തിരുവനന്തപുരം: കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവർ വഖഫ് ബില്ലിന്റെ വിഷയത്തിൽ അവർക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. വഖഫ് ഭേദഗതി ബില്ലിനെതിരെ നിലപാടെടുക്കുന്ന ശശിതരൂർ എംപിയുടെ ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനമ്പത്ത്‌പോയി അവിടത്തെ ജനങ്ങൾക്കൊപ്പം എന്ന് പറഞ്ഞ കേരളത്തിലെ ഇടത് വലത് എംപിമാർ മുനമ്പം ജനതയെ കബളിപ്പിക്കുകയായിരുന്നു. കേരള കാത്തലിക് ബിഷപ്പ് കൗൺസിലും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയും വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി നിൽക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവ സഭയുടെ നിർലോഭമായ പിന്തുണ നേടി വിജയിച്ച ശശിതരൂർ വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. പലകാര്യങ്ങളിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന ശശിതരൂരിന്റെ നിലപാടുകൾ ആത്മാർത്ഥതയുള്ളതാണെങ്കിൽ അദ്ദേഹം വഖഫ് ഭേദഗതിക്കനുകൂലമായ നിലപാട് സ്വീകരിക്കണം. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള സാധാരണക്കാരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വഖഫ് ഭേദഗതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ക്രൈസ്തവ സഭകളുടെ ആവശ്യങ്ങളോട് പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള കേരളത്തിലെ എംപിമാർ നിലപാട് വ്യക്തമാക്കണം. സാധാരണക്കാരന്റെ ആവശ്യങ്ങളോടും വസ്തുതകൾക്കുമൊപ്പമാണോ വർഗീയതയോടൊപ്പമാണോ ഇൻഡി മുന്നണി എംപിമാർ എന്ന് ജനങ്ങൾക്ക് തിരിച്ചറിയാനുള്ള അവസരമാണിത്. വഖഫ് ആധിപത്യത്തിനെതിരെ കേരളം ജുഡീഷ്യൽ കമ്മീഷനെ വച്ചത് ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്. ഈ വിഷയത്തിൽ ശാശ്വത പരിഹാരം നിയമഭേദഗതി മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ നേതാക്കൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വഖഫ് ഭേദഗതി ബില്ലിനനുകൂലമായ നിലപാട് സ്വീകരിക്കാൻ തയ്യാറാകാത്തവരെ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകരന്മാരായി വിലയിരുത്തപ്പെടുമെന്ന് ബിജെപി സംസ്ഥാന മീഡിയസോഷ്യൽമീഡിയ പ്രഭാരി അനൂപ് ആന്റണി പറഞ്ഞു. ഭരണഘടനയ്ക്ക് വിരുദ്ധമായി ചിലർക്ക് സ്വത്ത് കൊള്ളയടിക്കാൻ അവസരമൊരുക്കിയ കോൺഗ്രസ് നടപടിയാണ് വഖഫ് ആക്‌ടെന്നും രാജ്യത്തെ മതേതരത്വം നിലനിർത്താനുള്ള അവസരമാണെന്ന് തിരിച്ചറിഞ്ഞ് വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള സാമാന്യ മര്യാദ ജനപ്രതിനിധികൾ കാണിക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു. ബിജെപി തിരുവനന്തപുരം സിറ്റിജില്ലാപ്രസിഡന്റ് കരമന ജയൻ അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ശശി തരൂർ എംപിയുടെ ഔദ്യോഗിക വസതിക്ക് സമീപം പോലീസ് തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |