രാജ്യത്തിന്റെ വളർച്ചയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ ചെറുതല്ല. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ അഭിമാനസ്തംഭങ്ങളായി ഉയർന്നുവന്നത്. സർക്കാർ ഉടമസ്ഥതയിൽ വരുന്ന സ്ഥാപനങ്ങൾ ഭാവിയിൽ ജനങ്ങൾക്ക് ഗുണകരമാവുമെന്നും, അമിത ലാഭത്തിനു ശ്രമിക്കാതെ സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിർമ്മിതിക്ക് ഉതകുമെന്നുമുള്ള സങ്കൽപ്പത്തിലാണ് ഈ സ്ഥാപനങ്ങൾക്ക് ബീജാവാപം നൽകിയത്. സിദ്ധാന്തപരമായി ഇത് മികച്ച ആശയമായിരുന്നെങ്കിലും പ്രയോഗത്തിൽ വന്നപ്പോൾ ബഹുഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളും കാലാന്തരത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി മാറി എന്നത് നമുക്കു മുന്നിലുള്ള യാഥാർത്ഥ്യമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയതിനൊപ്പം സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു നയം ഭരണാധികാരികൾ പിന്തുടർന്നില്ല. ഇന്ത്യയുടെ വളർച്ച, കെട്ടിക്കിടക്കുന്ന ജലം പോലെ സ്തംഭനാവസ്ഥയിൽ വർഷങ്ങളോളം തുടരാൻ സ്വകാര്യ മേഖലയെ ചൂഷകരായി മാത്രം കണ്ട ഈ തെറ്റായ തീരുമാനം ഇടയാക്കി. ഇക്കാണുന്ന വളർച്ചകളെല്ലാം പാശ്ചാത്യ രാജ്യങ്ങൾ നേടിയത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമായിരുന്നു. അതിൽ പ്രധാന പങ്കു വഹിച്ചത് സ്വകാര്യ മേഖല തന്നെയാണ്. എന്നാൽ ഇന്ത്യയിൽ ലൈസൻസ് രാജിന്റെ പേരിൽ അത് തടയപ്പെടുകയാണ് ചെയ്തത്. പഴയ കാലങ്ങളിൽ ദേശസാൽക്കരണത്തിനാണ് ജനങ്ങൾ കൈയടിച്ചിരുന്നത്. ടാറ്റ കമ്പനി നല്ല നിലയിൽ നടത്തിയിരുന്ന ടാറ്റ എയർലൈൻസ് പോലും ദേശസാൽക്കരിച്ച് എയർ ഇന്ത്യയാക്കി മാറ്റുകയാണ് അന്നത്തെ ഭരണാധികാരികൾ ചെയ്തത്. ലക്ഷക്കണക്കിനു കോടികൾ നഷ്ടത്തിലായ ആ കമ്പനി ദശാബ്ദങ്ങൾക്കു ശേഷം ടാറ്റാ കമ്പനിക്കുതന്നെ തിരിച്ചുനൽകേണ്ടിവന്നു.
നികുതി പിരിവും സാമൂഹ്യ സേവന പദ്ധതികളുമൊക്കെ സർക്കാരിന് നല്ല രീതിയിൽ നടത്താനാവും. എന്നാൽ യാതൊരു പിടിപാടുമില്ലാത്ത ബിസിനസ് രംഗത്തേക്കിറങ്ങിയാൽ പൊളിയുമെന്നതാണ് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിവയ്ക്കുന്ന നഷ്ടക്കണക്ക് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന സർക്കാരിനു കീഴിൽ ആകെ 149 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ 77 ഉം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 18 എണ്ണം പേരിനു പോലും പ്രവർത്തനമില്ലാത്തവയാണ്. 54 എണ്ണം മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന് ഇതാദ്യമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നു. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കപ്പെട്ടു. ഇനി ഇതിൽ നിർണായകമായ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
വർഷങ്ങളായി സർക്കാർ വായ്പയെടുത്തു നൽകിയും മറ്റും പരിപാലിക്കുന്ന 36 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വായ്പയുടെ പലിശ പോലും നൽകാനായിട്ടില്ല. ഇത്തരം സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സ്വകാര്യ സ്ഥാപനങ്ങളും മറ്റും തയ്യാറായാൽ അത് വിട്ടുകൊടുക്കുന്നതാണ് സർക്കാരിന്റെ ഖജനാവിനും അവിടെ ജോലിചെയ്യുന്നവർക്കും നല്ലത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ സർക്കാർ ഇത്തരം കമ്പനികൾക്കു നൽകുന്ന സഹായങ്ങൾ നിറുത്താൻ നിർബന്ധിതമാകുകയും കമ്പനിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടയുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർക്കാരിന് വരുത്തിവച്ച നഷ്ടം 18,026 കോടിയാണ്. സ്വകാര്യ നിക്ഷേപത്തിന് അനുകൂലമായി നയംമാറ്റുക എന്നതാണ് ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |