സൂപ്പർസ്റ്റാർ പരിവേഷത്തിലേക്കെത്തിയില്ലെങ്കിലും എഴുപതുകളിലും എൺപതുകളുടെ മദ്ധ്യം വരെയും മലയാള സിനിമയിൽ നായകനായി നിറഞ്ഞു നിന്ന ചോക്ളേറ്റ് ഹീറോയായിരുന്നു രവികുമാർ. തലമുറകളായി മലയാളികൾ ആസ്വദിക്കുന്ന നിത്യഹരിത സിനിമ ഗാനങ്ങളിൽ പലതിനും രവികുമാറിന്റെ മുഖമാണ്. എൻ സ്വരം പൂവിടും ഗാനമേ, സ്വർണമീനിന്റെ , ഇണക്കമോ പിണക്കമോ, പ്രണയസരോവര തീരം... തുടങ്ങി പ്രണയം തുളുമ്പുന്ന ഗാനങ്ങളിലെല്ലാം രവികുമാറുണ്ട്. ഐ.വി.ശശി, എ.ടി.ഉമ്മർ ടീമിന്റെ നിത്യഹരിത ഗാനങ്ങളിൽ മിക്കതിലും പ്രണയനായകനായി സ്‌ക്രീനിൽ തെളിയുന്നതും രവിയുടെ മുഖം തന്നെ. എഴുപതുകളിലും എൺപതുകളിലും മലയാളിപ്പയ്യൻമാരെ ബെൽബോട്ടം പാന്റ്‌സിടീച്ച് വലതുകൈയിൽ വാച്ചുകെട്ടിച്ച് പുതിയൊരു സ്റ്റെെൽ കൊണ്ടുവന്ന നായകനാണ് രവി.
മലയാളത്തിന് എന്നും മറക്കാനാകാത്ത 'അവളുടെ രാവുകളി"ലെ നന്മയുള്ള നായകൻ. ലൈംഗികത്തൊഴിലാളിയുടെ ജീവിതം പ്രമേയമാക്കി 1978-ൽ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ സിനിമയിൽ നായികയായ രാജിയെ സീമയായിരുന്നു അവതരിപ്പിച്ചത്. പിന്നീട് പ്രേംനസീർ വിൻസന്റ് , സുധീർ , ജയൻ, സുകുമാരൻ, മധു എന്നിവരുമായുള്ള കൂട്ടുകെട്ടിൽ രവിയുടെ നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്നു. സുധീറും വിൻസന്റും രവികുമാറും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ച 'ടൈഗർ സലിം" ആയിരുന്നു ജോഷി സംവിധാനം ചെയ്ത ആദ്യ ചിത്രം. മൻമോഹൻ ദേശായിയുടെ 'അമർ അക്ബർ ആന്റണി" എന്ന ചിത്രത്തിന്റെ പ്രമേയത്തോട് സാമ്യം പുലർത്തിയ ആ ചിത്രത്തിൽ ഹിന്ദിയിൽ അമിതാഭ് ബച്ചൻ ചെയ്ത വേഷത്തെ അനുസ്മരിക്കുന്ന കഥാപാത്രത്തെയാണ് രവി അവതരിപ്പിച്ചത്.
ഐ.വി.ശശിയുടെ ഇരുപതോളം ചിത്രങ്ങളിൽ നായകനായിരുന്നു.അതിൽ ഒന്നിലധികം ചിത്രങ്ങളിൽ ബോളിവുഡ് സൂപ്പർതാരമായി പിൽക്കാലത്ത് ഉയർന്ന ശ്രീദേവിയായിരുന്നു രവികുമാറിന്റെ നായിക. നായകനായി അഭിനയിക്കുമ്പോഴും നെഗറ്റീവ് ടച്ചുള്ള വേഷങ്ങൾ ചെയ്യാൻ മടി കാണിച്ചിരുന്നില്ലെന്ന് തിരക്കഥാകൃത്തായ കലൂർ ഡെന്നിസ് പറയുന്നു: '1982ൽ താൻ തിരക്കഥ എഴുതിയ കർത്തവ്യത്തിൽ അഭിനയിക്കാൻ വന്നപ്പോൾ ക്യാരക്ടറിന് നെഗറ്റീവ് ടച്ചുണ്ടായിട്ടും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല.' നായകനായാലും വില്ലനായാലും സഹനടനായാലും സന്തോഷത്തോടെ ചെയ്തിരുന്ന രവികുമാർ മലയാളത്തിലെന്ന പോലെ തമിഴ് സിനിമയ്ക്കും സുപരിചിതനാണ്. കെ.ബാലചന്ദർ സംവിധാനം ചെയ്ത അവർകൾ ആണ് രവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം. രജനീകാന്ത്, കമൽ ഹാസൻ, സുജാത എന്നിവരോടൊപ്പമായിരുന്നു ആദ്യചിത്രത്തിൽ അഭിനയിച്ചത്. ലൊക്കേഷനിൽ എത്തിയാൽ തികച്ചും മാന്യമായിട്ടേ എല്ലാവരോടും പെരുമാറിയിട്ടുള്ളൂ. സിനിമാ കുടുംബത്തിൽ നിന്ന് വന്നതിനാൽ ആ പാരമ്പര്യം എന്നും കാത്തു സൂക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |