SignIn
Kerala Kaumudi Online
Saturday, 26 July 2025 11.06 AM IST

കെൽട്രോണിന് ചരിത്രനേട്ടം; വിറ്റുവരവ് 1000 കോടി പിന്നിട്ടു, അമ്പതിൽ തെളിയുന്ന സഹസ്രശോഭ

Increase Font Size Decrease Font Size Print Page
keltron

സംസ്ഥാന വ്യവസായ വകുപ്പിനു കീഴിൽ ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ) 1056.94 കോടി രൂപയുടെ വിറ്റുവരവുമായി ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തിന്റെ നെറുകയിലാണ്. ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണ രംഗത്ത് പൊതുമേഖലയിൽ രാജ്യത്താദ്യമായി നിലവിൽ വന്ന സ്ഥാപനമാണ് കെൽട്രോൺ. ഇന്ത്യയിലെ ആദ്യ കളർ ടിവി നിർമ്മാതാക്കൾ എന്ന നിലയിൽ രാജ്യം മുഴുവൻ പെരുമ നേടി കേരളത്തിന്റെ അഭിമാനമായി കെൽട്രോൺ ഉയർന്നുവന്നു. രൂപീകരണത്തിന്റെ അമ്പതു വർഷം പിന്നിടുമ്പോഴാണ് ആ തിളക്കത്തിനു മാറ്റുകൂട്ടി,​ വിറ്റുവരവിലെ സഹസ്രകോടിപ്പെരുമ!

സംസ്ഥാന സർക്കാർ പ്രതിബദ്ധയോടെ പിന്തുടരുന്ന പൊതുമേഖലാ സംരക്ഷണ നയമാണ് കെൽട്രോണിന്റെ ഈ നേട്ടത്തിനു പിന്നിലെ ബലം. 'ഒരു സ്‌ക്രൂ പോലും ഉണ്ടാക്കാത്ത കെൽട്രോൺ" എന്ന് ഒരിക്കൽ ചിലരെങ്കിലും പരിഹസിച്ച സ്ഥാപനമാണ് ഇന്ന് രാജ്യത്തിനുതന്നെ മാതൃകയായി തലയുയർത്തി നിൽക്കുന്നത്. രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റ 2021- 22 സാമ്പത്തിക വർഷം 521.71 കോടി രൂപയായിരുന്ന വാർഷിക വിറ്റുവരവാണ് നാലുവർഷത്തിനകം 1000 കോടിയിലേറെയായി ഉയർന്നത്!

തുടക്കത്തിൽ ശ്രദ്ധയൂന്നിയ ഇലക്ട്രോണിക്സ് മേഖലയ്ക്കു പുറമേ,​ സിസ്റ്റം ഇന്റഗ്രേഷൻ, ഹാർഡ്‌വെയർ വില്പന, സോഫ്ട്‌വെയർ ഡവലപ്‌മെന്റ്, നെറ്റ്‌വർക്കിംഗ്, നൈപുണ്യ വികസനം തുടങ്ങി വിവിധ തലത്തിലുള്ളതും വൈവിദ്ധ്യപൂർണവുമായ ബിസിനസ് ആണ് കെൽട്രോൺ ഇപ്പോൾ നടത്തിവരുന്നത്. പ്രതിരോധം, സ്‌പെയ്സ്, പവർ ഇലക്ട്രോണിക്സ്, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സൗരോർജം, ഐടി, സുരക്ഷാ നിരീക്ഷണം, എ.ഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്‌മെന്റ്, ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ്, സ്മാർട്ട് സിറ്റി എന്നീ മേഖലകളിലും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. ട്രാഫിക് സിഗ്നലുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഡിജിറ്റൽ ശ്രവണ സഹായികൾ എന്നിവയുടെ നിർമ്മാണ രംഗത്തും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

കൃത്യസമയത്തുള്ള ബിസിനസ് ചുവടുമാറ്റവും, പ്ലാൻ ഫണ്ടുകളിലൂടെയും ബഡ്ജറ്റിലൂടെയും സംസ്ഥാന സർക്കാർ അനുവദിച്ച സാമ്പത്തിക സഹായങ്ങളും കെൽട്രോണിന്റെ മുഖച്ഛായ മാറ്റി. പല പദ്ധതികളിലും ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടത് പുതിയ മേഖലകളിലേക്ക് കടന്നുചെല്ലാൻ സഹായകമായി. കെൽട്രോണിലെ ജീവനക്കാർ കമ്പനിയുടെ തിരിച്ചുവരവിനായി നടത്തിയ സഹനങ്ങളും കൂട്ടായ പരിശ്രമവും മുൻ വർഷങ്ങളിൽ വിറ്റുവരവിലും ലാഭത്തിലുമുണ്ടായ കുതിപ്പിന് ആധാരമായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ പ്ളാന്റ് പൊതുമേഖലയിൽ ആരംഭിക്കാൻ കഴിഞ്ഞതും സർക്കാരിൽ നിന്നുള്ള പിന്തുണ കൊണ്ടാണ്.

കെൽട്രോൺ ഗ്രൂപ്പ് ഒഫ് കമ്പനികൾ 2021- 22 സാമ്പത്തിക വർഷം 612 കോടിരൂപയുടെ വിറ്റുവരവ് നേടി. 2022- 23 സാമ്പത്തിക വർഷം ഇത് 583 കോടിയുടേതായി വർദ്ധിച്ചു. 2023- 24 സാമ്പത്തിക വർഷം 777 കോടി രൂപയുടെ വിറ്റുവരവും 2024- 25 സാമ്പത്തിക വർഷം 1200 കോടിരൂപയുടെ വിറ്റുവരവും നേടിയെടുത്തു. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യ കരുത്ത്. നാവികസേനയ്ക്കു വേണ്ടി ഒട്ടനവധി ഉത്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകിവരുന്നു. കെൽട്രോണിന്റെ സ്വന്തം സാങ്കേതികവിദ്യ കൂടാതെ സിഡാക്കിന്റെയും എൻ.പി.ഒ.എൽ-ന്റെയും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ടോവ്ഡ് അറെ സിസ്റ്റം, ട്രാൻസ്സർ, സോണോബൈ, സോണാർ പവർ ആംപ്ലിഫൈയർ, സോനാർ അരെ, എക്കോ സൗണ്ടർ, ഇ എം ലോഗ്, അണ്ടർ വാട്ടർ ടെലിഫോണി തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് നൽകുന്നുണ്ട്. അന്തർവാഹിനികൾക്കു വേണ്ടി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന പുതിയ പദ്ധതി തുടങ്ങാനായത് കെൽട്രോണിന്റെ പ്രതിരോധ മേഖലയിലുള്ള ഉത്പന്ന നിർമ്മാണത്തിലെ ഒരു നാഴികക്കല്ലാണ്.

സ്‌പെയ്സ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ.എസ്.ആർ.ഒ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്‌പെയിസ് ഇലക്ട്രോണിക്സിനു വേണ്ട ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നു. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള മുന്നൂറോളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഏകദേശം 40 എണ്ണം കെൽട്രോൺ നിർമ്മിച്ചു നൽകുന്നവയാണ്. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്‌മെന്റ് സിസ്റ്റം രാജ്യത്ത് ആദ്യമായി നടപ്പാക്കി ട്രാഫിക് എൻഫോഴ്സ്‌മെന്റ് സംവിധാനത്തിൽ ഒരു വിപ്ലകാത്മക മാറ്റത്തിനാണ് കെൽട്രോൺ തുടക്കമിട്ടത്. ഈ അത്യാധുനിക പദ്ധതിയുടെ ഫലപ്രാപ്തിയും വിജയവും മനസിലാക്കി ഇതര സംസ്ഥാന സർക്കാരുകളും ഏജൻസികളും കെൽട്രോണിനെ സമീപിക്കുകയും പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ നടത്തി വരികയുമാണ്.

ഐ.ടി അധിഷ്ഠിത ഇ- ഗവേർണൻസ് നടപ്പാക്കി കെൽട്രോൺ പുതുമാതൃക സൃഷ്ടിച്ചു. കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ 'സെൻട്രലൈസ്ഡ് പ്രൊക്യുമെന്റ് റേറ്റ് കോൺട്രാക്ട് സിസ്റ്റം" എന്ന സംവിധാനം വഴി കെൽട്രോൺ വിവിധ സർക്കാർ വകുപ്പുകൾക്കും സ്‌കൂളുകൾക്കും നൽകിവരുന്നു. കൊവിഡ് കാലത്ത് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ ജയിൽ, കോടതി എന്നിവയെ ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിംഗ് സിസ്റ്റം, ഡാറ്റാ സെന്ററുകൾ, ക്ലൗഡ് ഡാറ്റ സെർവറുകൾ തുടങ്ങിയ ഐ.ടി ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ, വിവിധതരം സോഫ്‌ട്‌വെയർ സൊല്യൂഷനുകൾ സ്മാർട്ട് ക്ലാസ് റൂം- ഹൈ ടെക് ലാബ് പദ്ധതികൾ തുടങ്ങിയവ കെൽട്രോണിന്റെ ഐ.ടി ബിസിനസ് യൂണിറ്റ് നൽകി വരുന്നുണ്ട്.

രാജ്യത്തെ മിക്ക നഗരങ്ങളും സ്മാർട്ട് സിറ്റി ആകുന്നതിന്റെ ഭാഗമായി പഴുതുകളില്ലാത്ത സുരക്ഷാ സംവിധാനങ്ങൾ കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്. അഹമ്മദാബാദ്, ബംഗളൂരു,​ ചെന്നൈ,​ കൊച്ചി, തിരുപ്പതി എന്നിവിടങ്ങളിൽ നിന്ന് ഇതിനുള്ള ഓർഡറുകൾ നേടിയെടുക്കാനായിട്ടുണ്ട്. കെൽട്രോൺ കേരളത്തിനു പുറത്തും ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നൂതന പദ്ധതികൾ നടപ്പാക്കി പഴയ പ്രതാപത്തിലേക്ക് എത്തിച്ചേരാനുള്ള ജൈത്രയാത്രയിലാണ്. നാഗ്പൂർ ITMS പദ്ധതി, തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതി, FCI- CCTV പദ്ധതി, ഒഡിഷ, തമിഴ്നാട് സ്മാർട്ട് ക്ലാസ് റൂം- ഹൈടെക് ലാബ് പദ്ധതികൾ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ്.

ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കരസ്ഥമാക്കുന്നതിന് കെൽട്രോണിനെ സഹായിച്ച മറ്റൊരു ഘടകം അതിന്റെ പ്രൊഫഷണൽ നേതൃത്വമാണ്. ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന എൻ. നാരായണ മൂർത്തിയാണ് കെൽട്രോൺ ചെയർമാൻ; റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായർ എം.ഡിയും. ടെക്‌നിക്കൽ ഡയറക്ടറായി എൻ.പി. ഒ.എൽ മുൻ ഡയറക്ടർ ഡോ എസ്. വിജയൻ പിള്ളയും എക്സിക്യുട്ടീവ് ഡയറക്ടറായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ഹേമചന്ദ്രനും പ്രവർത്തിക്കുന്നു.

ഈ വിദഗ്ദ്ധനേതൃത്വം പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായകമായി. ജീവനക്കാരുടെ സുതാര്യമായ നിയമനവും സ്ഥാപനത്തിന്റെ മികവ് വർദ്ധിപ്പിക്കാൻ സഹായകമായി. സർക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിൽ നിന്നുള്ള നയപരമായ പിന്തുണയും കെൽട്രോൺ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനങ്ങളും വഴി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാനാണ് മാസ്റ്റർപ്ളാനിലൂടെ ശ്രമിക്കുന്നത്. 1400 കോടി രൂപയുടെ ഓർഡർ ബുക്കിംഗ് നേടാനും നടപ്പുവർഷം 1000 കോടി രൂപയ്ക്കു മുകളിൽ വിറ്റുവരവ് ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.

TAGS: KELTRON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.