കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് മുതൽ ഒമ്പത് വരെയുമുള്ള പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർ 50,000 രൂപ പിഴയും അടയ്‌ക്കണം. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമാണ് ഈ പ്രതികൾ. പതിനൊന്നാം പ്രതി പ്രദീപന് മൂന്ന് വർഷം തടവും 25,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിൽ ആകെ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നാം പ്രതി ഉൾപ്പെടെ രണ്ടുപേർ വിചാരണയ്‌ക്കിടെ മരിച്ചിരുന്നു. വെള്ളിയാഴ്‌ച കേസിലെ പത്താം പ്രതിയെ കോടതി വെറുതേവിട്ടിരുന്നു. ശിക്ഷ ലഭിച്ച ഒമ്പതുപേരും സിപിഎം പ്രവർത്തകരാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരജ്, ടിപി കേസ് പ്രതി ടിവി രജീഷ്, യോഗേഷ്, ഷംജിത്ത് എന്ന ജിത്തു, സജീവൻ, പ്രഭാകരൻ, പത്മനാഭൻ, രാധാകൃഷ്‌ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പിഴത്തുക സൂരജിന്റെ ബന്ധുക്കൾക്ക് നൽകണം.
2005 ഓഗസ്റ്റ് ഏഴിന് മുഴപ്പിലങ്ങാട് ബീച്ചിൽ വച്ചാണ് സിപിഎം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുമ്പും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിച്ചത്. കൊല്ലപ്പെടുമ്പോൾ സൂരജിന് 32 വയസായിരുന്നു. തുടക്കത്തിൽ പത്തുപേർക്കെതിരെയാണ് കേസെടുത്തിരുന്നതെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |