മലയാള സിനിമയിൽ മുതിർന്ന സ്‌ത്രീ വേഷങ്ങൾ വളരെ തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്ന നടിയാണ് സേതുലക്ഷ്മി. പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിവുള്ള നടി. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സേതുലക്ഷ്മി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടി മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'ചെറിയ വേഷങ്ങൾ ചെയ്തിരുന്ന കാലം മുതൽ മോഹൻലാലിനെ പരിചയമുണ്ട്. എന്നോട് എപ്പോഴും സ്‌നേഹത്തോടെ മാത്രമേ സംസാരിക്കുകയുള്ളൂ. എനിക്കും അദ്ദേഹത്തോട് അതേ സ്‌നേഹമാണ്. ആദ്യകാലങ്ങളിൽ മോനേ എന്നായിരുന്നു ഞാൻ മോഹൻലാലിനെ വിളിച്ചിരുന്നത്. പുള്ളിക്കും അങ്ങനെ വിളിക്കുന്നത് ഇഷ്ടമാണ്. എന്നാൽ പിന്നീട് പട്ടാളത്തിൽ വലിയ ഓഫീസറായപ്പോൾ അങ്ങനെ വിളിക്കാൻ പേടിയായി. പഴയുപോലെ സിനിമാനടൻ മാത്രമല്ല അദ്ദേഹം, പട്ടാളക്കാരനെ മോനെ എന്നുവിളിച്ചാൽ പ്രശ്നമാകുമോയെന്ന് പേടിച്ചു. അതുകൊണ്ട് സർ എന്നാണ് ഇപ്പോൾ വിളിക്കുന്നത്. എന്നെ കാണുമ്പോഴെല്ലാം അടുത്ത് വിളിച്ച് സംസാരിക്കും. മകന് സുഖമില്ലാതായപ്പോൾ വിളിച്ച് വിവരം അന്വേഷിച്ചിരുന്നു. നല്ല പെരുമാറ്റവും സ്വഭാവവുമാണ് അദ്ദേഹത്തിന്'- ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
താൻ ഒന്നും ആവശ്യപ്പെടാതെയാണ് മോഹൻലാൽ സഹായിച്ചിട്ടുളളതെന്ന് മറ്റൊരു അഭിമുഖത്തിൽ സേതുലക്ഷ്മി പറഞ്ഞിട്ടുണ്ട്. 'എന്റെ മകന്റെ ചികിത്സയ്ക്ക് ഒരുപാട് ഒരുപാട് സഹായിച്ചിട്ടുണ്ട്. മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ എനിക്ക് നല്ല ശമ്പളം കിട്ടിയിട്ടുണ്ട്. ഇരട്ടി പണം കിട്ടും. പുലിമുരുകൻ സിനിമയിൽ ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം കിട്ടിയിരുന്നു. മനസറിഞ്ഞ് മോഹൻലാൽ സഹായിച്ചിട്ടുണ്ട്'- എന്നും അവർ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |