തൃശൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉൾപ്പെട്ട ഒരു ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നു! അതിനു കാരണം, ആ ഫോട്ടോയ്ക്കു താഴെ വരുന്ന, കരിവിളക്ക്, കറുത്ത വാവ് എന്നിങ്ങനെയുള്ള പരിഹാസദ്യോതകമായ കമന്റുകളാണ്. ഒരാളുടെ നിറത്തെ മാത്രം ആധാരമാക്കിയുള്ള ഇത്തരം പ്രയോഗങ്ങൾ സമൂഹത്തിന്റെ ഒരു പൊതുമനോഭാവം തുറന്നുകാണിക്കുന്നുണ്ട് എന്നു തീർച്ച.
ഒരു പരിഷ്കൃത സമൂഹമായി വളർന്നുവെന്ന് നമ്മൾ മേനി പറയാറുണ്ട്. എന്നാൽ, വനിതയും സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരുമായ ഒരു വ്യക്തി, ചർമ്മത്തിന്റെ നിറത്തെ ആധാരമാക്കി പൊതുമാദ്ധ്യമങ്ങളിൽ ഇത്രയുമൊക്കെ വക്രദൃഷ്ടിക്ക് ഇരയാകുന്നു എന്നത് നമ്മുടെ സാമൂഹിക ധാരണകളുടെ പിഴവാണ് വീണ്ടും തെളിയിക്കുന്നത്. നിറത്തിനെതിരെ നാം ഉള്ളിൽ സൂക്ഷിച്ചിട്ടുള്ള അബദ്ധവിചാരങ്ങളുടെ ജീർണതയാണ് അതിലൂടെ വെളിപ്പെടുന്നത്.
ഈ വിഷയത്തെ ഭരണഘടനയുടെ പരിധിയിലേക്ക് കൊണ്ടുവന്നാൽ, അത് ഒരാളുടെ ജീവിതാവകാശം, വ്യക്തി മനോനില, ഗൗരവം എന്നിവയെ നേരിട്ടു ബാധിക്കുന്ന പ്രശ്നമാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദം, ഓരോ പൗരനും നിയമത്തിനു മുമ്പിൽ സമത്വം ഉറപ്പാക്കുന്നു. പതിനഞ്ചാം അനുച്ഛേദമാകട്ടെ, മതം, ജാതി, ലിംഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള വിവേചനം നിരോധിക്കുന്നു. നിറം എന്നത് നേരിട്ട് വിവരിച്ചിട്ടില്ലെങ്കിലും, ജാതിയും വർണവിവേചനവും തമ്മിലുള്ള ബന്ധം കാണുന്ന പ്രകൃതിയിൽ ഇതിനെ ഉൾപ്പെടുത്താവുന്നതാണ്.
അതോടൊപ്പം തന്നെ, ഇരുപത്തിയൊന്നാം അനുച്ഛേദം, ഓരോ വ്യക്തിക്കും അന്തസോടെയുള്ള ജീവിതാവകാശം ഉറപ്പുനൽകുന്നു. പൊതുസ്ഥലത്ത് നിറത്തെ ആധാരമാക്കി നടത്തുന്ന അപമാനം ഈ അവകാശം ലംഘിക്കുന്നുണ്ട്. ഇത് ക്രിമിനൽ നിയമങ്ങളിൽ പറയുന്ന അന്തസിന്റെ പരിധിയിലും ഉൾപ്പെടുന്നതാണ്. ഭാരതീയ ന്യായ സംഹിതയിലെ 356-ാം വകുപ്പ് പ്രകാരം അപകീർത്തിപ്പെടുത്തൽ നിയമവിരുദ്ധമാണ്. രണ്ടുവർഷം തടവും സാമൂഹ്യ സേവനം ശിക്ഷയുമാണ്. ആരുടെയെങ്കിലും മതിപ്പ്, മാന്യത എന്നിവയ്ക്ക് ഭംഗം വരുന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് കുറ്റം ചുമത്താനാവും.
ഭാരതീയ ന്യായസംഹിതയിലെ 352-ാം വകുപ്പ് പ്രകാരം ഉദ്ദേശ്യത്തോടെയുള്ള അപമാനവും ഇതിൽപ്പെടുന്നു. രണ്ടു വർഷമാണ് ഇതിന് ശിക്ഷ. പിഴയും ഉണ്ടാകാം. അതോടൊപ്പം, ഐ.ടി ആക്ട് സെക്ഷൻ 67 പ്രകാരം, സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ അസഭ്യമായതോ, വംശീയപരമായതോ അല്ലെങ്കിൽ അപമാനകരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന കുറ്റത്തിന് നിയമപരമായ അച്ചടക്ക നടപടി നേരിടേണ്ടിവരും. ഇതിൽ ജാതിയുമായി ബന്ധപ്പെട്ട വംശീയമായ അധിക്ഷേപങ്ങൾ ഉണ്ടെങ്കിൽ, അതിക്രമ നിയന്ത്രണ നിയമമായ എസ്.സി/ എസ്.ടി ആക്ടും ബാധകമാകാം.
നിറത്തെ ഒരു സാമൂഹിക അധിക്ഷേപത്തിനായി ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കിൽ, നിയമപരമായ കർശനതയുണ്ട്. അതിനാൽത്തന്നെ ഇത്തരം കമന്റുകൾ അപ്രത്യക്ഷമാവേണ്ടത് ഫേസ്ബുക്കിന്റെ നോട്ടിഫിക്കേഷനിലൂടെയല്ല, കോടതി വിധികളിലൂടെയാവണം. ശാരദാ മുരളീധരൻ പോസ്റ്റിൽ പങ്കുവച്ചത് വ്യക്തിപരമായ ഒരു ദുരനുഭവം എന്നതിലുപരി, സമൂഹത്തിലെ രാഷ്ട്രീയവും സംസ്‌കാരവും മാനദണ്ഡങ്ങളും മറ്റും സംസാരിത്തിലും പെരുമാറ്റത്തിലും അതീവ ശ്രദ്ധ വേണമെന്ന ഓർമ്മപ്പെടുത്തലാണ്. അതിന് മറുപടി പറയേണ്ടത് പിന്തുണകളിലൂടെയല്ല, നിയമപരമായ തിരിച്ചടിയിലൂടെയാണ്. അവരുടെ നിറം രാഷ്ട്രീയമാണ്. അതിന്റെ ന്യായം ഈ സമൂഹം പഠിക്കേണ്ടത് ഇപ്പോഴാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |