തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍റിംഗ് റോഡിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. റോഡിനുള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അന്തിമാനുമതി അടുത്ത മാസം ലഭിച്ചേക്കും.
തുടര്‍ന്ന് സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും. ഒക്ടോബറില്‍ റോഡ് നിര്‍മ്മാണം ആരംഭിക്കാവുന്ന വിധത്തിലാണ് ദേശീയപാത അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.
ഏപ്രിലില്‍ത്തന്നെ ടെന്‍ഡര്‍ ചെയ്ത് മേയില്‍ നിര്‍മ്മാണക്കരാര്‍ ഒപ്പുവയ്ക്കാനാകുമെന്നാണ് ദേശീയപാത അതോറിട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സംസ്ഥാനം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് ഇത് ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാത അതോറിട്ടിയേറ്റെടുത്തു. എന്നാല്‍, സ്ഥലമേറ്റെടുക്കലിന്റെ സാമ്പത്തികബാദ്ധ്യതയെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം കാരണം പദ്ധതി നീണ്ടുപോയി. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെയാണ് സംസ്ഥാനം ആദ്യം എതിര്‍ത്തത്. എന്നാല്‍, ഇപ്പോള്‍ സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് വഹിക്കാമെന്ന് കേരളം കഴിഞ്ഞ വര്‍ഷം സമ്മതിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായതോടെ മൂന്നുവര്‍ഷത്തിനുള്ളില്‍ ഔട്ടര്‍ റിംഗ് റോഡ് യാഥാര്‍ത്ഥ്യമാക്കാനാണ് നീക്കം.
ആകെ 24 വില്ലേജുകള്‍
ഔട്ടര്‍റിംഗ് റോഡ് കടന്നുപോകുന്നത് 24 വില്ലേജുകളിലൂടെയാണ്. ഇതില്‍ 11 വില്ലേജുകളില്‍ മാത്രമാണ് സ്ഥലം ഏറ്റെടുക്കലിന്റെ അവസാന ഘട്ടമായ 3 ഡി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 13 വില്ലേജുകളില്‍ ആദ്യഘട്ടത്തിലെ 3എ വിജ്ഞാപനമാണ് പുറത്തിറക്കിയിട്ടുള്ളത്. നെയ്യാറ്റിന്‍കര, വിളപ്പില്‍ശാല, വെമ്പായം, കിളിമാനൂര്‍ എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെ നിയമിച്ചാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്.
എന്‍.എച്ച് 866
- വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് എന്‍.എച്ച് 866 (ദേശീയപാത 866) എന്നറിയപ്പെടും
- പദ്ധതിച്ചെലവ് - 7900 കോടി (സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ)
- ദേശീയപാത അതോറിട്ടി ചെലവഴിക്കുന്നത് - 3918 കോടി രൂപ
- 2028ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍
- ദൂരം നിലവില്‍ 62.70 കിലോമീറ്റര്‍
- ഏറ്രെടുക്കേണ്ടത് 291.8 ഹെക്ടര്‍ ഭൂമി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |