പശ്ചിമ ബംഗാളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരണം തുടരാനാണ് സാദ്ധ്യതയെന്ന് പി.ബി അംഗവും പശ്‌ചിമ ബംഗാൾ സെക്രട്ടറിയുമായ മുഹമ്മദ് സലിം പറഞ്ഞു . കേരളത്തോടൊപ്പം അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചിമ ബംഗാളിൽ സി.പി.എം പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മധുര പാർട്ടി കോൺഗ്രസ് ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യവേദിയായ മധുര തമുക്കം മൈതാനത്തെ കോടിയേരി നഗറിൽ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ നിലവിലെ ശക്തികേന്ദ്രമായ കേരളത്തിനും പഴയ പ്രതാപ കേന്ദ്രമായ പശ്ചിമ ബംഗാളിനുമിടയിൽ പ്രശ്‌നങ്ങളില്ലെന്നും പരസ്പര ബഹുമാനം നിലനിറുത്തുന്നുണ്ടെന്നും മുഹമ്മദ് സലിം കൂട്ടിച്ചേർത്തു.
? കേരളത്തിലെ സി.പി.എമ്മിന്റെ പ്രകടനം, ഭരണം.
കേരളത്തിലെ പ്രകടനത്തെക്കുറിച്ചോ, ഭരണത്തെക്കുറിച്ച് പറയാനോ, വിലയിരുത്താനോ ഞാൻ ആളല്ല. കേരളത്തിലെ കാര്യങ്ങൾ കേരളത്തിലെ നേതാക്കളും ബംഗാളിലേത് അവിടുത്തെ നേതാക്കളും നോക്കുന്നതാണ് രീതി. ഞങ്ങൾ പരസ്‌പര ബഹുമാനം സൂക്ഷിക്കുന്നു.
? സി.പി.എം അധികാരത്തിലുള്ള സംസ്ഥാനമാണല്ലോ കേരളം. താങ്കൾ പാർട്ടിക്ക് സ്വാധീനമുള്ള
മറ്റൊരു സംസ്ഥാനത്തെ നേതാവും...
അതുകൊണ്ടു തന്നെ അക്കാര്യങ്ങൾ സംസാരിക്കേണ്ടത് കേരളത്തിലെ നേതാക്കളാണ്. മറ്റു സംസ്ഥാനങ്ങളിലെ കാര്യങ്ങൾ പറയുന്നത് എന്റെ രീതിയുമല്ല.
? കോൺഗ്രസ് സഹകരണത്തിൽ ഘടകങ്ങൾക്കിടയിൽ ഭിന്നതയില്ലേ.
പശ്‌ചിമ ബംഗാളിലെ പ്രത്യേക സാഹചര്യത്തിലാണ് മുൻപ് കോൺഗ്രസുമായി സഹകരിച്ചത്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിർക്കാൻ വിശാല മതേതര കൂട്ടായ്‌മ വേണമെന്നതാണ് 24-ാം പാർട്ടി കോൺഗ്രസിന്റെയും നിലപാടെന്ന് ഉദ്ഘാടന സെഷനിൽ കോ-ഓർഡിനേറ്ററുടെ അടക്കം പ്രസംഗങ്ങളിൽ വ്യക്തമായല്ലോ.
? കോൺഗ്രസുമായുള്ള സഹകരണം തുടരുമെന്നാണോ.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുക്തമായ തീരുമാനമെടുക്കും.
? ബംഗാളിലെ തിരഞ്ഞെടുപ്പ് സാഹചര്യത്തെ പാർട്ടി എങ്ങനെ നേരിടുന്നു.
പാർട്ടിക്ക് നല്ല പ്രതീക്ഷയുണ്ട്. വർഗ, ബഹുജന വിഭാഗങ്ങൾക്കിടയിൽ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ്.
? കേരളത്തിൽ അടക്കം ആഡംബര ഭ്രമം പാർട്ടിയെ ബാധിക്കുന്നുണ്ടോ.
പാർട്ടി കോൺഗ്രസ് കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടോ. ഇവിടെ വന്ന നേതാക്കളെയും പ്രതിനിധികളെയും നോക്കൂ. ഞങ്ങളാരും പഞ്ചനക്ഷത്ര ഹോട്ടലുകളിലല്ല താമസിക്കുന്നത്. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരാണ് സി.പി.എം നേതാക്കൾ. ആഡംബര ജീവിതം സാദ്ധ്യമല്ല.
? പാർട്ടി ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന വിമർശനം...
യാതൊരു അടിസ്ഥാനവുമില്ല. ജനങ്ങളില്ലെങ്കിൽ പാർട്ടിയില്ല.
? പശ്‌ചിമ ബംഗാളിൽ തൃണമൂലും ബി.ജെ.പിയും പരസ്‌പരം എതിർക്കുമ്പോഴും അവർക്കിടയിൽ അന്തർധാരയുണ്ടോ?
അതു വ്യക്തമല്ലേ? ചില കേസുകളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകനും തൃണമൂൽ യൂത്ത് വിഭാഗം അദ്ധ്യക്ഷനുമായ അഭിഷേക് ബാനർജിയെ ഒഴിവാക്കിയത് തെളിവാണ്.
? അതുകൊണ്ടാണോ മമത മതേതര ഇന്ത്യാ മുന്നണിയിൽ നിന്ന് ചിലപ്പോഴൊക്കെ വിട്ടുനിൽക്കുന്നത്.
മമതയ്‌ക്ക് ആവശ്യമുള്ളപ്പോൾ മുന്നണിയുടെ ഭാഗമായി നിൽക്കും. അല്ലാത്തപ്പോൾ മാറിനിൽക്കും.
? മധുര പാർട്ടി കോൺഗ്രസ് മുന്നോട്ടു വയ‌്ക്കുന്നത് എന്താണ്.
ഭാവി ലക്ഷ്യമാക്കിയുള്ള ചർച്ചകളാണ് നടക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |