സജി ചെറിയാൻ
ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി
സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളെല്ലാം ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കാനുള്ള പ്രത്യേക കർമ്മ പദ്ധതി രൂപീകരിച്ച് മുന്നോട്ടു പോവുകയാണ് സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പുകളുടെ ചുതമലയുള്ള മന്ത്രി സജി ചെറിയാൻ. വകുപ്പുകളുടെയെല്ലാം പ്രവർത്തനത്തിൽ വ്യക്തമായ കാഴ്ചപ്പാടും നിലപാടമുള്ള സജി ചെറിയാൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? വകുപ്പുകൾ ലക്ഷ്യമിട്ട പദ്ധതികൾക്ക് ഉദ്ദേശിച്ച പുരോഗതിയുണ്ടായോ?
കിഫ്ബി വഴിയും പ്ലാൻഫണ്ട് വഴിയും തുടങ്ങിവച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കും. മത്സ്യബന്ധന മേഖലയിൽ കിഫ്ബി വഴി 380കോടി രൂപ അനുവദിച്ചതിൽ ഏറെക്കുറെ പദ്ധതികൾ പൂർത്തീകരിച്ചു. ഇനി 25 ശതമാനം കൂടി ശേഷിക്കുന്നുണ്ട്. 396 കോടി രൂപയാണ് സാസ്കാരിക വകുപ്പിന് അനുവദിച്ചിരുന്നത്. അതും 75 ശതമാനത്തോളം പൂർത്തീകരിച്ചു. കഴിഞ്ഞ ബഡ്ജറ്റുകളിലെ തുക എന്റെ എല്ലാവകുപ്പുകളും 100 ശതമാനം ചെലവഴിച്ചു. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതു കൂടി പൂർത്തീകരിക്കും.
? കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതികളുടെ പുരോഗതി.
കേന്ദ്രവും സംസ്ഥാനവും കൂടി നടപ്പിലാക്കുന്നവയാണ് അവ. മത്സ്യഗ്രാമം പദ്ധതി, ഹാർബർ നിർമ്മാണം, ഹാർബർ നവീകരണം ഉൾപ്പെടെ നടന്നുവരികയാണ് ഉദാഹരണത്തിന്, മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന് 177കോടി രൂപ അനുവദിച്ചു. അതിന്റെ നിർമ്മാണം ആരംഭിച്ചു. വിഴിഞ്ഞത്ത് പുതിയൊരു ഹാർബർ കൂടി വരും. പഴയ ഹാർബർ നിർമ്മാണം പൂർത്തിയാക്കും. തീരദേശത്തെ സ്കൂളുകളും ആശുപത്രികളും നവീകരിച്ചു.
? ഈ വർഷം മുൻഗണന എന്തിനാണ്.
മത്സ്യ തൊഴിലാളികളടെ ഭവനനിർമ്മാണത്തിനും ഭവന നവീകരണത്തിനുമാണ് മുൻഗണന. ലൈഫ് മിഷൻ പദ്ധതി വഴി ആകെ 24,000 വീടുകൾ മത്സ്യത്തൊഴിലാളി മേഖലയിൽ നൽകി. സുനാമി വീടുകൾ ഉൾപ്പെടെ നവീകരിക്കും. ഈവർഷം 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നബാർഡ് വഴി 3000- 3500 കോടി രൂപയുടെ പദ്ധതിക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. അത് സാദ്ധ്യമായാൽ വലിയ നേട്ടമാകും. പുനർഗേഹം പദ്ധതിയുടെ പൂർത്തീകരണം, അടിസ്ഥാന സൗകര്യ വികസനം, ജിയോട്യൂബ് ഉപയോഗിച്ചുകൊണ്ടുള്ള കടലാക്രമണം ചെറുക്കൽ, തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികൾ... എല്ലാം ഇതിന്റെ ഭാഗമായി നടക്കും. ജിയോട്യൂബിന്റെ പരീക്ഷണം പൂന്തുറയിൽ വിജയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ജിയോട്യൂബ് പരീക്ഷണം. ചൈനയിൽ നിന്നാണ് ജിയോട്യൂബ് എത്തിച്ചത്. കിഫ്ബിയുടെ സഹായത്തോടെയാണ് ചെയ്തത്. കേരളത്തിൽ ഇത് വ്യാപകമാക്കും
?തൊഴിൽതീരം പദ്ധതിയുടെ പുരോഗതി.
25,000 പേർക്ക് തൊഴിൽ കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. 37,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ 3,000 പേർക്ക് നൈപുണ്യ പരിശീലനം നൽകും. കൊച്ചിയിൽ ആദ്യഘട്ട പരിശീലനം തുടങ്ങി. സീഫുഡ് റെസ്റ്റോറന്റ് വിഴിഞ്ഞത്ത് ആരംഭിച്ചു. എല്ലാം ജില്ലകളിലും അതു തുടങ്ങാൻ ആലോചനയുണ്ട്. അതു പോലെ സീഫുഡ് കഫേയും ആരംഭിക്കും.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നതിനായി ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ കുടിശ്ശികയും കൊടുത്തു തീർത്തു. 13-14 കോടി ഇതിനായി ചെലവഴിച്ചു. കോഴിക്കോട്ടും തിരുവനന്തപുരത്തും അദാലത്തുകൾ നടത്തി. പദ്ധതിയിൽ ചേരുന്നവർക്ക് പരമാവധി 20 ലക്ഷം രൂപ ലഭ്യമാക്കുന്നുണ്ട്.
'ശുചിത്വ സാഗരം, സുന്ദര തീരം" ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 11ന് കേരളത്തിലെ തീരപ്രദേശമാകെ ശുചീകരിക്കും. ശുചീകരണം കടലിലേക്കും വ്യാപിപ്പിക്കും കടലിൽ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം തീരത്ത് ശേഖരിക്കുന്ന പദ്ധതി കൊല്ലത്ത് തുടങ്ങിയത് എല്ലായിടത്തും വ്യാപിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യം കരയിൽ എത്തിക്കുന്നവർക്ക് പ്രതിഫലവും നൽകും. കൊച്ചിയിൽ 'കാവിൽ" എന്ന എക്‌സ്‌പോർട്ടിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. അലങ്കാര മത്സ്യങ്ങളുടെ കയറ്റുമതിയാണ് നടക്കുന്നത്. 35 വർഷത്തിനിടയിൽ ഹാച്ചറികൾ ലാഭത്തിലായി, മത്സ്യഫെഡ് ലാഭത്തിലായി. സ്ഥാപനങ്ങളെല്ലാം ലാഭത്തിലാണ്.
? തീരസദസ് എന്നൊരു പരിപാടി നടന്നിരുന്നല്ലോ...
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 47 മണ്ഡലങ്ങളിൽ നടത്തിയ തീരസദസിൽ പരാതികളൊക്കെ പരിഹരിച്ചു. അതിന്റെ രണ്ടാം ഘട്ട റിവ്യൂ ഉടൻ നടത്തും. എല്ലാ പരാതികളും പരിഹരിക്കും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ടിരിക്കുകയാണ്.
? ചില ടിവി പരിപാടികളുടെ ഉള്ളടക്കത്തെകുറിച്ച് ചലച്ചിത്ര അക്കാഡമി ചെയർമാൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നല്ലോ.
സീരിയലുകളിലും ടിവി പരിപാടികളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെങ്കിലും സിനിമാ നയത്തിന്റെ ഭാഗമായി അതും ഉൾക്കൊള്ളിക്കും. മനുഷ്യന് ദോഷകരമായി ബാധിക്കാവുന്നതൊന്നും ടിവി ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെടാൻ പാടില്ല. സിനിമാ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നമ്മൾ നടത്തി. കുറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സിനിമാ കോൺക്ലേവ് ഉടൻ നടത്തും. അതിനു ശേഷം നിയമ നിർമ്മാണത്തിലേക്കു പോകും. സിനിമാനയ രൂപീകരണം നടക്കുകയാണ്. വിവാദങ്ങളില്ലാതെ ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് നടപ്പിലാക്കും.
? മലയാള സിനിമയിൽ അക്രമവും ലഹരി ഉപയോഗവും കൂടുതലായി ചിത്രീകരിക്കുന്നുവെന്ന് ആക്ഷേപമുണ്ട്...
സിനിമകളിൽ വലയൻസ് രംഗങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി ഞാൻ നിർമ്മാതാക്കളുടെ സംഘടനകളെ വിളിച്ചു സംസാരിച്ചു. വയലൻസും ലഹരി ഉപയോഗവും ദൃശ്യവത്കരിക്കുന്നതിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ല. സിനിമയിൽ സാമൂഹ്യ വിമർശനമാകാം. എമ്പുരാൻ സിനിമയെ സംബന്ധിച്ച നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. സിനിമ ഒരു കലയാണ്. നമ്മളെ വിമർശിക്കുന്നു എന്നു തോന്നിയാലും അതിനെ വിലക്കാൻ പാടില്ല.
? സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ...
ചലച്ചിത്ര അക്കാഡമി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. സ്ത്രീകളെ സിനിമയുടെ സാങ്കേതിക രംഗത്ത് എത്തിക്കുന്ന പദ്ധതി അക്കാഡമി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 'ബുക്ക് മാർക്ക്" പൂട്ടേണ്ട അവസ്ഥയിൽ എത്തിയതായിരുന്നു. ഇപ്പോൾ ലാഭകരമായി. ഇന്റർനാഷണൽ ഡ്രാമാ, ഫോക്‌ലോർ ഫെസ്റ്റിവലുകൾ വരുന്നുണ്ട്. സംസ്കാരിക പെൻഷൻ പദ്ധതിയുടെ പരാതികളൊക്കെ പരിഹരിച്ചു.
? ഫിലിം ഫെസ്റ്റിവൽ കോപ്ലക്സ്?
നമ്മുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഫിലിം ഫെസ്റ്റിവൽ കോപ്ലക്സിന്റെ ആവശ്യമില്ല. ഇപ്പോഴത്തെ രീതിയിൽ ഐ.എഫ്.എഫ്.കെ നടക്കുന്നതാണ് നല്ലത്. ഡെലിഗേറ്രുൾ അത് നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്. കഴിഞ്ഞ തവണ തീരെച്ചെറിയൊരു പരാതിക്കു പോലും ഇടനൽകാതെയാണ് ചലച്ചിത്രമേള നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |