ന്യൂഡൽഹി : പഞ്ചാബ് - ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസ് നടപടി. അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെയും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാന്ഥറിനെയും അടക്കം കസ്റ്റഡിയിലെടുത്തു. കർഷകർ കെട്ടിയ ടെന്റുകളും പഞ്ചാബ് പൊലീസ് പൊളിച്ചു നീക്കി. ശംഭു-ഖനൗരി അതിർത്തികൾ ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചാബിലെ ആംആദ്മി സർക്കാർ പ്രതികരിച്ചു.
കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, കാർഷിക വായ്‌പകളുടെ എഴുതിതള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ഫെബ്രുവരി 13 മുതലാണ് ശംഭു-ഖനൗരി അതിർത്തികളിൽ പ്രക്ഷോഭം ആരംഭിച്ചത്. ഒരു വർഷത്തിലേറെയായി മേഖല അടഞ്ഞുകിടക്കുകയാണെന്ന് പഞ്ചാബ് ധനകാര്യമന്ത്രി ഹർപൽ സിംഗ് ചീമ പറഞ്ഞു. വ്യാപാരികളും ജനങ്ങളും അസ്വസ്ഥരാണ്. സംസ്ഥാന സർക്കാർ കർഷകർക്കൊപ്പമാണ്. കേന്ദ്രത്തിനെതിരെയാണ് അവരുടെ സമരം. അതിനാൽ ഡൽഹിയിലോ മറ്റെവിടെയെങ്കിലുമോ കർഷകർ സമരമിരിക്കണം. പഞ്ചാബിലെ റോഡുകൾ ബ്ലോക്ക് ചെയ്യുന്നത് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രവും പഞ്ചാബ് സർക്കാരും കർഷകരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രമന്ത്രിമാരും കർഷക നേതാക്കളുമായി ചണ്ഡിഗറിൽ ഇന്നലെ നടന്ന ഏഴാം റൗണ്ട് ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. മേയ് നാലിന് ചർച്ച തുടരുമെന്ന് കേന്ദ്രമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |