രാജ്യത്തെ തൊഴിലില്ലായ്മയിൽ കേരളം അഞ്ചാം സ്ഥാനത്താണെന്നാണ് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലത്തെ തൊഴിൽസേന സർവേ പ്രകാരം വ്യക്തമാക്കിയിരിക്കുന്നത്. കേരള നഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനമാണ്. സ്ത്രീകളിൽ ഇത് 12.6 ശതമാനവും പുരുഷന്മാരിൽ 6.5 ശതമാനവുമാണ്. 2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ സർവേ ഫലമാണിത്. 15 മുതൽ 29 വരെ പ്രായമുള്ള കേരളത്തിലെ യുവജനങ്ങളിൽ 18.6 ശതമാനം ആണുങ്ങളും 35.6 ശതമാനം പെണ്ണുങ്ങളും തൊഴിലില്ലാത്തവരാണെന്നാണ് സർവേ പറയുന്നത്. എല്ലാവർക്കും തൊഴിൽ നൽകി തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാരിന് കഴിയുന്നതല്ല. നമ്മുടെ ജനസംഖ്യാ വർദ്ധനവും തൊഴിൽ അവസരങ്ങളും തമ്മിലുള്ള വിടവ് അത്രമാത്രം വലുതാണ്.
ഒരു സർക്കാർ ജോലി തന്നെ വേണം എന്ന മനോഭാവത്തിൽ നിന്ന് യുവജനങ്ങൾ പതുക്കെയെങ്കിലും മാറാൻ തുടങ്ങണം. സർക്കാർ ജോലിക്കു വേണ്ടിയുള്ള കാത്തിരിപ്പ് തൊഴിലില്ലായ്മയുടെ രൂക്ഷത വർദ്ധിപ്പിക്കുകയേ ഉള്ളൂ. സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് വൻതോതിൽ അവസരമൊരുക്കുന്നതിലൂടെയേ തൊഴിൽ അവസരങ്ങൾ ഇനി കേരളത്തിൽ വർദ്ധിപ്പിക്കാനാവൂ. സേവന മേഖലയിലാണ് ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ജോലി കണ്ടെത്തുന്നത്. എന്നാൽ വ്യവസായവത്‌കരണത്തിൽ ഊന്നിയ കാർഷിക മേഖലയുടെ വളർച്ച സാദ്ധ്യമായാൽ തൊഴിലില്ലായ്മയെ ഒരു വലിയ പരിധിവരെ അഭിമുഖീകരിക്കാൻ നമുക്കു കഴിയും. സ്‌മാർട്ട് കൃഷിരീതികളിലൂടെ കാർഷിക നവീകരണത്തിന് 2400 കോടിയുടെ 'കേര" പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത് തൊഴിൽ സാദ്ധ്യതയ്ക്കുള്ള ഒരു അവസരമായിക്കൂടി നാം മാറ്റിയെടുക്കണം.
കാർഷിക സംരംഭങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഉത്‌പാദക സംഘടനകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്കു നൽകുന്ന പിന്തുണയിലൂടെ കേര പദ്ധതി കേരളത്തിന്റെ വ്യവസായവത്‌കരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് 'കേരളകൗമുദി"ക്കു നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണഗതിയിൽ യുവജനങ്ങൾ കൃഷിയിൽ നിന്നും മറ്റും വിട്ടുനിൽക്കുന്നതിന്റെ പ്രധാന കാരണം അതിൽ നിന്നുള്ള വരുമാനത്തിന്റെ കുറവാണ്. ഒരു സർക്കാർ ജോലിക്ക് ലഭിക്കുന്നതിന്റെ ഇരട്ടി വരുമാനം ലഭിക്കുന്ന രീതിയിലേക്ക് കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനയും അനുബന്ധമായ മറ്റ് അഗ്രി ബിസിനസുകളും രൂപാന്തരപ്പെടുകയാണെങ്കിൽ ആ രംഗത്തേക്ക് യുവാക്കൾ ആകർഷിക്കപ്പെടാതിരിക്കില്ല. ഇതിനു സമാന്തരമായി സർക്കാർ കാർഷിക മൂല്യവർദ്ധന ശൃംഖല ശക്തിപ്പെടുത്തുകയും കൃഷിയുമായി ബന്ധപ്പെട്ട പ്രോസസിംഗ് യൂണിറ്റുകൾ, ഫുഡ് പാർക്കുകൾ, അഗ്രി ടെക് സ്റ്റാർട്ടപ്പുകൾ എന്നിവ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.
ഒരു ജോലിക്കായി കാത്തിരിക്കുക എന്നതിനപ്പുറം, ഏതാനും പേർക്ക് ജോലി നൽകുന്ന ഒരു ചെറു സംരംഭം ആരംഭിക്കുക എന്ന മനോഭാവത്തിലേക്ക് കേരളത്തിലെ യുവജനത പരിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്. ചെറുകിട സംരംഭകർക്കും കേരളത്തിലെ തനതായ കാർഷികോത്‌പന്നങ്ങൾക്ക് വിദേശങ്ങളിൽ വിപണി കണ്ടെത്താൻ കഴിയണം. കേര പദ്ധതിയിലൂടെ കേരളത്തിലെ കാർഷിക പശ്ചാത്തല മേഖലയിൽ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം സാദ്ധ്യമായാൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വലിയൊരു വഴിയാകും തുറക്കുക.
തൊഴിൽസേന സർവേ പ്രകാരം നഗരങ്ങളിലെ ഏറ്റവും കുറവ് തൊഴിലില്ലായ്മ ഗുജറാത്തിലാണ്- മൂന്ന് ശതമാനം. ഗുജറാത്തിൽ ഒരു ജോലിക്കപ്പുറം ഒരു ബിസിനസിലേക്കു തിരിയാനുള്ള മനോഭാവമാണ് ചെറുപ്പക്കാർ പൊതുവെ പുലർത്തുന്നത്. സ്വന്തമായി ഒരു സംരംഭം നടത്തുന്നയാൾക്കുള്ള അംഗീകാരം ഒരു ജോലി മാത്രം ചെയ്തു ജീവിക്കുന്ന വ്യക്തിക്ക് അവിടെ ലഭിക്കുന്നില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഇത്തരമൊരു മനോഭാവം കേരളത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |