മധുര: വഖഫ് നിയമഭേദഗതിയിലൂടെ സാമുദായിക ചേരിതിരവ് ഉണ്ടാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനാണ് സംഘപരിവാർ നീക്കം. എന്നാൽ ആർ.എസ്.എസ് അജണ്ട മനസിലാക്കാൻ ചില മതനേതാക്കൾക്ക് ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എം 24-ാം പാർട്ടി കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് മസ്താൻപട്ടി വണ്ടിയൂർ റിംഗ്റോഡ് ജംഗ്ഷന് സമീപം ശങ്കരയ്യ മെമ്മോറിയൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പിണറായി.
കത്തോലിക്ക സഭയെക്കുറിച്ച് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ സർക്കാർഇതര ഭൂഉടമ കത്തോലിക്ക സഭയെന്നാണ് ലേഖനത്തിൽ പറയുന്നത്. ക്രിസ്ത്യൻ ദേവാലയങ്ങളുടെ സ്വത്തിനെയും ആർ.എസ്.എസ് ലക്ഷ്യമിടുന്നുണ്ട്. എമ്പുരാൻ എന്ന ചലച്ചിത്രം രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും അതിനെതിരെ ആക്രമണം നടത്തുകയാണ്. സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കറ്റിനെക്കാൾ (സി.ബി.എഫ്.സി) വലിയ ബോർഡ് തങ്ങളാണെന്ന് സംഘപരിവാർ സ്ഥാപിച്ചെടുക്കുകയാണ്.
എമ്പുരാൻ കമ്മ്യൂണിസ്റ്റ് ചിത്രമല്ല, അത് രാഷ്ട്രീയ ചിത്രവുമല്ല. എന്നിട്ടും സിനിമയിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു. ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു. ഇത് സിനിമയെയും അതിന് വേണ്ടി അദ്ധ്വാനിച്ചവരേയും ബാധിക്കും.
മഹത്തായ പാരമ്പര്യം പങ്കുവയ്ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ജനകീയ ബദൽ രൂപപ്പെടുത്താനുള്ള സമരങ്ങളിൽ രണ്ട് സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ടതുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സി.പി.എമ്മിനെയും ഇടതു പക്ഷത്തെയും രാജ്യത്തെ അവഗണിനാക്കാനാകാത്ത ശക്തിയായി മാറ്റുകയെന്ന ദൗത്യമാണ് 24-ാം പാർട്ടി കോൺഗ്രസ് ഏറ്റെടുത്തതെന്ന് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ആത്മപരിശോധന നടത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവർക്കു പറയാനുള്ളത് കേൾക്കാനും ജനങ്ങളിൽനിന്നു പഠിക്കാനും അതനുസരിച്ച് പ്രവർത്തന പരിപാടി ആവിഷ്‌കരിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.പി. എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി .ഷൺമുഖം അദ്ധ്യക്ഷത വഹിച്ചു.
മധുര പാണ്ടി ക്ഷേത്രത്തിന് സമീപത്ത് നിന്ന് തുടങ്ങിയ റെഡ് വോളണ്ടിയർ മാർച്ചിൽ പതിനായിരത്തിലേറെ ചുവപ്പ് സേനാംഗങ്ങൾ അണിനിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |