സംസ്ഥാനത്തെ നിർമ്മാണ മേഖലയിൽ കുതിപ്പ് ദൃശ്യമാകേണ്ട മാസങ്ങളാണിത്. ജനുവരി മുതൽ മേയ് വരെയുള്ള കാലം നിർമ്മാണങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സീസണാണ്. എന്നാൽ പല കാരണങ്ങളാൽ നിർമ്മാണ മേഖല വലിയ തളർച്ച നേരിടുന്ന സമയമാണിത്. പ്രധാനമായും നിർമ്മാണങ്ങൾക്കാവശ്യമായ സാമഗ്രികൾ ലഭിക്കുന്നതിലെ തടസങ്ങൾ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാറ കിട്ടാനേയില്ല. അഥവാ കിട്ടുന്നെങ്കിൽത്തന്നെ തീവിലയാണുതാനും. പാറ അടിസ്ഥാനമാക്കിയുള്ള മെറ്റൽ, എംസാൻഡ് തുടങ്ങിയവയ്ക്കും ദൗർലഭ്യമുണ്ട്. ഇവയുടെ വിലയാകട്ടെ പിടിച്ചുനിറുത്താനാകാത്തവിധം ഉയർന്നുകൊണ്ടിരിക്കുന്നു. കരിങ്കൽ ഒരു ലോഡിന് ഒരു വർഷം മുൻപ് 6500 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 8500 രൂപയായിരിക്കുന്നു!
നിത്യോപയോഗ സാധനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുപോലെ നിർമ്മാണ സാമഗ്രികളായ കരിങ്കല്ല്, മെറ്റൽ, എംസാൻഡ് തുടങ്ങിയവയും ഇറക്കുമതി ചെയ്യേണ്ടിവരുന്നു. സംസ്ഥാനത്തു പ്രവർത്തിച്ചിരുന്ന ക്വാറികളിൽ പലതും ഇന്ന് പ്രവർത്തിക്കുന്നില്ല. നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിച്ചതാണ് കാരണം. പലയിടങ്ങളിലും പറമ്പുകളിലും മറ്റുമുള്ള പാറക്കൂട്ടങ്ങൾ പൊട്ടിച്ച് വില്പന നടത്തുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ കണ്ണുവെട്ടിച്ചു
വേണം ഇവ ആവശ്യക്കാരുടെ സൈറ്റിലെത്താൻ. കെട്ടിടങ്ങളുടെ അടിസ്ഥാനത്തിന് ഉപയോഗിക്കുന്ന കരിങ്കല്ല് കിട്ടാതായതോടെ പലരും കോൺക്രീറ്റിലേക്കു തിരിയാൻ നിർബന്ധിതരായിട്ടുണ്ട്. ഇതിന് ചെലവ് കൂടുതലാണ്. പക്ഷേ വീടുനിർമ്മാണം മാറ്റിവയ്ക്കാൻ പറ്റാത്തവർ ഈ മാർഗം തന്നെ സ്വീകരിക്കുന്നു.
സംസ്ഥാനത്ത് ദേശീയപാത ഉൾപ്പെടെയുള്ള നിരത്തുകൾക്കായി വൻതോതിൽ പാറ ഉത്‌പന്നങ്ങൾ ആവശ്യമായി വരുന്നതാണ് ഇവയ്ക്ക് ക്ഷാമം നേരിടാനുള്ള കാരണങ്ങളിലൊന്ന്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് മുമ്പ് നിർമ്മാണവസ്തുക്കൾ ധാരാളമായി വന്നിരുന്നു. അതിർത്തികളിൽ അവ തടയുന്നതു കാരണം വരവ് നന്നേ ചുരുങ്ങിയതും ഇവിടെ ക്ഷാമത്തിനു കാരണമായി. അനധികൃതമായി പ്രവർത്തിച്ചിരുന്ന ധാരാളം ക്വാറികൾ അടച്ചുപൂട്ടിക്കഴിഞ്ഞു. ജനവാസ മേഖലയിലാണ് ഇവയിൽ പലതും പ്രവർത്തിച്ചിരുന്നത്. ജനങ്ങളുടെ നിരന്തരമുള്ള പരാതികളെത്തുടർന്നാണിത്. നിർമ്മാണ മേഖലയിലെ മരവിപ്പ് ഈ മേഖലയിൽ പണിയെടുക്കുന്ന അനവധി തൊഴിലാളികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പണികൾ മുടങ്ങിയതോടെ നല്ലൊരു വിഭാഗം സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളും ഇതോടെ പ്രതിസന്ധിയിലാണ്. ചുരുക്കത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടികൾക്ക് നിർമ്മാണ വസ്തുക്കളുടെ ദൗർലഭ്യം കാരണമാകുന്നുണ്ട്.
നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ ഉത്‌പന്നങ്ങൾ ലഭ്യമാക്കാൻ സർക്കാരിന്റെ ഇടപെടൽകൊണ്ടേ സാദ്ധ്യമാവൂ. ക്വാറികളും മറ്റ് അനുബന്ധ മേഖലകളും മുടക്കമില്ലാതെ പ്രവർത്തിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകണം. പാറ പൊട്ടിക്കുന്നതിലെ അനാവശ്യ നിയന്ത്രണങ്ങൾ ഉപേക്ഷിക്കണം. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവയുടെ വരവ് തടസപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇല്ലാതാക്കാൻ ആ സംസ്ഥാനങ്ങളുമായി ധാരണയിലെത്താൻ ശ്രമിക്കണം. നിർമ്മാണ ജോലികൾക്ക് കരാർ എടുത്തവർ വിലക്കയറ്റം കാരണം ധർമ്മസങ്കടത്തിലാണ്. പറഞ്ഞ തുകയ്ക്ക് ഒരു പണിയും പൂർത്തിയാക്കാനാകാത്ത അവസ്ഥയാണ്. എന്തിനും ആശ്രയമായ സർക്കാർ തന്നെ വേണം ഈ ദു:സ്ഥിതിക്കും പരിഹാരം കാണാൻ. സർക്കാരിന്റെ അടിയന്തര ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിന് നിർമ്മാണ മേഖല കാത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |