സെക്രട്ടേറിയറ്റ് നടയിൽ ആശ വർക്കർമാർ നടത്തുന്ന സമരം 51 ദിവസം പിന്നിട്ടപ്പോൾ പിന്തുണയുമായെത്തി ഐ.എൻ.ടി.യു.സി! കോൺഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വങ്ങളും യു.ഡി.എഫ് ഘടകകക്ഷികളും സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ആശമാരെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സമരത്തോട് മുഖംതിരിഞ്ഞു നിൽക്കുകയായിരുന്നു. ഇത് കോൺഗ്രസിൽ മാത്രമല്ല, ഐ.എൻ.ടി.യു.സിയിലെ വലിയൊരു വിഭാഗത്തിന്റെയും പ്രതിഷേധത്തിന് വഴിവച്ചു. വിവിധ ഘട്ടങ്ങൾ കടന്ന് ആശ വർക്കർമാർ നിരാഹാര സമരം തുടങ്ങുകയും കഴിഞ്ഞ ദിവസം മുടിമുറിച്ച് പ്രതിഷേധിച്ചിട്ടും സമരം ഒത്തുതീർപ്പാക്കാൻ ഒന്നും ചെയ്യാത്ത സർക്കാർ നിലപാടിനൊപ്പമായിരുന്നു ഐ.എൻ.ടി.യു.സി. ഇതിനെതിരെ നേതാക്കളിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും കടുത്ത വിമർശനമുയർന്നപ്പോൾ ആശമാർ തങ്ങളോട് ആലോചിക്കാതെയാണ് സമരത്തിനിറങ്ങിയതെന്നും സമരത്തിനാധാരമായി ഉയർത്തിയിട്ടുള്ള ആവശ്യങ്ങൾ തൊഴിലാളി താത്പര്യത്തിന് വിരുദ്ധമാണെന്നുമൊക്കെയുള്ള വരട്ട് വാദങ്ങൾ ഉന്നയിച്ചാണ് ഐ.എൻ.ടി.യു.സി ഒഴിഞ്ഞുമാറി നിന്നത്. ദേശീയ ശ്രദ്ധയിൽ വരെ എത്തിയ ആശ സമരത്തിന് കോൺഗ്രസ് ദേശീയ നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം സമരത്തിന് പിന്തുണയുമായെത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വി.എം സുധീരൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ തുടങ്ങിയപ്രമുഖ നേതാക്കളെല്ലാം സമരപ്പന്തലിലെത്തി. ഇതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ളോയീസ് കോൺഗ്രസും സെക്രട്ടേറിയറ്റ് നടയിൽ സമരം തുടങ്ങിയത്. അജയ് തറയിൽ പ്രസിഡന്റായ സംഘടനയുടെ സമരം 13 ദിവസം പിന്നിട്ടപ്പോൾ സർക്കാർ ഇടപെട്ട് നേതാക്കളുമായി ചർച്ച നടത്തി പെട്ടെന്ന് ഒത്തുതീർപ്പാക്കി. കഴിഞ്ഞ വെള്ളിയാഴ്ച അംഗൻവാടി വർക്കർമാരുടെ സമരം ഒത്തുതീർപ്പായതിനെ തുടർന്ന് എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ എത്തി സമരക്കാരെ അഭിസംബോധന ചെയ്തപ്പോൾ ആർ. ചന്ദ്രശേഖരനും അവിടെ എത്തിയിരുന്നു. ഇവിടെ വച്ച് കെ.സി വേണുഗോപാൽ ചന്ദ്രശേഖരനെ ശാസിക്കുകയും അന്ത്യശാസനം നൽകുകയും ചെയ്തതായാണ് അവിടെ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചന്ദ്രശേഖരന് പ്രസംഗിക്കാൻ അവസരം നൽകിയതുമില്ല. അംഗൻവാടി വർക്കർമാരുടെ സമരപ്പന്തലിൽ നിന്ന് കോൺഗ്രസ് നേതാക്കളും ഐ.എൻ.ടി.യു.സിയിൽ ചന്ദ്രശേഖരന്റെ നിലപാടിനോട് വിയോജിപ്പുള്ള നേതാക്കളും പ്രകടനമായെത്തിയത് തൊട്ടപ്പുറത്ത് സമരം ചെയ്യുന്ന ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ്. വേണുഗോപാലിനെ കൂടാതെ ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.സുരേഷ്ബാബവും മറ്റു നേതാക്കളും ഉണ്ടായിരുന്നെങ്കിലും ചന്ദ്രശേഖരൻ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ആശ സമരത്തിന് നാടകീയ പിന്തുണയുമായി ഐ.എൻ.ടി.യു.സി പ്രസിഡന്റ് ചന്ദ്രശേഖരൻ എത്തിയത് കെ.സി വേണുഗോപാലിന്റെ കടുത്ത സമ്മർദ്ദത്തെയും അന്ത്യശാസനത്തെയും തുടർന്നെന്നാണ് കരുതുന്നതെങ്കിലും നാടകാന്ത്യം എന്തെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
'എല്ലാവരു'മായുള്ള
ചർച്ച അലസി
ആശവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ 'എല്ലാവരു'മായും ചർച്ച നടത്തണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത് സംസ്ഥാന ഐ.എൻ.ടി.യു.സിയിലെ മറ്റു നേതാക്കളും കോൺഗ്രസും കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഏതായാലും ഇന്നലെ മന്ത്രി വീണജോർജും സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ആശമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് സമരം തുടരുമെന്നാണ് സമരസമിതി നേതാവ് മിനി പറഞ്ഞത്. പ്രധാന ആവശ്യങ്ങളായ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരുറപ്പും ഉണ്ടായില്ല. ഇക്കാര്യം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാമെന്ന മന്ത്രിയുടെ നിർദ്ദേശം ആശമാർ തള്ളിക്കളഞ്ഞു. സമരം 53 ദിവസം പിന്നിട്ട ശേഷം വിഷയം പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം സ്വീകാര്യമല്ലെന്നാണ് സമരക്കാരുടെ നിലപാട്. ചർച്ച ഇന്നും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്രനാളും സമരത്തിന് എതിരായി നിന്ന ഐ.എൻ.ടി.യു.സി യുടെ ആവശ്യപ്രകാരം എല്ലാവരുമായും ചർച്ച നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തെ സംശയദൃഷ്ടിയോടെയാണ് ഐ.എൻ.ടി.യു.സിയിലെ തന്നെ ഒരു വിഭാഗം കണ്ടിരുന്നത്. പ്രമുഖമായ ഒരു ട്രേഡ് യൂണിയന്റെയും പിന്തുണയില്ലാതെ ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്നത് എസ്.യു.സി.ഐ ആണെന്നതിനാലാണ് സി.ഐ.ടി.യു അടക്കമുള്ള ഇടത് ട്രേഡ് യൂണിയനുകൾ സമരത്തെ എതിർക്കുന്നത്. ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ട പ്രകാരം എല്ലാവരുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞത് സമരക്കാരെ ഒതുക്കാനുള്ള നീക്കമായി സംശയിക്കുന്നവരുണ്ട്. കാരണം എല്ലാ സംഘടനകളെയും ചർച്ചക്ക് ക്ഷണിക്കുമ്പോൾ ഓരോ സംഘടനയെയും പ്രതിനിധീകരിച്ച് രണ്ടോ മൂന്നോ പേരാകും ചർച്ചയിൽ പങ്കെടുക്കുക. ഭൂരിപക്ഷത്തിന്റെ സമ്മർദ്ദതന്ത്രത്തിലൂടെ ആശമാരുടെ സമരം അവസാനിപ്പാക്കാൻ ഐ.എൻ.ടി.യു.സി യെ ഉപയോഗിച്ചുള്ള തന്ത്രമാണോ സർക്കാരിന്റേതെന്ന സംശയമാണുയരുന്നത്. ഇന്നലെ നടന്ന ചർച്ചയിലെ നിർദ്ദേശങ്ങൾ തങ്ങൾക്ക് സ്വീകാര്യമാണെന്ന സി.ഐ.ടി.യു അടക്കമുള്ളവരുടെ നിലപാട് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അഴിമതിക്കേസിൽ
സംരക്ഷണവുമായി സർക്കാർ
കൊല്ലം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ കശുഅണ്ടി വികസന കോർപ്പറേഷനിൽ തോട്ടണ്ടി ഇറക്കുമതിയിൽ നടന്ന കോടികളുടെ അഴിമതി സി.ബി.ഐ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിലെ രണ്ടാം പ്രതി കോർപ്പറേഷൻ മുൻ ചെയർമാനായിരുന്ന ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒന്നാം പ്രതി എം.ഡി ആയിരുന്ന കെ.എ രതീഷുമാണ്. അഴിമതിക്കേസിൽ ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ രണ്ടാം തവണയും നിഷേധിച്ചത് കഴിഞ്ഞയാഴ്ചയാണ്. കേസിൽ സി.ബി.ഐയുടെ അന്തിമ റിപ്പോർട്ടിൽ അഴിമതിക്കോ ഗൂഢാലോചനക്കോ തെളിവില്ലെന്നായിരുന്നു സർക്കാർ നിലപാട്. ആ നിലപാട് പുനഃപരിശോധിക്കാൻ തക്ക പുതിയ വസ്തുതകളൊന്നും സി.ബി.ഐ ഹാജരാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉത്തരവിറക്കിയത്. 2006- 2015 കാലയലവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നുവെന്ന കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയതെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. പ്രതികളായ ഇരുവരും സർക്കാർ ഉദ്യോഗസ്ഥരല്ലെങ്കിലും സർക്കാർ ശമ്പളം പറ്റിയവരെന്നതിനാലാണ് കേസിൽ പെട്ടാൽ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന നിബന്ധന പിടിവള്ളിയാക്കി അനുമതി നിഷേധിച്ചത്. സി.ബി.ഐ ആദ്യം കുറ്റപത്രം സമർപ്പിച്ചപ്പോൾ തന്നെ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് നൽകിയ ഹർജിയിൽ കോടതി നിർദ്ദേശത്തെ തുടർന്നാണ് വിഷയം പുനഃപരിശോധിച്ചത്. പുതിയ വസ്തുതകളൊന്നും ഇല്ലാത്തതിനാൽ അനുമതി നിഷേധിച്ച മുൻ നിലപാടിൽ മാറ്റം ആവശ്യമില്ലെന്ന് സർക്കാരിന് ബോദ്ധ്യമായെന്നാണ് ഉത്തരവിൽ പറയുന്നത്. ഐ.എൻ.ടി.യു.സി നേതാവായ ആർ.ചന്ദ്രശേഖരനെ സംരക്ഷിക്കാൻ ഏതറ്റം വരെയും സർക്കാർ പോകുമെന്നതിന്റെ തെളിവായി മാറുകയാണ് രണ്ടാം തവണയും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച നടപടി. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയെന്ന നിലയിലാണ് തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഇക്കാലമത്രയും ഇടത് സർക്കാരിനെ പിന്താങ്ങുന്ന നിലപാടിലേക്ക് ചന്ദ്രശേഖരൻ സ്വീകരിക്കുന്നതെന്നാണ് കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സി.യിലെ ഒരു വിഭാഗത്തിന്റെയും അഭിപ്രായം. അതിന്റെ ഭാഗമായാണ് ആശമാരുടെ സമരത്തിലും ഐ.എൻ.ടി.യു.സി സർക്കാർ നിലപാടിനൊപ്പം ഉറച്ചു നിന്നത്. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്നും സമ്മർദ്ദം ഉണ്ടായതോടെയാണിപ്പോൾ ആശ സമരത്തിന് പിന്തുണ നൽകാനുള്ള ഐ.എൻ.ടി.യു.സി തീരുമാനം ഉണ്ടായത്. എന്നാൽ പിന്തുണയിൽ എത്രത്തോളം ആത്മാർത്ഥയുണ്ടെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |