സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. നടന്മാരിൽ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മറ്റൊരാൾ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബിജു സോപാനം ഇപ്പോൾ.
കേസ് വന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസം പുറത്തിറങ്ങാൻ മടിയായിരുന്നെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇപ്പോൾ ധൈര്യമായിരിക്കാൻ കാരണം അങ്ങനെയൊരു കാര്യം ചെയ്തിട്ടില്ലെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. മുൻകൂർ ജാമ്യം ലഭിക്കാൻ വലിയ പാടൊന്നുമുണ്ടായിരുന്നില്ലെന്നും കോടതിക്ക് എന്താണെന്ന് ബോദ്ധ്യമായെന്നും നടൻ കൂട്ടിച്ചേർത്തു.
'എന്തുകൊണ്ട് പെട്ടെന്ന് തുറന്നുപറഞ്ഞില്ലെന്ന് പലരും ചോദിച്ചു. എന്റെ കലാജീവിതം ആരംഭിക്കുന്നത് മുപ്പത് വർഷം മുമ്പാണ്. അതിനിടയിൽ ഇതുവരെ ഇങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല. എല്ലാവരുമായും വളരെ സൗഹാർദപരമായിട്ടാണ് മുന്നോട്ടുപോയത്. പിന്നെ പ്രോഗ്രാമിൽ ചില തർക്ക വിഷയങ്ങൾ ഉണ്ടാകും. കാരണം ആദ്യത്തെ എപിസോഡ് മുതൽ ഞാൻ ഉള്ള സമയം വരെ സ്‌ക്രിപ്ട് അടക്കം എല്ലാ കാര്യത്തിലും ഞാൻ ഇടപെടും. എനിക്ക് എന്തൊക്കെ പ്രകടിപ്പിക്കാൻ പറ്റുമെന്നതിന്റെ പ്ലാറ്റ്‌ഫോം കൂടിയാണ്. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്.
തിരുത്തലിനൊക്കെ അനുവാദം തന്നിട്ടുണ്ട്. ഇതിന്റെ പേരിൽ പല തർക്ക വിഷയങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. അകത്താക്കുമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. അതൊന്നും കാര്യമായിട്ടെടുത്തില്ല. അതിന്റെ ഭാഗമാണോ ഇതെന്ന് എനിക്കറിയില്ല. ഒരു ലൈംഗിക അതിക്രമമെന്ന പേരിൽ ആര് പരാതി കൊടുത്താലും അറസ്റ്റാണ്. എഫ് ഐ ആർ ഇടും. ആദ്യമായിട്ട് ഇങ്ങനെയൊക്കെ വരുമ്പോൾ നമ്മൾ പേടിച്ച് പോകും. നമ്മൾ മാത്രമല്ല കുടുംബം പേടിച്ച് പോകും.
എനിക്കൊരു മകളുണ്ട്. പരാതി കൊടുത്തത് ഒരു സ്ത്രീയാണെന്നറിയാം. എന്റെ ഭാര്യ സ്ത്രീയല്ലേ, മകൾ സ്ത്രീയല്ലേ, അമ്മ സഹോദരിമാർ, ഇവരുടെയൊക്കെ ഇടയിൽ ഇറങ്ങി നടക്കാനാകുമോ. പക്ഷേ ധൈര്യമെന്താണ്, അങ്ങനെയൊരു സംഭവമില്ലെന്ന് എനിക്കറിയാം എന്നതാണ്. പക്ഷേ പറഞ്ഞാൽ വിശ്വസിക്കുമോ. ഇല്ല. അപ്പോൾ നമ്മൾ നിയമത്തിന്റെ വഴിയേ പോകണം. ആവശ്യമില്ലാതെ വായിട്ടലക്കാതെ നിയമോപദേശം തേടി. കൃത്യമായ ഗൈഡൻസ് കിട്ടി. കൃത്യമായ ഗൈഡൻസ് ഉണ്ടായിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. ഇപ്പോൾ സംസാരിക്കാൻ സമയമായി. അതിനും പരിധി ഉണ്ട്.
ലൈംഗികാതിക്രമം എന്നാണ് പറഞ്ഞിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാലൊക്കെ ലൈംഗികാതിക്രമമാണല്ലോ. പക്ഷേ ലൈംഗികാതിക്രമത്തിനൊപ്പം ഇത് വീഡിയോയിൽ പകർത്തി എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഞാൻ ഇതൊക്കെ കണ്ട് മിഥുനത്തിലെ ഇന്നസെന്റ് ചേട്ടനെപ്പോലെ നിൽക്കാൻ കാരണം അത്ര ധൈര്യമുണ്ട്. കാരണം ഈ വീഡിയോ പകർത്തിയെന്ന് പറയുന്ന മൊബൈൽ ഞാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. അവർ അതിനകത്ത് നോക്കട്ടേ. അത് വരട്ടെ, അതിനുള്ള സമയം എനിക്ക് തരണം. അപ്പോൾ എന്താണെന്നും ഗൂഢാലോചനയുടെ ഭാഗമാണോ, ആരെങ്കിലും പറഞ്ഞുതെളിയിച്ചതാണോയെന്നൊക്കെ മനസിലാകും.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |