റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയ നീക്കത്തോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് ചുവപ്പുകൊടി. നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണവും നഗര റോഡ് വികസനവും അടക്കമുള്ള വികസന സാദ്ധ്യതകളെയും തീരുമാനം ബാധിക്കുമെന്ന് ഉറപ്പാണ്. റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഏഴ് ഏക്കർ 19 സെന്റ് ഭൂമിയാണ് റെയിൽവെ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി വഴി സ്വകാര്യ കമ്പനിക്ക് കൈമാറിയത്. ഇതിനായി 24.63 കോടി രൂപയ്ക്കാണ് ടെക്സ് വർത്ത് ഇന്റർനാഷണൽ എന്ന കമ്പനി 45 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്തത്. ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കാണ് ഭൂമി കൈമാറിയത്. ഇതോടെ നിർദ്ധിഷ്ഠ പ്ലാറ്റ് ഫോം വികസനമടക്കം ആസൂത്രണം ചെയ്തിരുന്ന പദ്ധതികളെല്ലാം നിലയ്ക്കുന്ന സ്ഥിതിയായി. റെയിൽവേ സ്റ്റേഷന്റെ ഇരുകവാടങ്ങളിലും വാഹന പാർക്കിംഗ് സംവിധാനമെന്ന ആശയവും ഉപേക്ഷിക്കേണ്ടി വരും. ഒപ്പം നഗര റോഡ് വികസനത്തിനും ഭൂമി കൈമാറ്റം തടസമാകുമെന്നാണ് ആശങ്ക റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബാക്കിയുളള ഭൂമി കൂടി പാട്ടത്തിന് നൽകാനുളള നീക്കവും സജീവമാണ്. റെയിൽവേ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇതിനുള്ള ടെണ്ടർ നടപടികളിലേക്ക് കടന്നതായാണ് സൂചന.
എതിർപ്പുമായി
എം.പി.
റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയത് കണ്ണൂരിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു. അധിക വരുമാനം കണ്ടെത്തുന്നതിനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന റെയിൽവേയുടെ വാദം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിച്ച് കൊണ്ടുള്ള നവീകരണം, നാലാമത് ഒരു പ്ലാറ്റ്‌ഫോമിന്റെ ആവശ്യകത, നിലവിലെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന്റെ നവീകരണം ഉൾപ്പെടെ നിൽക്കുമ്പോഴാണ് ഭൂമി പാട്ടത്തിന് നൽകിയത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിന് റെയിൽവെ പ്രാധാന്യം നൽകാത്തത് നിർഭാഗ്യകരമാണ്. മുനീശ്വരൻ കോവിൽ മുതൽ പ്ലാസ അടക്കം റോഡിനും സമാന്തരമായി വീതികൂട്ടാൻ റെയിൽവെ സ്ഥലം അനിവാര്യമാണ്. ഇക്കാര്യം റെയിൽവേയെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നിട്ടാണ് ഏകപക്ഷീയമായ നടപടി റെയിൽവേ സ്വീകരിച്ചത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കേരളത്തിൽ മുന്നിലുള്ള കണ്ണൂരിന് വികസിക്കാൻ സ്ഥലം വേണം. റെയിൽ വികസനം നടത്തേണ്ട ഭൂമി ഏറ്റവും കുറഞ്ഞ വിലക്ക് സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നാണ് ആരോപണം. റെയിൽവേയുടെ ഈ തീരുമാനം ജനകീയ പ്രതിഷേധത്തിന് മുന്നിൽ തിരുത്തേണ്ടി വരും. പാർലമെന്റിൽ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരുമെന്നും സുധാകരൻ വ്യക്തമാക്കി.
126 കോടിയുടെ
ഭൂമി 24 കോടിയ്ക്ക്
റെയിൽവേയുടെ നീക്കം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. കരാർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയപാർട്ടി നേതാക്കളും യുവജന സംഘടനകളും. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കണ്ണായ സ്ഥലം വാണിജ്യാവശ്യത്തിനുവേണ്ടി എഴുതിക്കൊടുത്ത കരാർ അടിയന്തരമായി റദ്ദാക്കണമെന്നും റെയിൽവേയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെയും മൂലധന ശക്തികളുടെയും ഗൂഢാലോചനയാണ് ഈ കരാറിന് പിന്നിലെന്നും പാലക്കാട് ഡിവിഷൻ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റിവ് കമ്മിറ്റിയംഗം റഷീദ് കവ്വായി പറഞ്ഞു.
126 കോടി മതിപ്പുവിലയുള്ള സ്ഥലമാണ് 45 വർഷത്തേക്ക് വെറും 24 കോടിക്ക് കൈമാറിയത്.
നിർമ്മാണം
അതിവേഗത്തിൽ
റെയിൽവേയുമായി കരാറായതിനു പിന്നാലെ സ്വകാര്യകമ്പനി കണ്ണായ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോർപ്പറേഷനിൽ നിന്ന് കെട്ടിട പെർമിറ്റ് അനുവദിക്കാൻ ഹാജരാക്കേണ്ടുന്ന എതിർപ്പില്ലാ രേഖയ്ക്കുള്ള അപേക്ഷ സമർപ്പിച്ചു. കണ്ണൂർ എൽ.എസ്.ജി.ഡി വിഭാഗത്തിനാണ് അപേക്ഷ നൽകിയത്. കെട്ടിട പെർമിറ്റ് അനുവദിക്കാനുള്ള പ്രധാന എതിർപ്പില്ല രേഖ ലഭിക്കേണ്ടത് പ്ലാനിംഗ് വിഭാഗത്തിൽ നിന്നാണ്. എന്നാൽ ഓഫീസ് അപേക്ഷ കൈപ്പറ്റിയില്ല. പാട്ടത്തിന് നൽകിയ ഭൂമിയായതിനാൽ കമ്പനിക്ക് പുറമേ റെയിൽവേ അധികൃതരുടെയും ഒപ്പ് വേണം. ഇതില്ലാത്തതിനാലാണ് കൈപ്പറ്റാഞ്ഞതെന്നാണ് വിവരം. 8000 ചതുരശ്ര അടിക്കു മുകളിലുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് ടൗൺ പ്ലാനിംഗ് ഓഫിസിന്റെ എതിർപ്പില്ല രേഖ വേണം. റെയിൽവേ ഭൂമിയിൽ സ്വകാര്യ കമ്പനി നിർമ്മിക്കുന്ന വാണിജ്യ കെട്ടിടം ഇരുപതിനായിരം ചതുരശ്ര അടിയുണ്ട്. അതിനാലാണ് കമ്പനി പ്ലാനിംഗ് ഓഫീസിലേക്ക് അപേക്ഷ നൽകിയത്. കെട്ടിട പെർമിറ്റിന് മറ്റു വകുപ്പുകളുടെ എതിർപ്പില്ലാ രേഖയടക്കം കോർപ്പറേഷനിൽ നൽകണം.
കരാർ നേരത്തേ
സ്ഥലം പാട്ടത്തിന് നൽകാൻ നേരത്തെ കരാറായിരുന്നു. വിവരം പുറത്തുവന്നതിനെ തുടർന്ന് ബഹുജന പ്രക്ഷോഭം നടന്നു. ഭൂമി നൽകിയിട്ടില്ലെന്ന് പറഞ്ഞ് പ്രതിഷേധം തണുപ്പിച്ച ദക്ഷിണ റെയിൽവേ പക്ഷേ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ദീർഘകാലത്തേക്ക് പാട്ടത്തിന് കൊടുക്കുന്ന ഭൂമി തിരിച്ചുകിട്ടാൻ സാദ്ധ്യത വിരളമാണെന്നിരിക്കെ ഫലത്തിൽ ചുരുങ്ങിയ വിലയ്ക്ക് ഇത്രയും ഭൂമി സ്വകാര്യ കമ്പനിയുടെ കൈയിലായി എന്നർത്ഥം. അമൃത്‌ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം പ്ലാറ്റ്‌ഫോം പണിയുന്നതുൾപ്പെടെ സ്റ്റേഷൻ വികസനവും ഇതോടെ അവതാളത്തിലാകും. പാട്ടഭൂമിയിൽ ഉൾപ്പെടുന്ന റെയിൽവേ ആരോഗ്യ വിഭാഗം കെട്ടിടം പഴയ ക്വാർട്ടേഴ്സ് തുടങ്ങിയവ പൊളിക്കാനാണ് നിർദേശം. ജീവനക്കാരെ പടിഞ്ഞാറ് ഭാഗത്തുള്ള പുതിയ ക്വാട്ടേഴ്സുകളിലേക്ക് നേരത്തെ മാറ്റിയിരുന്നു. 2022 സെപ്തംബറിലാണ് റെയിൽവേ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഭൂമി പാട്ടത്തിന് നൽകാൻ ടെൻഡർ വിളിച്ചത്. ഓപ്പറേഷണൽ സംവിധാനത്തിന് ആവശ്യമില്ലാത്ത ഭൂമിയാണ് ആർ.എൽ.ഡി.എ പാട്ടത്തിന് നൽകുന്നത് എന്നാണ് റെയിൽവേ വാദം.
121.62 കോടി വരുമാനം,
72.11 ലക്ഷം യാത്രക്കാർ
കോഴിക്കോട് അടക്കമുള്ള സ്റ്റേഷനുകളിൽ വൻ വികസനം നടക്കുമ്പോൾ 121.62 കോടി വാർഷിക വരുമാനവും 72.11 ലക്ഷം യാത്രക്കാരുമുള്ള കണ്ണൂർ പിന്നോട്ട് പോവുകയാണ്. സ്ഥലമില്ലാത്തതിനാൽ ഇവിടെ സമഗ്ര വികസനം സാദ്ധ്യമാകുന്നില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 32 കോടി രൂപ മാത്രമാണ് കണ്ണൂരിന് അനുവദിച്ചത്. കോഴിക്കോട്ട് 470 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാകുന്നത്. ടെക്സ് വർത്ത് കമ്പനി അവരുടെ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും.
സ്റ്റേഷൻ കെട്ടിടം മാറ്റിസ്ഥാപിക്കാനുള്ള ആലോചന, നാലാം പ്ലാറ്റ്‌ഫോമിന്റെ കുറവ്, രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിന് വീതിയില്ലാ പ്രശ്നം ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്ക് ഭൂമി പാട്ടത്തിന് നൽകിയത്. ഇതോടെ കേരളത്തിലെ ആറു കോർപ്പറേഷനുകളിൽ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ കണ്ണൂർ ഒഴികെ ലോക നിലവാരത്തിലേക്ക് ഉയരും. റെയിൽവേക്കുള്ളിൽ ഇരുഭാഗത്തും സ്ഥലം പോകുമ്പോൾ സ്റ്റേഷൻ വികസനം ഞെരുങ്ങും.
തീരുമാനം പിൻവലിക്കണം
രാജ്യത്തെ 48 റെയിൽവേ സ്റ്റേഷനുകളുടെ ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണ് കണ്ണൂരിലെ റെയിൽവേ ഭൂമി കൈമാറ്റമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ നഗരവത്ക്കരണം നടക്കുന്ന രണ്ടാമത്തെ ജില്ലയും അന്താരാഷ്ട്ര വിമാനത്താവളവുമടക്കമുള്ള ജില്ലയിൽ പ്രതിദിനം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത് പതിനായിരങ്ങളാണ്. എന്നാൽ ജില്ലാ ആസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും മോശമായ അടിസ്ഥാന സൗകര്യങ്ങളുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നും കണ്ണൂരാണ്. നാലാം പ്ലാറ്റ് ഫോമിനായുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റെയിൽവേ പൂർണ്ണമായും സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് എഴുതി നൽകുന്നതെന്നും ഇതിനെതിരെ പ്രതിഷേധം ഉയർത്തുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |