ആരാധകരെ ഞെട്ടിച്ചുകൊണ്ട് അറിയിച്ചതിലും നേരത്തെ തന്നെ എമ്പുരാന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. 20ന് ഉച്ചയ്ക്ക് ഒരുമണിക്ക് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12 മണിക്കാണ് പുറത്തിറങ്ങിയത്. മൂന്ന് ദശലക്ഷം വ്യൂസ് ആണ് ട്രെയിലർ ഇതുവരെ നേടിയത്. യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതുമെത്തിയിരിക്കുകയാണ്. ഇതിനിടെ എന്തുകൊണ്ട് ട്രെയിലർ അപ്രതീക്ഷിതമായി നേരത്തെ പുറത്തിറങ്ങിയെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
പലതരത്തിലുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ഉയരുന്നത്. ട്രെയിലർ ലീക്കായേക്കാമെന്നുള്ള മുൻകരുതലിലാണ് നേരത്തെ പുറത്തുവിട്ടതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സിനിമയുടെ അണിയറപ്രവർത്തകരും ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പല ഭാഷകളിലെ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. ട്രെയിലറിന് വൻ വരവേൽപ്പാണ് ആരാധകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിലർ പുലർച്ചെ എത്തിയതിന് രസകരമായ കമന്റുകളും വരുന്നുണ്ട്.
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ജനുവരി 26ന് പുറത്തുവന്നിരുന്നു. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായെത്തുന്നത്.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ ബാനറുകളാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |