പുലി പതുങ്ങുന്നത് ചാടിവീഴാനാണെങ്കിൽ പുപ്പുലികളായ ബുദ്ധിജീവികൾ പതിയിരുന്ന് അമറുന്നത് കളമറിഞ്ഞ് കളിക്കാനാണ്. ശീർഷാസനത്തിൽനിന്ന് കാര്യങ്ങൾ നേരേചൊവ്വേ കാണുന്നതാണ് അവരുടെ രീതി. വലിയ കാര്യങ്ങളോട് പ്രതികരിക്കാതിരിക്കുന്നതും ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്നതും ഒരു സുഖമാണ്. കൊടിയിലോ നിറത്തിലോ മതത്തിലോ വിശ്വാസമില്ലെങ്കിലും കീശയിലും കാശിലും വലിയ കാര്യമാണ്. ഫാസിസം എന്നു കേട്ടാൽ സടകുടഞ്ഞ് എഴുന്നേറ്റാൽ ഉറപ്പിക്കാം- സാംസ്‌കാരിക നായകനാണ്. ഇന്ത്യ വിട്ടാലുടൻ പണ്ഡിതരാകുന്ന ഒരുപാട് പേരുണ്ട്. ചൂട് കൂടുതലുള്ള ഗൾഫിൽ എത്തിയാൽ ചിന്തകൾ പുകഞ്ഞ് ആവിയായി സാംസ്‌കാരിക നായകരാകുന്നു. രാജാക്കന്മാരുടെ നാട്ടിലിരുന്ന് സൂക്ഷ്മമായി നോക്കുമ്പോഴാണ് ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് ബോദ്ധ്യമാകുന്നത്. ഗൾഫിലെത്തിയാൽ ആർക്കും സാഹിത്യകാരനോ സാംസ്‌കാരിക നായകനോ ആകാം. എന്താണ് ഫാസിസമെന്നും ആരാണ് ഫാസിസ്റ്റെന്നും ഒറ്റനോട്ടത്തിൽ ഇവർ കണ്ടുപിടിക്കും.
ഇന്ദിരാഗാന്ധിക്കുശേഷം ആദ്യമായൊരു ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇയിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ എതിർത്തത് വലിയൊരു വിഭാഗം ഇന്ത്യക്കാരായിരുന്നു. മതവും വിപ്ലവവും ഗാന്ധിസവും കോക്ടൈലായി പതഞ്ഞുയർന്നു. ഒരു വിദേശരാജ്യത്തിരുന്ന് സ്വന്തം രാജ്യത്തെ നേതാവിനെ പരസ്യമായി ആക്ഷേപിക്കുന്ന ഇന്ത്യക്കാരെ ആ നാട്ടിലെ സ്വദേശികൾ നമിച്ചു. പ്രധാനമന്ത്രി അക്ഷരം കൂട്ടിവായിക്കാനറിയാത്ത ചായക്കാരനാണെന്നും കള്ളനാണെന്നും മൈക്കിലൂടെ വിളിച്ചുപറഞ്ഞു. എഴുത്തുപുരകളിലെ മുൻനിരക്കാരും ഇക്കാര്യത്തിൽ മത്സരിക്കുകയായിരുന്നു. പ്രമുഖ സ്ഥാപനത്തിലെ ഒരു മഹാവിദ്വാൻ പ്രഭാഷണങ്ങളിൽ ഇന്ത്യയുടെ ഭാവി ഓർത്തു പൊട്ടിക്കരഞ്ഞപ്പോൾ അതുകേട്ട പലരും തേങ്ങിക്കരഞ്ഞു. ഇന്ത്യയെ രക്ഷിക്കാനുള്ള കൈരേഖ തെളിഞ്ഞ ഒരേയൊരു വ്യക്തി താനാണെന്നും ആ മാന്യദേഹം എളിമയോടെ പ്രഖ്യാപിച്ചു. ഭാവി പ്രധാനമന്ത്രിയായ ഒരു 'യുവനേതാവിന്" ഊഷ്മള വരവേൽപ് നൽകാൻ ടിയാൻ മുൻനിരയിലുണ്ടായിരുന്നെങ്കിലും ഗൾഫിലെ ആസ്ഥാന വിദ്വാൻമാർ നിറഞ്ഞുനിന്ന വേദികളിൽ ഇടിച്ചുകയറാനായില്ല. സകല സെക്രട്ടറിമാരെയും ഒഴിവാക്കി നേതാവ് തന്നെ മുഖ്യ ഉപദേശകനാക്കിയാൽ ആറുമാസത്തിനകം പ്രധാനമന്ത്രിയാക്കാമെന്നും അതിനുള്ള ടെക്നിക്കുകൾ അറിയാമെന്നുമായിരുന്നു അടുത്ത പ്രഖ്യാപനം. യുവനേതാവിന്റെ ഏറ്റവും വലിയ അടുപ്പക്കാരനായ ഗുജറാത്തിയായ പാർട്ടി സെക്രട്ടറിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ഇദ്ദേഹം എതിരാളികളെ നിഷ്പ്രഭരാക്കി. സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചതോടെ ടിയാൻ സ്വയംപ്രഖ്യാപിത സൂപ്പർ സെക്രട്ടറിയായി. ഭാവി പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ മുഹൂർത്തംവരെ ഇദ്ദേഹം കുറിച്ചു. ഡൽഹിയിലെ അടുക്കള വിശേഷങ്ങൾ പങ്കുവച്ചു. ഇഷ്ട ഭക്ഷണം, വിനോദങ്ങൾ, വേഷങ്ങൾ, പാചകവിരുതുകൾ, കുടുംബത്തിന്റെ ത്യാഗങ്ങൾ എന്നിങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ.
പിന്നാമ്പുറങ്ങൾ വീക്‌നെസ് ആയതിനാൽ കഥകൾക്കു പഞ്ഞമില്ലാതായി. ഈ നിലയ്ക്കു പോയാൽ ഇദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറിയാകുമെന്നു പ്രതീക്ഷിച്ചിരുന്നവരുമേറെയായിരുന്നു. എല്ലാവരെയും അങ്കിളുമാരായി കാണുന്നതായിരുന്നു മറ്റൊരു എളിമ. തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ ബീച്ചിൽപോയി പട്ടം പറത്തി (ശുഭകർമ്മങ്ങൾക്കു ശേഷം പട്ടംപറത്തുന്നത് ഗുജറാത്തികളുടെ ശീലമാണത്രേ) പാർട്ടി സെക്രട്ടറി ഇന്ത്യയിലേക്കു മടങ്ങിയപ്പോൾ സൂപ്പർസെക്രട്ടറി സ്വയംപ്രഖ്യാപിത നേതാവായി. പത്രത്തിൽ ആരുടെയും പേരും പടവും വരുത്താൻ കഴിയുന്ന ആളായതിനാൽ പലരും വാഴ്ത്തുപാട്ടുകൾ പാടി. 'അതിഥികളും' അങ്കിളുമാരും ആന്റിമാരും വാർത്തകളിൽ നിറഞ്ഞപ്പോൾ സൂപ്പർസെക്രട്ടറിയുടെ കീശകളിൽ കാശ് ഹൗസ് ഫുൾ ആയി.
നിങ്ങളെന്നെ ഫാസിസ്റ്റാക്കി
സാദ്ധ്യതകൾ വിലയിരുത്തി ഫാസിസത്തെ വ്യാഖ്യാനിക്കുന്നവരാണ് യഥാർത്ഥ ഫാസിസ്റ്റുകളെന്നു തിരിച്ചറിയുന്നവരുടെ എണ്ണം കൂടിവരുന്നതാണ് വർത്തമാനകാലത്തിന്റെ നന്മ. ഒരാളുടെ ഔദാര്യം തന്റെ അവകാശമാണെന്ന് തെറ്റിദ്ധരിച്ചവരോട് സാധാരണക്കാരടക്കം പറയുന്നു- 'നിങ്ങളെന്നെ ഫാസിസ്റ്റാക്കി.' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകാർക്ക് ഇതൊക്കെ അറിയാമെങ്കിലും മൗനം വിദ്വാന് ഭൂഷണം എന്നു കരുതുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവറയിൽ ഒരുമിച്ചു കഴിഞ്ഞ പ്രസ്ഥാനങ്ങളുടെ പിൻതലമുറക്കാർ ഇതൊക്കെ തിരിച്ചറിയുന്നതിനാൽ പാർട്ടിയിൽ രണ്ടു കക്ഷികൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷം ഏറെക്കുറെ ഇല്ലാതായി.
ഫാസിസം എന്നൊരു സംഗതി ഇന്ത്യയിൽ ഇല്ലെന്ന് അതുകൊണ്ടാണ് അവർ കണ്ടെത്തിയത്. എല്ലാവരും ജനാധിപത്യവാദികളാണ്. പലർക്കും ഫാസിസ്റ്റാകണമെന്ന ഉൾവിളിയുണ്ടെങ്കിലും കമ്മ്യൂണിസ്റ്റുകാരെ പേടിച്ച് അതിനു മുതിരുന്നില്ല എന്ന് പാർട്ടി സൈദ്ധാന്തികർ വ്യാഖ്യാനിച്ചു. ഫാസിസം, നവോത്ഥാനം എന്നിവ എന്താണെന്ന് നന്നായി ബോദ്ധ്യമായ സംസ്ഥാനമാണ് കേരളം. ശബരിമലയിൽ വനിതാശാക്തീകരണം നടപ്പാക്കി മാതൃകയായി. സ്ത്രീ സ്വാതന്ത്ര്യത്തിനായി തലയും മുഖവുമടക്കം മൂടി മഹിളാരത്നങ്ങൾ അണിനിരന്നു. നിശബ്ദരായി കാഴ്ചകൾ കണ്ടിരുന്നവർക്ക് മതനിരപേക്ഷത എന്താണെന്നു ബോദ്ധ്യമായി. 'ഫിക്സഡ് ഡിപ്പോസിറ്റുകൾ" വേണ്ടെന്നുവച്ച് പ്രമുഖ കക്ഷികൾ ലോട്ടറിക്കു പിന്നാലെ പോയപ്പോൾ, കാഴ്ചക്കാരായി നിന്ന പാർട്ടിയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ നിറഞ്ഞു. വിപ്ലവസൂക്തങ്ങൾക്കോ ദുർവ്യാഖ്യാനം ചെയ്ത കുടുംബപുരാണത്തിനോ അതു മാറ്റിയെടുക്കാനാവുമോ!.
ചിന്തിച്ചാൽ ഉത്തരമുണ്ട്
നിറത്തിലോ പാരമ്പര്യത്തിന്റെ വാലിലോ അല്ല, ചിന്തകളിലാണ് നവോത്ഥാനം നാമ്പിടുക എന്നു പുതിയ തലമുറയടക്കം തിരിച്ചറിയുന്നു. ചോദ്യങ്ങൾക്ക് മറുപടിയും അടിക്ക് തിരിച്ചടിയും വേണമെന്നും സ്നേഹത്തോടെയൊരു ചെറുവിരൽ നീട്ടിയാൽ തിരികെ ഇരുകരങ്ങളും നൽകണമെന്നും ചിന്തിച്ചുതുടങ്ങി. ഓരോ കാലഘട്ടത്തിലെയും നവോത്ഥാന നായകരുടെ രചനകൾ സകല സമസ്യകൾക്കും ഉത്തരം നൽകുന്നു. സതിയും ബാല്യവിവാഹവും വിധവയെ ഒറ്റപ്പെടുത്തുന്നതുമെല്ലാം സ്വയംതിരുത്തിയവരെ 21ാം നൂറ്റാണ്ടിലും പ്രാകൃത സംഹിതകൾകൊണ്ടു സഹിഷ്ണുതയെ നേരിടുന്നവർ ഒറ്റപ്പെട്ടുതുടങ്ങി. ഒരു സിനിമയ്ക്കോ നോവലിനോ കൈക്കരുത്തിനോ സഹിഷ്ണുത ജീവിതവ്രതമാക്കിയവരെ തോൽപ്പിക്കാനാവില്ല. തിരിച്ചറിവുകളുടെ കാലത്ത് ഫാസിസത്തിന് ഇനിയും നിലനിൽപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |