ഉറുദു വാക്കാണ് 'ഉമീദ്."പ്രതീക്ഷയെന്ന് അർത്ഥം. വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്, വഖഫ് ഭേദഗതി നിയമം ഇനി 'ഉമീദ് നിയമം"എന്ന് അറിയപ്പെടുമെന്നാണ്. അതായത്, യുണിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്പ്മെന്റ് ബിൽ (യു.എം.ഇ.ഇ.ഡി). 'പ്രതീക്ഷയുടെ നിയമം" മുനമ്പത്തെ അറുന്നൂറിൽപ്പരം കുടുംബങ്ങൾക്കും ആശാകിരണമാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഏതു ഭൂമിയും വഖഫായി പ്രഖ്യാപിച്ച് കൈക്കലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിലപാട് വ്യക്തമാക്കി; സഭയിൽ ഉദാഹരണങ്ങൾ നിരത്തി.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ആദിവാസി ഭൂമിയും, ആർക്കിയോളജിക്കൽ സർവേയ്‌ക്കു കീഴിലെ ചരിത്ര സ്‌മാരകങ്ങളും വഖഫായി മാറ്റിയെടുക്കാൻ കഴിയില്ല. പുരാതന സ്‌മാരക സംരക്ഷണ നിയമത്തിനു കീഴിലെ ഏതെങ്കിലും സ്‌മാരകങ്ങളോ മേഖലകളോ ഇതിനോടകം വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം റദ്ദാകും. ആദിവാസി ഭൂമിയെക്കുറിച്ചും, ഗോത്ര മേഖലകളെക്കുറിച്ചും ഭരണഘടനയിലെ അഞ്ച്, ആറ് ഷെഡ്യൂളുകളിലാണ് പറയുന്നത്. ഭരണഘടനയുടെ സംരക്ഷണമുള്ള പട്ടികവർഗത്തിന്റെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് പുതിയ നിയമം സമ്പൂർണമായി വിലക്കിയിട്ടുണ്ട്.
എന്താണ് വഖഫ്?
ഇസ്ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന സ്വത്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. വഖഫ് സ്വത്ത് മറ്റേതെങ്കിലും കാര്യത്തിന് ഉപയോഗിക്കുന്നതും, അതിന്റെ വിൽപ്പനയും നിരോധിച്ചിരിക്കുന്നു. മുസ്ലീം നിയമപ്രകാരമാണ് വഖഫിന്റെ ഭരണം. വ്യക്തി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി നൽകുന്ന സ്വത്തിന്റെ നാഥൻ അള്ളാഹുവാണ്. ഒരിക്കൽ അള്ളാഹുവിന് തന്റെ സ്വത്ത് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കാൻ കഴിയില്ല. തർക്കങ്ങളില്ലാത്ത, ഇതിനോടകം രജിസ്റ്റർ ചെയ്‌ത സ്വത്തുക്കൾ വഖഫായി തുടരും.
വഖഫ് ഘടന
1. കേന്ദ്ര വഖഫ് കൗൺസിൽ (CWC): നയങ്ങളിൽ കേന്ദ്രസർക്കാരിനും സംസ്ഥാന വഖഫ് ബോർഡുകൾക്കും ഉപദേശം നൽകുന്നു. വഖഫ് സ്വത്തുക്കൾ നേരിട്ടു നിയന്ത്രിക്കുന്നില്ല.
2. സംസ്ഥാന വഖഫ് ബോർഡുകൾ (SWB): ഓരോ സംസ്ഥാനത്തെയും വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
3. വഖഫ് ട്രൈബ്യൂണലുകൾ: വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ജുഡീഷ്യൽ സ്ഥാപനങ്ങൾ
വകുപ്പ് 40
വഖഫ് ബോർഡുകൾക്ക് ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ കഴിയുന്ന വകുപ്പ്- 40 സമ്പൂർണമായിത്തന്നെ പുതിയ ബില്ലിൽ വെട്ടിമാറ്റിയിട്ടുണ്ട്. ഏറ്റവും ക്രൂരമായ വ്യവസ്ഥയെന്നാണ് കിരൺ റിജിജു ഈ വകുപ്പിനെ വിശേഷിപ്പിച്ചത്. സ്വാർത്ഥ താത്പര്യക്കാർ നിയമം ദുരുപയോഗം ചെയ്‌ത് വഖഫ് സ്വത്തുക്കളുടെ അളവ് വർദ്ധിപ്പിച്ചതും ചൂണ്ടിക്കാട്ടി. ഒരു ഭൂമിയെ വഖഫ് ഭൂമിയായി ബോർഡ് പ്രഖ്യാപിച്ചാൽ അത് അന്തിമമായിരുന്നു. വഖഫ് ട്രൈബ്യൂണലുകളുടെ തീരുമാനത്തെ മേൽക്കോടതികളിൽ ചോദ്യം ചെയ്യുന്നത് വകുപ്പ് - 40 പ്രകാരം വിലക്കിയിരുന്നു. വകുപ്പ് എടുത്തുക്കളഞ്ഞതോടെ ബോർഡിന്റെയും ട്രൈബ്യൂണലിന്റെയും തീരുമാനത്തിനെതിരെ 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാഹചര്യം കേന്ദ്രസർക്കാർ ഒരുക്കി.
സ്ത്രീകൾക്കും
യുവാക്കൾക്കും
മുസ്ലീം സ്ത്രീകൾക്കും യുവാക്കൾക്കും സമുദായത്തിലെ പസ്‌മന്ദ തുടങ്ങിയ അവശ വിഭാഗങ്ങൾക്കും സംരക്ഷണവും പ്രാതിനിദ്ധ്യവും നൽകുന്നതാണ് നിയമമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. വഖഫ് സ്വത്തായി മാറ്റും മുൻപ് സ്ത്രീകൾക്ക് അവരുടെ പിന്തുടർച്ചാവകാശ പ്രകാരമുള്ള സ്വത്ത് നൽകണം. മുസ്ലീം സമുദായത്തിലെ വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥർ എന്നിവർക്ക് സ്വത്ത് ലഭിക്കുന്നത് ഉറപ്പിക്കാൻ പ്രത്യേക വ്യവസ്ഥ ചേർത്തു. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടു വീതം അമുസ്ലീമുകൾക്ക് അംഗങ്ങളാകാം. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡിലും രണ്ടുപേർ വീതം മുസ്ലീം സമുദായത്തിലെ സ്ത്രീകളായിരിക്കണമെന്ന് വ്യവസ്ഥ വച്ചു. ഷിയ, സുന്നി, പിന്നാക്ക വിഭാഗങ്ങളിലെ മുസ്ലീമുകൾ, ബോഹ്റ, അഗാഖാനി വിഭാഗങ്ങളിലുള്ളവർക്ക് സ്റ്റേറ്റ് ബോർഡുകളിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നു.
എല്ലാവർക്കും
അധികാരമില്ല
ആർക്കും വഖഫ് നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇസ്ലാം മതം അഞ്ചുവർഷമെങ്കിലും ആചരിച്ചവർക്കു മാത്രമേ ഇനി അതിനും കഴിയൂ. പുതിയ നിയമം പ്രാബല്യത്തിലായി ആറു മാസത്തിനകം മുത്തവല്ലികൾ (കെയർടേക്കർമാർ) വഖഫ് സ്വത്തുക്കൾ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വഖഫാണോ സർക്കാർ ഭൂമിയാണോ എന്ന തർക്കമുയർന്നാൽ ജില്ലാ കളക്‌ടർക്കു മുകളിലുള്ള ഉദ്യോഗസ്ഥൻ അക്കാര്യം പരിശോധിച്ച് തീരുമാനിക്കും. പ്രതിവർഷം ഒരുലക്ഷം രൂപയിലധികം വരുമാനമുള്ള വഖഫ് സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ നിയമിച്ച ഓഡിറ്റർമാരുടെ ഓഡിറ്റിംഗിന് വിധേയമാകണം. ഒരു ഗ്രാമത്തെ മുഴുവനായി വഖഫായി പ്രഖ്യാപിക്കാൻ കഴിയുമായിരുന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |