തിരുവനന്തപുരം: വിശുദ്ധ തൈലാഭിഷകത്തോടെയും സന്നിഹിതരായ ബിഷപ്പുമാരുടെ കൈവയ്പോടെയും പ്രാർത്ഥനയോടെയും നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ സഹമെത്രാനായി ബിഷപ്പ് ഡോ.ഡി.സെൽവരാജൻ അഭിഷിക്തനായി.
മുഖ്യകാർമ്മികനായ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ, സഹകാർമ്മികരായ ആർച്ച് ബിഷപ് ഡോ.തോമസ്.ജെ.നെറ്റോ, ബിഷപ്പ് ഡോ.സിൽവെസ്റ്റർ പൊന്നുമുത്തൻ എന്നിവർ അധികാര ചിഹ്നങ്ങളായ മോതിരം, അംശമുടി എന്നിവ ധരിപ്പിച്ചു. അംശദണ്ഡും കൈമാറി. ഇതോടെ, നെയ്യാറ്റിൻകര രൂപതയുടെ പിൻതുടച്ചാവകാശമുള്ള ബിഷപ്പായി അഭിഷിക്തനായ ഡോ.സെൽവരാജൻ, ഡോ.വിൻസെന്റ് സാമുവൽ ആഗസ്റ്റിൽ സ്ഥാനമൊഴിയുന്നതോടെ രൂപതാദ്ധ്യക്ഷനായി ചുമതലയേൽക്കും.
40ഓളം ബിഷപ്പുമാരും 300ലധികം വൈദികരും സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലെ വേദിയിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഉച്ചയ്ക്ക് 3.30യോടെ സ്റ്റേഡിയത്തിലെത്തിയ ഡോ.സെൽവരാജനെയും ബിഷപ്പുമാരെയും കത്തിച്ച മെഴുകുതിരികൾ, ബൈബിൾ, അംശവടി എന്നിവ വഹിച്ച അൾത്താര ബാലന്മാരും വൈദികരും ചേർന്ന് പ്രദക്ഷിണമായി വേദിയിലേക്ക് ആനയിച്ചു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ നിയമന ഉത്തരവ് രൂപത ചാൻസലർ ഫാ.ജോസ് റാഫേലും വൈസ് ചാൻസലർ ഫാ.അനുരാജും വായിച്ചു. തുടർന്ന് മെത്രാനാകുന്നതിന് സന്നദ്ധത പ്രഖ്യാപനം നടത്തിയ ഡോ.സെൽവരാജിനെ മുഖ്യകാർമ്മികരും മറ്റുള്ള മെത്രാന്മാരും ചേർന്ന് കൈവയ്പ് കർമ്മം നടത്തിയതിന് ശേഷം സുവിശേഷഗ്രന്ഥ ആരോപണവും പ്രതിഷ്ഠാപന പ്രാർത്ഥനയും നടത്തി മെത്രാൻമാരുടെ ഗണത്തിലേക്ക് ചേർത്തു. അതിനുശേഷം തൈലാഭിഷേക കർമ്മവും അധികാര ചിഹ്നങ്ങൾ അണിയിക്കലും നടത്തി. ബിഷപ്പുമാർ സമാധാന ചുംബനം നൽകിയതിനുശേഷം അഭിഷേകം ചെയ്യപ്പട്ട ബിഷപ്പിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാന പൂർത്തിയാക്കിയാണ് ചടങ്ങുകൾ അവസാനിച്ചത്.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ.ലിയോപോൾഡോ ജിറേലി,സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം, ബിഷപ്പുമാരായ ഡോ.സ്റ്റാൻലി റോമൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാത്യൂസ് മാർ പോളിക്കാർപ്പോസ് തുടങ്ങിയവർ പങ്കാളികളായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ, എം.എൽ.എമാരായ എം.വിൻസെന്റ്, കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ചാണ്ടി ഉമ്മൻ, കോൺഗ്രസ് നേതാക്കളായ വി.എസ്.ശിവകുമാർ, എൻ.ശക്തൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ.കെ.വി.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |