കൊല്ലം: അപൂർവ ആയുർവേദ സസ്യങ്ങളുടെ കലവറയാണ് കരുനാഗപ്പള്ളി ക്ലാപ്പനയിൽ ഡി. രാധാകൃഷ്ണൻ നായരുടെ കളയ്ക്കാട്ട് വീട്ടുവളപ്പ്. 25 സെന്റിൽ 150 ഇനം ഔഷധച്ചെടികൾ. അക്കി, സർവസുഗന്ധി, മങ്കോസ്റ്റിൻ, അമ്പഴം, കിളിഞാവൽ, സ്റ്റാർ ഫ്രൂട്ട്, വെൽവറ്റ് ആപ്പിൾ, പൂച്ചിക്ക, മുസംബി, ചെറി തുടങ്ങി പഴ വർഗ്ഗങ്ങളുമുണ്ട്.
ക്ലാപ്പന ഗ്രാമോദ്ധാരണ ഗ്രന്ഥശാലയിൽ ലൈബ്രറിയനാണ് രാധാകൃഷ്ണൻ. വെളുപ്പിന് എണീറ്റ് ചെടി പരിചരണം തുടങ്ങും. വീട്ടിലെ പശുക്കളുടെ ചാണകമാണ് പ്രധാന വളം.
ആയുർവേദ ഔഷധങ്ങൾ മാത്രം ഉപയോഗിക്കുന്ന അമ്മ മീനാക്ഷിയമ്മയുടെ ഇഷ്ടമാണ് രാധാകൃഷ്ണനെ ആകർഷിച്ചത്. ചെറുപ്പം മുതൽ ഔഷധച്ചെടികൾ നടുന്നത് ശീലിച്ചു. ഏറെ കഷ്ടപ്പെട്ടാണ് പലതും ശേഖരിച്ചത്. ഒരുപാട് യാത്രകൾ വേണ്ടിവന്നു. പരിചയക്കാരുടെ വീടുകൾ, പ്രദർശന സ്റ്റാളുകൾ, നഴ്സറികൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ചെടികൾ ശേഖരിച്ചു. ഭാര്യ വത്സലകുമാരിയും മക്കളായ ഹരികൃഷ്ണനും (ചിത്രാദ്ധ്യാപകൻ) ആര്യാകൃഷ്ണനും (മാദ്ധ്യമപ്രവർത്തക) ഔഷധത്തോട്ടം ഒരുക്കുന്നതിന് സഹായിക്കും.
അപൂർവ ഔഷധ സസ്യങ്ങളിൽ ചിലത്
പൂച്ചമീശ, മൂത്രക്കല്ല് അലിയിച്ചു കളയുന്ന ഇലമുളച്ചി, സമുദ്രപ്പച്ച, കമണ്ഡലു, വേമ്പാട, മഞ്ഞിഷ്ട, കരിന്തുമ്പ, കരിം കുടങ്ങൽ, എല്ലൊടിയൻ, കയ്പ്പനരച്ചി, അണലിവേഗം, ചതുരക്കുറിഞ്ഞി, കുടകപ്പാല, പാതാള ഗരുഡി, അത്തി,തൊഴുകണ്ണി, കുടജാദ്രി പച്ച, ഞരമ്പോടൽ, കർപ്പൂര വെറ്റ, കഴഞ്ചി, ലക്ഷ്മിതരു, വിവിധ ഇനം തുളസികൾ, പെൻസിലിൻ, അർജുനക്കൊടി, ഞരമ്പോടൽ...
ചെടി വിതരണം സൗജന്യം
വീട്ടിലെത്തുന്നവർക്ക് ചെടി സൗജന്യമായി നൽകി ഗുണവിശേഷങ്ങൾ പറഞ്ഞുതരും. വിദ്യാർത്ഥികളും ഗവേഷകരും പൂന്തോട്ട പ്രേമികളും ഔഷധ സസ്യങ്ങൾ തേടി എത്തുന്നു.
പുതിയ തലമുറയ്ക്കടക്കം ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്
- ഡി.രാധാകൃഷ്ണൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |