ചെന്നൈ: വടക്കേ ഇന്ത്യയെ മനസ്സിൽക്കണ്ടാണ് ബി.ജെ.പി മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോകുന്നതെന്ന് പിണറായി വിജയൻ. ഫെഡറലിസം കേന്ദ്രത്തിന്റെ സമ്മാനമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണ്. ചെന്നൈയിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ മണ്ഡല പുനർനിർണയത്തിനെതിരെ സംയുക്ത കർമ്മസമിതി രൂപീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരുടെ കേന്ദ്രീകൃത ഭരണത്തെ എങ്ങനെയാണ് ഇന്ത്യക്കാർ എതിർത്തതെന്നും അവരെ പുറത്താക്കിയതെന്നും ഓർക്കണം. ഇന്ത്യയുടെ നാനാത്വം രാജ്യത്തിന്റെ അടിസ്ഥാന തത്വമാണ്. കേരളത്തിലെ കുടുംബശ്രീയും തമിഴ്നാടിന്റെ സ്‌കൂളുകളിലെ ഉച്ചയൂണും മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കി. കേന്ദ്രീകൃത നീക്കം അത്തരം കാര്യങ്ങൾ അനുവദിക്കില്ല.
ഒരു ഭാഗത്ത് ജനസംഖ്യാ നിയന്ത്രണത്തെ മികച്ച രീതിയിൽ നടപ്പാക്കിയതിന് കേരളത്തെ പുകഴ്ത്തുന്നു. മറുഭാഗത്ത് ജനസംഖ്യ കുറവാണെന്നു പറഞ്ഞു പണം തരാതിരിക്കുന്നു. 1976ലെ ജനസംഖ്യാ നിയന്ത്രണ നയം കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ മാത്രമാണ് ഫലപ്രദമായി നടപ്പാക്കിയത്. എന്തിനാണ് ഇത്രയും ധൃതിപിടിച്ച് മണ്ഡല പുനർനിർണയം? കഴിഞ്ഞ സെൻസസിൽ വെറും നാലു ശതമാനത്തിന്റെ ജനസംഖ്യാ വർദ്ധനയേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ. അമിത് ഷാ സംസാരിക്കുന്ന പ്രോ റാറ്റ ബേസിസ് എന്താണ്?
ദേശീയ ജനസംഖ്യാനയം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ഇതിനകം മറ്റൊരു വിധത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നു. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 1.925 ശതമാനമായെന്നും പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |