ബോളിവുഡിൽ അരങ്ങേറ്രം നടത്തി തൻവി റാം. സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും നായകനും നായികയുമായ റൊമാന്റിക് ചിത്രം 'പരം സുന്ദരി"യിൽ അഭിനയിച്ചാണ് തൻവി റാം ഹിന്ദിയിൽ എത്തുന്നത് . മലയാളത്തിലും തെലുങ്കിലും തിളങ്ങുമ്പോൾ അപ്രതീക്ഷിതമായി 'പരം സുന്ദരി"യുടെ ഭാഗമാകാൻ അവസരം. നായികയായി അഭിനയിച്ച 'അഭിലാഷം' തിയേറ്രറിൽ ശ്രദ്ധ നേടുന്നതാണ് തൻവിയുടെ മറ്റൊരു വിശേഷം.
ബോളിവുഡിൽ എങ്ങനെ എത്താൻ സാധിച്ചു ?
ഒരു ദിവസം കൊണ്ട് സംഭവിച്ചതാണ് എല്ലാം. മുംബയിലെ കാസ്റ്റിംഗ് കമ്പനിയിൽ നിന്ന് വിളി വന്നതാണ്. മൂന്നു മാസം ഓഡിഷൻ ഉണ്ടായിരുന്നു എന്ന് അവർ പറഞ്ഞു. സിനിമയുടെ അസോസിയേറ്റ്ഡയറക്ടർ വൈശാഖ് മലയാളി ആണ്. വൈശാഖ് പറഞ്ഞിട്ടാണ് എന്നെ വിളിച്ചത് . ഒാൺലൈനിലാണ് ആദ്യ കോണ്ടാക്ട് ചെയ്തത്. ഉച്ചയ്ക്ക് വിശദമായി സ്ക്രിപ്ട് പറഞ്ഞു. വൈകിട്ട് സൂം മീറ്റിംഗ്. രാത്രി കൺഫോം ആയി. ഏഴുദിവസത്തെ ഷൂട്ട് കഴിഞ്ഞു. ക്യാരക്ടർ റോളാണ് ചെയ്യുന്നത്. ഇനി പത്തുപന്ത്രണ്ട് ദിവസം കൂടിയുണ്ട്.തുഷാർ ജലോട്ട ആണ് സംവിധായകൻ.ജൂലായ് റിലീസായാണ് പ്ലാൻ ചെയ്യുന്നത്.
അഭിലാഷത്തിലെ കഥാപാത്രം പരിചിതയായ ആളാണോ ?
ജനിച്ചുവളർന്നത് ബംഗ്ളൂരാണെങ്കിലും കണ്ണൂരിലെ കല്യാശേരിയാണ് നാട്. അഭിലാഷത്തിലെ ഷെറിൻ മൂസ മലബാറുകാരിയായതിനാൽ ഭാഷ ബുദ്ധിമുട്ടായില്ല.കഥാപാത്രവും ഞാനുമായി തീരെ ബന്ധമില്ല. ഷെറിന്പക്വതയുണ്ട്. നാലുവയസുള്ള മകളുമുണ്ട്. ഒരുപാട് വിഷമങ്ങൾ ഉണ്ടെങ്കിലും ചുറ്റും ഉള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ആളാണ് . മുംബയിൽനിന്ന് കുറച്ചുകാലത്തിനുശേഷം നാട്ടിൽ വരുന്ന ഷെറിൻ ക്ളാസ്മേറ്റ്സായിരുന്ന അഭിലാഷിനെയും അജേഷിനെയും കാണുന്നു. ഇവർക്കും ഷെറിന്റെ വീട്ടുകാർക്കും ഇടയിൽ നടക്കുന്ന കഥയാണ്.
സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയോ ?
തുടക്കം മുതൽ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. മുൻപ് സംവിധായകൻ പറയുന്നതുപോലെ ചെയ്യുന്നതായിരുന്നു രീതി. ഒരാഴ്ചയെയോ പത്ത് ദിവസത്തിന് അകത്തോ ആയിരുന്നു ഇതുവരെ ചെയ്ത സിനിമയുടെ ഷൂട്ട് . '2018 "നു ശേഷമാണ് സിനിമയിൽ എത്തി എന്ന് തോന്നി തുടങ്ങുന്നത്. ആ സിനിമയുടെ എല്ലാ വിജയാഘോഷത്തിലും പങ്കെടുക്കാൻ സാധിച്ചു.'2018" ന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പങ്കെടുപ്പിച്ചായിരുന്നു ആഘോഷങ്ങൾ.ക്യാമറയിലെയും എഡിറ്റിംഗിലെയും ആർട്ടിലെയും ശബ്ദ ലേഖനത്തിലെയും ആളുകളെ പരിചയപ്പെടാനും അവരുടെ ജോലി എന്തെന്ന് മനസിലാക്കാനും കഴിഞ്ഞു. മുൻപ് ലൊക്കേഷനിൽ പോകും, അഭിനയിക്കുക എന്നതായിരുന്നു രീതി. കുറച്ചുദിവസത്തെ ഷൂട്ട് മാത്രമായതിനാൽ സെറ്റിൽ സുഹൃത്തുക്കളെ ഉണ്ടാക്കാൻ കഴിഞ്ഞില്ല. അഭിലാഷത്തിലേക്ക് വരുമ്പോൾ കുറച്ചുകൂടി സിനിമയിൽ മുഴുകാൻ സാധിച്ചു.
അത് എത്രമാത്രം സഹായിച്ചു ?
ഒരുമാസത്തെ ഷൂട്ട് ഉണ്ടായിരുന്നു. സംവിധായകൻ ഷംസുവും ക്യാമറമാൻ സജാദ് കാക്കുവും സ്പേസ് തന്നു. എല്ലാവരും സ്പേസ് തരണമെന്നില്ല. സമയം കിട്ടുമ്പോഴെല്ലാം ലൊക്കേഷനിൽ പോയി. ഡയറക്ഷൻ ടീമിൽ എന്തെല്ലാം നടക്കുന്നുവെന്ന് ആദ്യമായാണ് കുറച്ചുകൂടി ആഴത്തിൽ അറിയുന്നത്. അഭിനയമല്ലാതെ മറ്റു മേഖലയിലും ഇത്രയും രസമുണ്ടെന്ന് അറിഞ്ഞു. എല്ലാവരും ഒരുമിച്ചുള്ള സ്ക്രിപ്ട് വായനയും പ്രീ പ്രൊഡക്ഷനും ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷനും പ്രൊമോഷനും. എല്ലാത്തിന്റെയും ഭാഗമാകണമെന്ന വളരെ വലിയ ആഗ്രഹം കുറച്ചെങ്കിലും നടന്നത് അഭിലാഷത്തിലാണ്.സിനിമയെ കൂടുതൽ അടുത്തറിയുന്നത് തീർച്ചയായും കരിയറിൽ ഗുണം ചെയ്യും. കഥാപാത്രത്തിനുവേണ്ടി ലുക്ക് മാറ്രി. ശരീരഭാരം എട്ടുകിലോ കൂടി. ഇനി വരുന്ന സിനിമയിലും നല്ല കഥാപാത്രമാണ് നോക്കുന്നത്.
കഥാപാത്രമായി മാറാൻ കഴിയാറുണ്ടോ?
കഥാപാത്രത്തെപ്പറ്റിയും കഥയെപ്പറ്റിയും സംവിധായകൻ വിശദീകരിക്കും. സിനിമയിൽ കാണിക്കാത്ത പിന്നാമ്പുറ കഥ എല്ലാ കഥാപാത്രത്തിനും ഉണ്ടാകും. അഭിലാഷത്തിലെ ഷെറിന്റെ ഉള്ളിൽ വിഷമങ്ങളുണ്ട്. അതു മറികടക്കാനാണ് നാട്ടിൽ വന്നത്. ഓരോ സീൻ ചെയ്യുമ്പോഴും ആലോചിക്കാറുണ്ട്. ആ സമയത്ത് കഥാപാത്രം എങ്ങനെയാകും പെരുമാറുക എന്ന്. എന്നാൽ ഞാൻ പ്രകടിപ്പിക്കുന്നത് എന്റെ വികാരങ്ങൾ തന്നെയായിരിക്കും. സംവിധായകൻ ഓകെ എങ്കിൽ അതിൽ ഉറച്ചു നിൽക്കും. അല്ലെങ്കിൽ കുറച്ചുകൂടി നന്നാക്കാൻ കഴിയുമെന്ന് തോന്നിയാൽ മാത്രമേ ഒരു തവണ കൂടി എടുക്കാൻ പറ്റുമോ എന്ന് ചോദിക്കാറുള്ളൂ. കഥാപാത്രത്തിലൂടെ തന്നെ സഞ്ചരിക്കാൻ ശ്രമം നടത്താറുണ്ട്. ലുക്മാന്റെ നായികയായി അഭിനയിച്ച സിനിമ റിലീസിനുണ്ട്. എന്റെ നാട്ടിലും ചുറ്റുവട്ടത്തും ചിത്രീകരിച്ച സിനിമയായതിനാൽ കാത്തിരിപ്പിലാണ് . പുതിയ കഥകൾ കേൾക്കുന്നുണ്ട്. കമ്മിറ്റ് ചെയ്തതുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |