ വിശ്വസിക്കണമെന്നില്ല. തരൂർജി പിന്നീടിങ്ങോട്ട് അളക്കുമ്പോഴെല്ലാം ന.മോ.ജി എന്തൊക്കെയോ നല്ല കാര്യങ്ങൾ ചെയ്യുന്നതാണ് കാണുന്നത്. ന.മോ.ജി നല്ലതൊന്നും ചെയ്തിട്ടില്ലെന്ന് ചെന്നിത്തലഗാന്ധിക്ക് തോന്നിയത് തരൂർജിയുടെയത്ര ആരോഗ്യമില്ലാത്തത് കൊണ്ടാണ്. പളനിയപ്പൻ ചിദംബരവും ആ ചില നല്ല കാര്യങ്ങൾ കാണാൻ ശ്രമിച്ചതാണ്. പക്ഷേ മുഴുവൻ കാണും മുമ്പേ അകത്തായിപ്പോയി. അത് അദ്ദേഹത്തിന്റെ കുറ്റം തന്നെയാണ്. ഒരു മിസ്ഡ് കാളിൽ തീർക്കാവുന്നത് തൂമ്പ കൊണ്ടെടുത്താലും തീരാത്തത്ര കോംപ്ലിക്കേറ്റഡ് ആയിപ്പോയത്, മിസ്ഡ് കാൾ ഓപ്ഷൻ ചിദംബരസ്വാമി ഉപയോഗിക്കാത്തത് കൊണ്ടാണെന്നും ചില നിരീക്ഷണങ്ങളില്ലാതില്ല.
തരൂർജി ഇത്തരം ഓപ്ഷനുകൾ ഉപയോഗിക്കാൻ നിർബന്ധിതനായിത്തീരുമോ എന്ന് പറയാറായിട്ടില്ല. ക്രിയാത്മകവിമർശനമാണ് തന്റെ മാർഗ്ഗമെന്ന് തരൂർജി പറയുന്നുണ്ട്. പക്ഷേ എ.ഒ. ഹ്യൂം ഉണ്ടാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പലരും മിസ്ഡ്കാൾ അടിച്ച് എങ്ങോട്ടോ പോയി മറിയുന്നതായി കണ്ടുവരുന്നുണ്ട്. കലികാല വൈഭവമായിരിക്കാം.
ഏതായാലും തരൂർജി അടുത്തതായി എഴുതാൻ പോകുന്ന പുസ്തകത്തിന്റെ പേര് ദ ഹിന്ദു വേ എന്നാണെന്ന് പറയുന്നുണ്ട്. അതേതായാലും നന്നായി. മിസ്ഡ്കാൾ വേണ്ടി വന്നാൽ എടുത്തുപയോഗിക്കണമെങ്കിലും ഈയൊരു പുസ്തകമെഴുതുന്നത് തന്നെയായിരിക്കും നല്ലത്. എല്ലാമൊരു പാരഡോക്സിക്കൽ സ്ഥിതിവിശേഷങ്ങളാണല്ലോ.
............................................
- കോട്ടയത്തെത്ര മത്തായിമാരുണ്ട് എന്ന ചോദ്യത്തേക്കാളും വലിയ ചോദ്യമിപ്പോൾ പാലായിലെത്ര രണ്ടില ചിഹ്നങ്ങളുണ്ട് എന്നായിട്ടുണ്ട്. മാണി കേരള കോൺഗ്രസിന്റെ രണ്ടില കണ്ടെത്താൻ പാലായിലിപ്പോൾ പല സ്റ്റിയറിംഗ് കമ്മിറ്റികളാണ് കൂടുന്നത്. ജോമോന്റെ സ്റ്റിയറിംഗാണോ ഔസേപ്പച്ചന്റെ സ്റ്റിയറിംഗാണോ പവർ സ്റ്റിയറിംഗ് ആയി മാറുകയെന്നാണ് അറിയാനുള്ളത്. ഔസേപ്പച്ചന്റെ സ്റ്റിയറിംഗ് ഒടിഞ്ഞുവീഴാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്ന് ചില മുന്നറിയിപ്പുകളുണ്ടാവുന്നുണ്ട്. ഔസേപ്പച്ചൻ അതുകൊണ്ട് ധൈര്യമായിരിക്കണം.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |