വിഴിഞ്ഞം തുറമുഖത്തെ ചരക്കുനീക്കത്തിനും മദ്ധ്യകേരളത്തിന്റെ വികസനത്തിനും നിർണായകമാവുന്ന ശബരി റെയിൽ പദ്ധതി കേരളത്തിന്റെ ട്രാക്കിലേക്കിടുകയാണ് കേന്ദ്രം. പദ്ധതിചെലവിന്റെ പകുതി വഹിക്കാമെന്ന് ഉപാധികളില്ലാതെ കേരളം സമ്മതം അറിയിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ലോക്‌സഭയിൽ വ്യക്തമാക്കി. റെയിൽവേ, റിസർവ് ബാങ്ക് കേരളം ചേർന്നുള്ള ത്രികക്ഷി കരാർ ഒപ്പിടണം. പദ്ധതി ചെലവിന്റെ വിഹിതം നൽകാമെന്ന് ഉറപ്പാക്കാനാണിത്. കരാറിന്റെ കാര്യം പലവട്ടം ആവശ്യപ്പെട്ടിട്ടും കേരളം മൗനം പാലിക്കുകയാണെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കിയതോടെ പദ്ധതിയിൽ നിർണായകമാവുക കേരളത്തിന്റെ നിലപാടാണ്. കേരളമാവട്ടെ കരാറൊപ്പിടാൻ തയ്യാറല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. ഇതോടെ ശബരി പദ്ധതി അനിശ്ചിതത്വത്തിലാണ്.
3801കോടി ചെലവുള്ള പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് 2023 ഡിസംബറിൽ കേരളം അറിയിച്ചിരുന്നു. എന്നാൽ 2024 ആഗസ്റ്റിൽ ഇതിന് ഉപാധിവച്ചു. പദ്ധതിവിഹിതത്തിന് സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ത്രികക്ഷി കരാറിന്റെ മാതൃക കഴിഞ്ഞ നവംബറിൽ റെയിൽവേ കൈമാറിയെങ്കിലും കരാർ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. കേരളത്തിന്റെ വിഹിതം ഗഡുക്കളായി റെയിൽവേക്ക് നൽകുമെന്ന ഉറപ്പിനാണ് ത്രികക്ഷി കരാർ. പണം നൽകിയില്ലെങ്കിൽ, വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതത്തിൽ കുറവുചെയ്ത് റിസർവ് ബാങ്ക് റെയിൽവേക്ക് നൽകും. അതിനാലാണ് സർക്കാരിന് വിമുഖത.
അങ്കമാലി- എരുമേലി ശബരിപാത ഇത്തവണത്തെ കേന്ദ്രബഡ്ജറ്റിൽ ഇടംപിടിക്കാതിരുന്നതിന് കാരണം പകുതിചെലവ് വഹിക്കാമെന്ന് സമ്മതിച്ച ശേഷം സംസ്ഥാന സർക്കാർ പിന്മാറിയതാണ്. 1997-98ൽ പ്രഖ്യാപിച്ച, 111കി.മീ ശബരിപാതയിൽ 7കിലോമീറ്റർ റെയിൽ പാതയും ഒരു പാലവും നിർമ്മിച്ചിട്ടുണ്ട്. 2019 സെപ്തംബർ 26ന് ദക്ഷിണ റെയിൽവേ പദ്ധതി മരവിപ്പിച്ച് ഉത്തരവിറക്കുകയായിരുന്നു. കരാറൊപ്പിടാതെ പദ്ധതി ഇനി പരിഗണിക്കില്ലെന്നാണ് റെയിൽവേയുടെ നിലപാട്. ഇതു കാരണമാണ് പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്താതിരുന്നത്. അതേസമയം, ചെലവ് പങ്കിട്ടാൽ കരാർ ഒപ്പിട്ടാൽ ഭൂമിയേറ്റെടുക്കലിലേക്ക് കടക്കാമെന്നാണ് റെയിൽവേയുടെ നിലപാട്. പകുതി ചെലവായ 1900കോടി കിഫ്ബിയിൽ നിന്ന് നൽകാമെന്നും അത് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്നൊഴിവാക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. കേരളത്തിന്റെ വികസനത്തിന് കുതിപ്പേകും വിധം ശബരി റെയിൽ പദ്ധതി നടപ്പാക്കണമെന്നും വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയിൽ വികസിപ്പിക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിലപാട് വ്യക്തമാക്കിയത്.
വികസനത്തിന് അനിവാര്യം
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിനും ഗുണകരമാണ് പാത. പുനലൂരിൽ നിന്ന് തമിഴ്നാട്ടിലേക്കും ബന്ധിപ്പിക്കാം. ശബരിപാതയുടെ പ്രാധാന്യം സംസ്ഥാനം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. പമ്പവരെ നീട്ടണമെന്നാണ് റെയിൽവേയുടെ ആവശ്യമെങ്കിലും, വനഭൂമിയിലെ പദ്ധതിക്ക് അനുമതി എളുപ്പമല്ലാത്തതിനാൽ എരുമേലി വരെ ഒറ്റപ്പാതയെന്ന ആവശ്യംകേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ശബരിപാതയ്ക്ക് ഇടുക്കിയിൽ മുഴുവൻ ഭൂമിയും കോട്ടയത്തെ 2വില്ലേജുകളിലും ഏറ്റെടുക്കേണ്ട ഭൂമി കല്ലിട്ട് തിരിച്ചിട്ടുണ്ട്. എറണാകുളത്ത് കല്ലിട്ടു തിരിച്ച സ്ഥലമേറ്റെടുക്കാൻ സാമൂഹ്യാഘാത പഠനം പൂർത്തിയായിട്ടുണ്ട്.
കൈയൊഴിഞ്ഞ് കേന്ദ്രം
കരാറൊപ്പിടില്ലെന്ന് കേരളം അറിയിച്ചെങ്കിലും, മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തി ശബരിപാത റെയിൽവേയ്ക്ക് നിർമ്മിക്കാനാവും. പുതിയപാതകൾ, പാതയിരട്ടിപ്പിക്കൽ എന്നിവയ്ക്കായി ബഡ്ജറ്റിന് പുറമെ ചെലവഴിക്കാൻ 50,000 കോടിയോളം റെയിൽവേയ്ക്ക് അനുമതിയുണ്ട്. പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് നിർദ്ദേശിച്ചിരുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം, തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലികൾ കേന്ദ്രം സ്വന്തം നിലയിൽ നടപ്പാക്കുകയാണിപ്പോൾ.
കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെയും മെട്രോമാൻ ഇ. ശ്രീധരന്റെയും സമ്മർദ്ദത്തെതുടർന്ന് ഗുരുവായൂർ-തിരുനാവായ പാതയും സജീവപരിഗണനയിലാണ്. 2019ൽ ശബരിപാതയ്ക്കൊപ്പം മരവിപ്പിച്ചതാണ് ആലപ്പുഴ പാതയിരട്ടിപ്പിക്കലും ഗുരുവായൂർ പാതയും.
ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽപ്പാതയിരട്ടിപ്പിക്കൽ മരവിപ്പിക്കൽ ഉത്തരവ് റദ്ദാക്കിയാണ് ബഡ്ജറ്റിൽ പണമനുവദിച്ചത്. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് ചെലവ് പങ്കിടണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാനം അംഗീകരിച്ചിരുന്നില്ല. പിന്നീട് ഭൂമിയേറ്റെടുക്കലിന് 510കോടി റെയിൽവേ അനുവദിച്ചു. കന്യാകുമാരി-തിരുവനന്തപുരം പാതയിരട്ടിപ്പിക്കലിനും പകുതി ചെലവ് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം വഴങ്ങിയിരുന്നില്ല.
ഗുണങ്ങൾ അനവധി
1) തുറമുഖത്തിന്റെ ചരക്ക് ഇടനാഴിയാക്കാം
2) വടക്കോട്ടുള്ള കണ്ടെയ്നർ നീക്കം സുഗമമാവും
3) ലോജിസ്റ്റിക്- സാമ്പത്തിക-വാണിജ്യ ഇടനാഴി
4) തുറമുഖത്തിന്റെ ഗുണം മദ്ധ്യകേരളം വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |