സമുന്നത നേതാവായ ഇ.എംഎസ് ഉള്ളകാലത്തു തന്നെ ഭാവി നേതാവായി സി.പി.എമ്മിൽ പാർട്ടി പ്രവർത്തകരും അണികളും വലിയ പ്രതീക്ഷയർപ്പിച്ചവരുടെ മുൻ നിരയിലായിരുന്നു മരിയൻ അലക്സാണ്ടർ ബേബി എന്ന എം.എ. ബേബിയുടെ സ്ഥാനം. ഒരുപക്ഷെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, അല്ലെങ്കിൽ മുഖ്യമന്ത്രി എന്നാെക്കെ ബേബിയെ സങ്കല്പിച്ചവരുണ്ടായിരുന്നു. കേന്ദ്രകമ്മിറ്റിയിലെത്തിയിട്ട് മൂന്നരപ്പതിറ്റാണ്ടായിട്ടും ബേബിക്കു മുന്നിൽ ഈ വാതിലുകൾ ഒന്നും തുറന്നിരുന്നില്ല. ഇപ്പോൾ ഇ.എം.എസിനു ശേഷം കേരളത്തിൽ നിന്ന് ബേബി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി വരുമ്പോൾ അത് വൈകിയെത്തിയ ഒരു നിയോഗമായി കാണാം.
നാൽപ്പതു വർഷം മുമ്പ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എം.എ. ബേബി ഒഴിഞ്ഞപ്പോൾ പകരം ആ സ്ഥാനത്തേക്കു വന്നത് സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ യെച്ചൂരി ചരിത്രത്തിലേക്കു മാഞ്ഞപ്പോൾ സി.പി.എമ്മിന്റെ അമരത്ത് ബേബി പിൻഗാമിയാവുകയാണ്. പ്രകാശ് കാരാട്ട് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോഴാണ് ആ പദവിയിലേക്ക് എം.എ.ബേബി വരുന്നത്. അന്ന് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് നേപ്പാൾ ഭട്ടാചാര്യയും ജോയിന്റ് സെക്രട്ടറിയായി സീതാറാം യെച്ചൂരിയും വൈസ് പ്രസിഡന്റായി പിൽക്കാലത്ത് ത്രിപുര മുഖ്യമന്ത്രിയായി മാറിയ മണിക് സർക്കാരും. പിന്നിൽ വന്ന പലരും മുന്നിൽ ഓടിക്കയറിയല്ലോയെന്നു ചോദിച്ചാൽ, കൃത്യമായി പ്രൊമോഷൻ നൽകാൻ ഇത് സർക്കാർ സർവീസൊന്നും അല്ലെന്നു പറഞ്ഞ് ബേബി ചിരിച്ചൊഴിയും.
പാർട്ടിയിലെ അതികായരായ ഇ.എം.എസ്, എ.കെ.ജി, പി. സുന്ദരയ്യ, എം. ബസവപുന്നയ്യ, ബി.ടി. രണദിവെ, പ്രമോദ് ദാസ് ഗുപ്ത, ജ്യോതി ബാസു തുടങ്ങിയവരുടെ കാലത്ത് അവരുടെ കൂടെ പ്രവർത്തിച്ച് അനുഭവസമ്പത്ത് ആർജ്ജിക്കാൻ അവസരം ലഭിച്ചുവെന്നത് ബേബി എന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് . പി.ബിയിൽ വരാൻ വൈകിയെങ്കിലും പാർട്ടി ആദ്യം രൂപീകരിച്ച സെൻട്രൽ സെക്രട്ടേറിയറ്റിൽ അംഗമായിട്ടുണ്ട് ബേബി. 2012 ലാണ് പി.ബിയിൽ വന്നത്. പത്തൊമ്പതാം വയസിൽ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായി ബേബി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സെക്രട്ടറിയായത് കോടിയേരി ബാലകൃഷ്ണനായിരുന്നു. ഇരുവർക്കുമിടയിലെ ദീർഘകാല സൗഹൃദബന്ധത്തിന്റെ തുടക്കമായിരുന്നു അത്. പക്ഷെ കോടിയേരി പി.ബിയിലെത്തി ഒരു പാർട്ടി കോൺഗ്രസ് കാലയളവു കഴിഞ്ഞാണ് ബേബിക്ക് അവസരം ലഭിച്ചത്.
1972- ൽ പാർട്ടി അംഗമായി. അടിന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചു. രക്ഷാകർതൃ സ്വഭാവത്തോടെ ബേബിയടക്കം യുവതലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച എൻ. ശ്രീധരനെന്ന എൻ.എസാണ് ബേബിക്കും വഴികാട്ടിയത്. എൻ.എസ് കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ ബേബി വളരെ ചെറുപ്രായത്തിൽ തന്നെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയിൽ അംഗമായി. എസ്.എഫ്.ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി മാറിയ ബേബി പിന്നീട് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റുമായി. രണ്ടു വട്ടം രാജ്യസഭാംഗവും രണ്ടുതവണ കുണ്ടറയിൽ നിന്നുള്ള എം.എൽ.എയും കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിയുമായി. ഇപ്പോൾ പാർട്ടിയിൽ വിദേശ രാഷ്ട്രങ്ങളിലെ കമ്മ്യൂണിസ്റ്റ്- ലെഫ്റ്റ് മൂവ്മെന്റുകളുടെ കോർഡിനേഷൻ ചുമതല വഹിക്കുന്നുണ്ട്. ഫിഡൽ കാസ്ട്രോയടക്കം പല വിദേശ നേതാക്കളുമായും ഉറ്റബന്ധം പുലർത്തി. ബേബി പാർട്ടി ജനറൽ സെക്രട്ടറിയാകുമ്പോൾ അതു കാണാൻ ഉറ്റ ചങ്ങാതിമാരായിരുന്ന സീതാറാമും കോടിയേരിയുമില്ല.
അച്ഛന്റെ വഴിയേ
സ്കൂൾ അദ്ധ്യാപകനും ഹെഡ് മാസ്റ്ററും ഇടതുപക്ഷ അനുഭാവിയുമായിരുന്ന പി.എം. അലക്സാണ്ടറിന്റെയും ലില്ലി അലക്സാണ്ടറിന്റെയും എട്ടു മക്കളിൽ ഇളയ മകനായിരുന്നു ബേബി . നാലു സഹോദരങ്ങൾ ബേബി ജനിക്കും മുമ്പെ വിടപറഞ്ഞിരുന്നു. മക്കളിൽ ഇളയവനായ ഈ മകനെ ഒരു സ്ഥിരവരുമാനമുള്ള ഉദ്യോഗസ്ഥനായി കാണാനാണ് അമ്മ ആഗ്രഹിച്ചത്..പന്ത്രണ്ടു വയസ്സുവരെ അമ്മയ്ക്കൊപ്പം പള്ളിയിൽ പോയിട്ടുള്ള ബേബി അൾത്താര ബാലനുമായിട്ടുണ്ട് . അമ്മ നിർബന്ധിച്ചു പറഞ്ഞുവിട്ട പരീക്ഷകൾ ഗൗരവമായി എഴുതാതെ ഉഴപ്പിയതാണ് അമ്മയോട് പാലിക്കാതെ പോയ വാക്കെന്ന് ബേബി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ ബേബി ഒരു അദ്ധ്യാപകനായേനെ. അച്ഛന്റെ ചിന്താപരമായ സ്വാധീനം പ്രധാനമായിരുന്നു.
കൊല്ലം എസ്എൻ. കോളേജിലായിരുന്നു പഠനം. കൊല്ലം പ്രാക്കുളം സ്വദേശിയായ ബേബിക്ക് കാഞ്ഞാവെളിയിലെയും തൃക്കരുവയിലെയും ലൈബ്രറികൾ അറിവിന്റെ വെളിച്ചമായി. എസ്.എൻ. കേളേജായിരുന്നു ബേബിയിലെ വിദ്യാർത്ഥി നേതാവിനെ കരുത്തനാക്കിയത്. സ്വന്തമായി വീട് വേണ്ടെന്നും ഈ ലോകത്തിലെ വാസം തന്നെ ഒഴിഞ്ഞുകൊടുക്കേണ്ട ഒന്നായതിനാൽ എല്ലാമൊരു വാടക വീടാണെന്നുമുള്ള സങ്കൽപ്പത്തിൽ ബേബി വിശ്വസിച്ചത് ഒരു പക്ഷെ അച്ഛൻ അലക്സാണ്ടറുടെ ആദർശവഴിയിൽ സഞ്ചരിച്ചതിനാലാണ്. കൊല്ലം ഇരവിപുരത്തെ സമ്പന്നമായ കുടുംബത്തിലാണ് ബേബിയുടെ അച്ഛൻ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ മരിയൻ ഡാമുകളും പാലങ്ങളുമൊക്കെ നിർമ്മിക്കുന്ന കോൺട്രാക്ടറായിരുന്നു. പേച്ചിപ്പാറ ഡാമടക്കം മരിയൻ കോൺട്രാക്ടർ നിർമ്മിച്ചതായിരുന്നു.
പക്ഷേ അച്ഛന്റെ സ്വത്തുക്കളിൽ തനിക്കൊരവകാശവും വേണ്ടെന്ന് അലക്സാണ്ടർ പറഞ്ഞിരുന്നു. ആ സ്വത്തുക്കളൊന്നും അദ്ദേഹം സ്വീകരിച്ചില്ല. ബേബിയും ആ പാതയിലാണ് സഞ്ചരിച്ചത്. സ്വന്തം പേരിൽ ഒരു സെന്റു ഭൂമി പോലുമില്ലാതെ, തികച്ചും ലളിതമായ ജീവിതം. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് എതിർവശമുള്ള പാർട്ടി ഫ്ളാറ്റിലാണ് താമസം. ഡൽഹിയിൽ പാർട്ടി നൽകിയ ഇടത്തും. എസ്.എഫ്.ഐ പ്രവർത്തനത്തിനിടയിൽ പരിചയപ്പെട്ട ബെറ്റി ലൂയിസ് ജീവിത സഖിയായി. രാഷ്ട്രീയത്തിൽ നിന്നിരുന്നുവെങ്കിൽ ബെറ്റിയും വലിയ നേതാവായേനെ. എന്നാൽ ബേബിയുടെ നിഴലായി മാറിയ ബെറ്റി എന്നും ബേബിയുടെ ഐശ്വര്യമാണ്. ചാനൽ ഉദ്യോഗസ്ഥയായിരുന്നു ബെറ്റി.
പെരുമൺ ദുരന്തത്തിലകപ്പെട്ട ഐലൻഡ് എക്സ്പ്രസിൽ ബെറ്റിയും ഏക മകൻ അപ്പുവും (അശോക് ) യാത്രികരായിരുന്നു. അന്നാണ് ബേബിയെ ആകെ ഉലഞ്ഞുകണ്ടത്. അദ്ഭുതകരമായി അവർ രക്ഷപ്പെട്ടപ്പോഴാണ് ആശ്വാസമായത്. അപ്പു തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലെ ഗിറ്റാറിസ്റ്റാണ്. അപ്പുവിന്റെയും ഭാര്യ സനിധയുടെയും മക്കളായ തനയ്, റാൻ (ഹീബ്രുവിൽ ആനന്ദത്തിന്റെ സംഗീതം എന്നർത്ഥം ) എന്നീ പേരക്കുട്ടികളെ ലാളിക്കുന്നതാണ് ബേബിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന്.
സർവ്വം സംഗീതമയം
സംഗീതവും സ്പോർട്സും സിനിമയും എന്നും ബേബിയുടെ ഇഷ്ടവിഷയങ്ങളാണ്. ടെന്നിസിന്റെയും ഫുട്ബോളിന്റെയും ടിവി സംപ്രേക്ഷണം രാത്രി എത്രനേരം ഉറക്കമളച്ചിരുന്നു കാണാനും, അതെക്കുറിച്ച് വാചാലമായി സംസാരിക്കാനും യാതൊരു മടിയുമില്ല. ടെന്നിസ് ഇതിഹാസം റോജർ ഫെഡററുടെയും ഫുട്ബോൾ ഇതിഹാസം മെസ്സിയുടെയും ആരാധകൻ. സംഗീതം; അത് കർണാട്ടിക് ആയാലും ഹിന്ദുസ്ഥാനിയായാലും ബേബിക്കുള്ളത്രയും സുഹൃുത്തുക്കൾ മറ്റൊരു രാഷ്ട്രീയ നേതാവിനും ഉണ്ടാവുകയില്ല. മകന്റെ വിവാഹത്തിനു മാലയെടുത്തുകൊടുത്തത് ഗാനഗന്ധർവൻ യേശുദാസും മൃദംഗ ചക്രവർത്തി ഉമയാൾപുരം ശിവരാമനും ചേർന്നായിരുന്നു എന്നതുതന്നെ ഉദാഹരണം.
സംഗീതത്തിൽ നല്ല അവഗാഹമാണ്. സ്വരലയ ബേബിയുടെ ബ്രെയിൻ ചൈൽഡാണ്. സംഗീത കച്ചേരിയും കഥകളിയും കാണാൻ ആദ്യമായി കൊണ്ടുപോയത് ജ്യേഷ്ഠൻ എം.എ. ജോർജായിരുന്നു. സഹോദരങ്ങളിൽ പരിസ്ഥിതി വാദിയും ലൈബ്രററി കൗൺസിൽ സംഘടകനുമൊക്കെയായ ജോൺസൺ മാത്രമാണ് ഇപ്പോൾ ഉള്ളത്. സാഹിത്യത്തിൽ ടി. പദ്മനാഭൻ മുതൽ കെ.ആർ. മീര വരെ എല്ലാ തലമുറയിലെയും എഴുത്തുകാരുമായി ഉറ്റബന്ധം പുലർത്തുന്നു. സൗഹൃദബന്ധം നിലനിറുത്തുന്നതിൽ ബേബിക്കൊരു പ്രത്യേക ചാതുര്യമുണ്ട്.
മുൻ പ്രധാനമന്ത്രിമാരായിരുന്ന എ.ബി. വാജ്പേയിയും ഡോ. മൻമോഹൻസിംഗും ഒക്കെ ആ സൗഹൃദപ്പട്ടികയിലുണ്ടായിരുന്ന ഊഷ്മള ബന്ധങ്ങളായിരുന്നു. നാട്ടിൽ പാർട്ടിയിലേക്കു നയിച്ച വിക്രമനായാലും സ്വരലയയിലെ സുന്ദരേശനായാലും ഇനി ചെഗുവേരയുടെ മകളായാലും ബേബി വലിപ്പച്ചെറുപ്പമില്ലാതെ ഇടപഴകും. അടുപ്പമുള്ളവർക്കെല്ലാം ബേബിസഖാവാണ്. ഭക്ഷണത്തിലും പ്രത്യേക താത്പ്പര്യം ഉള്ളയാളാണ്. എന്നാൽ കൊവിഡ് ബാധിച്ച് മരണവുമായി മുഖാമുഖം കാണുന്ന സ്ഥിതിയിലെത്തിയപ്പോൾ അതിൽക്കുറെ നിയന്ത്രണങ്ങളായി.
വെല്ലുവിളികൾ
ബേബി കേരളത്തിലെ പാർട്ടിയുടെ അധികാര സമവാക്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ നേതാവാണ്. വിഭാഗീയത കത്തിനിന്നപ്പോഴൊക്കെ ബേബി ഏതു പക്ഷത്ത് നിലയുറപ്പിച്ചോ, ആ പക്ഷമാണ് മേൽക്കൈ നേടിയിട്ടുള്ളത്. മാരാരിക്കുളത്ത് വി.എസ് 1996 ൽ പരാജയപ്പെട്ടപ്പോൾ സി.ഐ.ടി.യു പക്ഷം വി.എസിനെ അട്ടിമറിച്ചതാണെന്ന് കേന്ദ്ര നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയതും വി.എസിന് തിരിച്ചുവരവിനു കളമൊരുക്കിയതും ബേബിയായിരുന്നു.
പാലക്കാട്ട് 1998-ലെ സംസ്ഥാന സമ്മേളനത്തിൽ സി.ഐ.ടി.യു പക്ഷത്തെ വി.എസ് വെട്ടിനിരത്തിയപ്പോൾ വി.എസിന്റെ ഇടതും വലത്തും ബേബിയും പിണറായിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ പ്രകടമായി പാർടിയിലെ ഒരു വിഭാഗീയതയുടെയും പക്ഷം പിടിക്കാൻ ബേബി തയ്യാറായതുമില്ല. ജനറൽ സെക്രട്ടറിയായി ബേബി വരുമ്പോൾ
ദേശീയതലത്തിൽ പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് വളർച്ചയിലേക്കു നയിക്കുക എന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. കേരള പാർട്ടിയായി ചുരുങ്ങാതെ ദേശീയ പാർട്ടിയായി തുടരാൻ എല്ലാം പാർട്ടിയെന്നു വിശ്വസിക്കുന്ന, എന്നാൽ പ്രത്യയശാസ്ത്രത്തിന്റെ പിടിവാശിയില്ലാതെ ഏവരോടും ഇടപഴകുന്ന ബേബിക്കു കഴിയുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |