കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിട്ടും നടപടികൾ പൂർത്തിയാകാത്തത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതോടെ വീണ്ടും പ്രതീക്ഷകൾക്ക് ചിറകു മുളച്ചിരിക്കുകയാണ്. ഒപ്പം വിമാനത്താവള വികസനത്തിനുള്ള പുതിയ സാദ്ധ്യതകളും തെളിഞ്ഞിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനെ തുടർന്ന് പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അവതരിപ്പിച്ചത്. റൺവേ ദീർഘിപ്പിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പിനെത്തുടർന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
വിജ്ഞാപനം നേരത്തേ
തുടർനടപടികൾ
വിമാനത്താവളത്തിന്റെ റൺവേ നിലവിലുള്ള 3050 മീറ്ററിൽ നിന്നും 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആക്ട് അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്. പ്രാഥമിക വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു. തലശ്ശേരി താലൂക്കിലെ കീഴല്ലൂർ ദേശത്തും കരാട് ദേശത്തുമായാണ് ഈ ഭൂമി കിടക്കുന്നത്. എന്നാൽ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമുള്ള തുടർനടപടികൾ വൈകുകയായിരുന്നു. ഈ പ്രദേശം കാർഷികമേഖലയായതിനാൽ വിജ്ഞാപനം പുറപ്പെടുവിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് സമാനതകളില്ലാത്ത ദുരന്തമാണ് പ്രദേശവാസികൾ നേരിട്ടത്. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങിയതിനാൽ ഭൂമി ക്രയവിക്രയം നടത്താനും വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങൾക്ക് ഉൾപ്പെടെ വായ്പ എടുക്കാനും സാധിച്ചിരുന്നില്ല. പ്രദേശത്തെ 30 ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ വിമാനത്താവളത്തിൽ നിന്നും ഒഴുകി വന്ന പാറ കഷ്ണങ്ങളും ചെളിയും നിറഞ്ഞ് നശിച്ച് കർഷകരുടെ ഉപജീവനം നിലച്ചു. എട്ട് വീടുകൾ പൂർണമായും തകർന്നു. നേരത്തെ എടുത്ത വായ്പകൾ പോലും തിരിച്ചടയ്ക്കാനാകുന്നില്ല. പ്രദേശത്തേക്ക് ജപ്തി നോട്ടീസുകൾ നേരിട്ടു. ഭൂമി ഏറ്റെടുക്കൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുകയും അഞ്ചുതവണ അത് ദീർഘിപ്പിക്കുകയും ചെയ്തു.
യോഗം വിളിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി ഇടപെട്ട് യോഗം വിളിച്ച് ചേർത്തതോടെയാണ് അന്താരാഷ്ട്ര വിമാനത്താവളം റൺവേ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൽ വഴി തെളിഞ്ഞത്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തിൽ ഈ മാസം യോഗം ചേരാനാണ് തീരുമാനം. ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ കോളാരി, കീഴല്ലൂർ പഞ്ചായത്തിൽ 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളിൽപ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടിയാണ് സ്വീകരിച്ചുവരുന്നത്. 2017ലാണ് സർക്കാർ നടപടി തുടങ്ങിയത്. 2018ൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ ഭൂമിയുടെ അതിർത്തിയിലെ 25 ഏക്കർ കൂടി ഏറ്റെടുക്കാൻ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു.
1800 ഏക്കർ സ്ഥലമാണ് ഇതുവരെ ഏറ്റെടുത്തത്. കുടിയൊഴിപ്പിക്കപ്പെടുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കീഴല്ലൂർ, കൂടാളി വില്ലേജുകളിലായി 36.18 ഏക്കർ ഏറ്റെടുക്കാനും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒരു കുടുംബത്തിന് 10 സെന്റ് വീതം നൽകാനായിരുന്നു തീരുമാനം. 2018ൽ വിജ്ഞാപനമിറങ്ങിയെങ്കിലും റൺവേ വികസനത്തിനായും പുനരധിവാസത്തിനായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. വിമാനത്താവളം നടപടി വൈകുന്നതിൽ പ്രദേശത്തെ ഭൂവുടമകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇവിടങ്ങളിലെ കുടുംബങ്ങൾ കഴിഞ്ഞ എട്ടുവർഷമായി പ്രതിസന്ധിയിലാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നീണ്ടത്.
2017ലെ മഴക്കാലത്ത് വിമാനത്താവളത്തിൽ നിന്ന് മണ്ണും ചെളിയും ഒഴുകിയെത്തി ആറ് വീടുകൾ ഉപയോഗിക്കാൻ പറ്റാത്ത നിലയിലായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു വർഷം ഇവർക്ക് വീട്ടുവാടക അനുവദിച്ചെങ്കിലും പിന്നീട് ഒരു സഹായധനവും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മഴക്കാലത്ത് 60 കുടുംബങ്ങൾ ഇത്തരത്തൽ ഭീഷണി നേരിടുന്നുണ്ട്.
900 കോടിയുടെ പ്രൊപ്പോസൽ
റൺവേ എക്സ്റ്റൻഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടിയും ഉൾപ്പെടെ 900 കോടിയുടെ പ്രൊപ്പോസൽ ജില്ലാ കളക്ടർ സമർപ്പിച്ചിരുന്നു. ഇത് സർക്കാരിന്റെ പരിശോധനയിലാണ്. ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക് പകരം ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ ഇല്ലാത്തതിനാൽ ഒരു പ്രത്യേക പാക്കേജ് ശുപാർശ ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിയിട്ടുണ്ട്.
ഭൂമിയുടെ വില നിർണയ നടപടികൾ നടക്കുന്നു; മന്ത്രി കെ രാജൻ
വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നഷ്ടപരിഹാരത്തുക നിർണയിക്കും. റവന്യൂ റിക്കവറി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഭൂമി വിട്ടുനൽകിയവർക്ക് നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും. വിജ്ഞാപനം ചെയ്ത ഭൂമിയിൽ, വിലനിർണയത്തിലെ കാലതാമസത്തിന് 12% ശതമാനം പലിശ നൽകുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസം ഇങ്ങനെ
പുനരധിവാസത്തിന് ഏറ്റെടുക്കുന്നത് 36.18 ഏക്കർ
ഒരു കുടുംബത്തിന് 10 സെന്റ്
വിജ്ഞാപനം വന്ന വർഷം 2018
കുടിയൊഴിയേണ്ട കുടുംബങ്ങളുടെ എണ്ണം 210
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |