കൊല്ലം: കരുനാഗപ്പള്ളി താച്ചയിൽ മുക്കിൽ ജിം സന്തോഷിനെ വീട് കയറി വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെ 3.45ഓടെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. പങ്കജിന്റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കേസിലെ ഒന്നാം പ്രതി അലുവ അതുൽ അടക്കം രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
മാർച്ച് 27ന് പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. സന്തോഷും അമ്മ ഓമനഅമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാജ നമ്പർ പതിച്ച ഇന്നോവ കാറിലാണ് ആറംഗ ഗുണ്ടാസംഘമെത്തിയത്. കാറ് റോഡുവക്കിൽ ഒതുക്കിയ ശേഷം നാലുപേർ നടന്ന് സന്തോഷിന്റെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയുടെ പ്രവർത്തനം നിലച്ചു. തുടർന്ന് സംഘം മൺവെട്ടിയും കോടാലിയും ഉപയോഗിച്ച് കതക് വെട്ടിപ്പൊളിച്ചു. സന്തോഷിന്റെ മുറിയെന്ന് കരുതി സംഘം ആദ്യം പൊളിച്ചത് ഓമനഅമ്മയുടെ മുറിയുടെ വാതിലായിരുന്നു. തുടർന്നാണ് സന്തോഷിന്റെ മുറിയുടെ കതക് തകർത്തത്.
മുറിക്കുള്ളിൽ കയറിയ സംഘം രണ്ട് പ്രാവശ്യം തോട്ട പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടെങ്കിലും അയൽവാസികൾ ഭയന്ന് പുറത്തിറങ്ങിയില്ല. അക്രമികൾ സന്തോഷിന്റെ നെഞ്ചിലും തലയിലും മുതുകിലും വാൾ കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സന്തോഷിന്റെ പേരിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ചങ്ങൻകുളങ്ങര സ്വദേശിയെ കുത്തിയ കേസിൽ 45 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് സന്തോഷ് പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |