തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിനെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവേ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. വോളന്ററി മോഡിഫിക്കേഷന് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.
ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്റംഗി എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും. തിങ്കളാഴ്ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാക്കുക. സെന്‍സര്‍ ബോര്‍ഡില്‍ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനുശേഷമുള്ള സിനിമ കാണുക.
അതേസമയം, എമ്പുരാനെതിരായ ബിജെപിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. എമ്പുരാന്‍ സിനിമയ്ക്കെതിരായ ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. സെക്രട്ടറിയേറ്റിന് മുന്നില്‍ അങ്കണവാടി ജീവനക്കാരുടെയും ആശാപ്രവര്‍ത്തകരുടെയും സമരവേദി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, എമര്‍ജന്‍സി പോലുള്ള സിനിമകള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവയായിരുന്നു. ബിജെപി അതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നു. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. എക്കാലവും വര്‍ത്തമാനകാല രാഷ്ട്രീയം സിനിമകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അത് ചിലര്‍ക്ക് എതിരും അനുകൂലവുമാകും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണതെല്ലാം. തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്ന് ബിജെപി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |