SignIn
Kerala Kaumudi Online
Saturday, 26 July 2025 11.06 AM IST

മണ്ണ് മാറി കാലത്തിനൊപ്പം

Increase Font Size Decrease Font Size Print Page
a

പ്രളയവും കൊടുംവരൾച്ചയും അപ്രതീക്ഷിതമായ മഴയും മഞ്ഞുമെല്ലാം ചേർന്ന് നമ്മുടെ കാലാവസ്ഥ കുഴഞ്ഞുമറിയുമ്പോൾ കൃഷിരീതി പഴയതു തന്നെ മതിയോ? വേണ്ടത്ര വിളവ് കിട്ടാതെയും രാേഗബാധ മൂലം കരിഞ്ഞും പ്രകൃതിദുരന്തങ്ങളിൽ നശിച്ചും നമ്മുടെ നാട്ടിലെ പച്ചക്കറികളും പഴങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം നശിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. മാമ്പഴ സീസണിൽ മാമ്പഴമല്ല. നാളികേരവും വൻതോതിൽ കുറയുന്നു. ചക്കയും ആവശ്യത്തിനില്ല. കരിക്കുപോലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കിട്ടിയിട്ടും മതിയാകുന്നില്ല. ഈ സാഹചര്യത്തിലാണ് മണ്ണ് പരിശോധനയും കൃത്യസമയത്ത് സൂക്ഷ്മമൂലകങ്ങളും ലഭ്യമാക്കണമെന്ന ശാസ്ത്ര‌ജ്ഞരുടെ നിർദ്ദേശങ്ങളും അനിവാര്യമാകുന്നത്. പ്രളയങ്ങൾ കടന്ന നമ്മുടെ മണ്ണിൽ സൂക്ഷ്മമൂലകങ്ങളില്ല. പഴയ മണ്ണല്ല ഇന്നത്തെ മണ്ണ്.

പ്രളയകാലത്ത് മണ്ണ് ഒലിച്ചുപോയ മലയോര മേഖലകളിലും കുന്നിൻ പ്രദേശങ്ങളിലും ജൈവാംശവും നൈട്രജൻ, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം സൾഫർ തുടങ്ങിയ പോഷക മൂലകങ്ങളും സൂക്ഷ്മാണുക്കളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കാർഷിക സർവകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ കൃഷി ശാസ്ത്രീയമാകാതെ തരമില്ല.

അന്തിക്കാട്ടെ

കൃഷിപാഠം

കൃത്യസമയത്ത് സൂക്ഷ്മമൂലകങ്ങളും അടിവളമായി കോഴിക്കാഷ്ഠവും ചേർന്നപ്പോൾ അന്തിക്കാട് കോളിലെ 14 ഏക്കറിലെ ശ്രീരാമൻചിറ പാടത്ത് ഏതാണ്ട് നൂറുടൺ തണ്ണിമത്തനാണ് വിളഞ്ഞത്. അതിൽ ഒരു ടണ്ണോളം മധുരമുള്ള, വിലയേറിയ മഞ്ഞ തണ്ണിമത്തനായിരുന്നു. അടുത്ത സീസണിൽ ചുവപ്പിനൊപ്പം ഓറഞ്ചും മഞ്ഞയും ഈ പാടത്ത് നിറയും. 2015ൽ തുടങ്ങിയ കാർഷികസംഘമായ വി.കെ. മോഹനൻ കാർഷിക സംസ്‌കൃതിയാണ് നേതൃത്വം നൽകുന്നത്. മൂന്ന് വർഷം മുൻപാണ് മുൻ കൃഷിമന്ത്രിയും നാട്ടുകാരനുമായ വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ കർഷകർ രംഗത്തിറങ്ങിയത്. കൊയ്ത്തിന് ശേഷം നാലു മാസം തരിശാകുന്ന നെൽപ്പാടം അങ്ങനെ തണ്ണിമത്തൻ പാടമായി. അമ്പത് സെന്റ് സ്ഥലത്ത് വലിപ്പമേറിയ സൂര്യകാന്തിയുമുണ്ട്. ഷമാമും എള്ളും സീസണലായി കൃഷി ചെയ്ത് മികച്ച വിളവ് നേടിയിരുന്നു.

ഓറഞ്ച്, മഞ്ഞ തണ്ണിമത്തനുകൾക്ക് വില കൂടുതലാണ്. മധുരവും കാമ്പും കൂടുതലായതിനാലാണ് ചുവപ്പിനേക്കാൾ വില കൂടുതലാകുന്നത്. മഞ്ഞയുടെ തൊലിക്ക് കട്ടി കുറവാണ്.

സ്വകാര്യ ഫാമുകളിലും കർഷകരിലുമാണ് ഈ വിത്തുകളുള്ളത്. മഞ്ഞ തണ്ണിമത്തനും കുരുവില്ലാത്തതും മധുരത്തിലും ഗുണമേന്മയിലും മുന്നിലുള്ളതുമായ ഓറഞ്ച് തണ്ണിമത്തനും കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്രവിഭാഗത്തിലെ ഡോ. ടി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ടു വർഷത്തിനകം പുറത്തിറക്കും.


പരിപാലനം കൃത്യം, സൂക്ഷ്മം...

സ്വകാര്യ ഹൈബ്രിഡ് വിത്തുകളാണ് അന്തിക്കാട്ട് നട്ടത്. പാടം ഉഴുത് ജനുവരിയിൽ വിത്തിടും. പൈപ്പ് വഴിയും ഡ്രോണിലൂടെയും കാർഷിക സർവകലാശാലയുടെ 'സമ്പൂർണ്ണ' സൂക്ഷ്മമൂലകം നൽകും. കൃത്യമായി നനയ്ക്കും. സംയോജിത കൃഷിരീതി അങ്ങനെ വിജയിച്ചു. ലുലു, കല്യാൺ, എലൈറ്റ് അടക്കമുള്ള ഹൈപ്പർ സൂപ്പർമാർക്കറ്റുകളിൽ തണ്ണിമത്തൻ ലഭ്യമാകും. ഗുണമേന്മ ഉറപ്പാക്കി പ്രത്യേക സ്റ്റിക്കർ പതിച്ചാണ് വിപണിയിലെത്തുന്നത്. വൻകിട കച്ചവടക്കാർ കർഷകരെ സമീപിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. കൃഷിച്ചെലവും ലാഭവുമെല്ലാം കണക്കാക്കാൻ കാർഷിക സർവകലാശാലയുടെ സഹായവും തേടുന്നുണ്ട്. ലാഭം ഉറപ്പാക്കി കൂടുതൽ കർഷകരിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.
ചുവപ്പിന് 20 - 22 രൂപയാണ് വിലയെങ്കിൽ മഞ്ഞയ്ക്ക് 32 - 35 രൂപയും ഓറഞ്ചിന് 35 - 38 രൂപയുമാണ് വില. ഈ തണ്ണിമത്തനുകൾ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാനും അന്വേഷണമുണ്ടായി. മഞ്ഞയും ഓറഞ്ചും അടക്കമുളളവ കൂടുതൽ കർഷകർ കൃഷി ചെയ്ത് തുടങ്ങിയാൽ ഇടനിലക്കാരില്ലാതെ വിറ്റഴിച്ച് വലിയ ലാഭമുണ്ടാക്കാനാവുമെന്ന് മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറയുന്നു.

വെള്ളപ്പൊക്കങ്ങൾ മണ്ണിനെ കലക്കിമറിക്കും

വെള്ളപ്പൊക്കങ്ങളും പ്രളയങ്ങളും മണ്ണിനെ കലക്കിമറിച്ച് മറ്റൊരു രൂപമാക്കുമെന്നതിൽ സംശയമില്ല. കേരളത്തെ മുക്കിയ ആദ്യ പ്രളയത്തിൽ തൃശൂർ ജില്ലയിലെ കാർഷിക മേഖലയിൽ 120 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. സമതല പ്രദേശങ്ങളിലും പുഴയോരങ്ങളിലും നെൽപ്പാടങ്ങളിലും എക്കൽ അടിഞ്ഞു കൂടി. കോൾപ്പടവുകളിലെ മണ്ണിൽ അമ്ലത്വം ഏറി. ലവണാംശം അനുവദനീയതോതിലും ജൈവ കാർബൺ അളവ് ശരാശരിയിലും ഫോസ്ഫറസ്സിന്റെ അളവ് കൂടിയും കണ്ടെത്തി. പൊട്ടാസ്യത്തിന്റെ തോത് കുറഞ്ഞു. മഗ്നീഷ്യത്തിന്റെ കുറവ് കാരണം വാഴകൾക്ക് മഞ്ഞളിപ്പ് രോഗം വ്യാപകമായി. അങ്ങനെയാണ് മണ്ണ് പരിശോധന വ്യാപകമാക്കാൻ തുടങ്ങിയത്. പക്ഷേ, ഇപ്പോഴും കർഷകരിൽ പലരും അതിന് തുനിയുന്നില്ല.

മണ്ണ് പരിശോധിക്കുമ്പോൾ സ്ഥലത്തെ പുല്ലും ഉണങ്ങിയ ഇലകളും നീക്കം ചെയ്ത് വൃത്തിയാക്കണം. വി ആകൃതിയിൽ 25 സെ.മീ താഴ്ത്തി വേണം മണ്ണെടുക്കാൻ. പത്തു സെന്റ് ഭൂമിയിൽ നാലിടങ്ങളിലെ മൊത്തം രണ്ടുകിലോഗ്രാം മണ്ണെടുത്ത് 500 ഗ്രാം പരിശോധനയ്ക്ക് നൽകാം. കുമ്മായം, ജിപ്സം വളങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തരുത്. കുമ്മായമോ വളമോ ചേർത്തിട്ടുണ്ടെങ്കിൽ 3 മാസം കഴിഞ്ഞേ സാമ്പിൾ എടുക്കാവൂ. മണ്ണ് തണലത്തിട്ട് ഉണക്കി പ്ളാസ്റ്റിക് കവറിലിട്ട് കൊടുക്കണം. ചുരുക്കത്തിൽ, ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉയർന്ന ഉത്‌പാദനത്തിനും കാരണം. മണ്ണ് അറിഞ്ഞ് വളം ചെയ്‌താൽ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ. സൂക്ഷ്മ മൂലകങ്ങൾ, ഫോസ്ഫറസ്, പൊട്ടാസ്യം, പി.എച്ച്. മൂല്യം എന്നിവ അടക്കം പ്രാഥമിക പരിശോധനകളെങ്കിലും നടത്തേണ്ടതുണ്ട്.

നെല്ലുത്പാദനം

പോര

കേരളത്തിൽ നെൽപ്പാടങ്ങളുടെ വിസ്തൃതിയും നെല്ലുത്പാദനവും കുറയുന്നത് വ്യക്തമാക്കാൻ പ്രത്യേക കണക്കുകൾ വേണമെന്നില്ല. പത്തുശതമാനം നെല്ല് പോലും കേരളം ഉത്പാദിപ്പിക്കുന്നില്ലെന്ന് തിരിച്ചറിയാൻ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി. നീർത്തട സംരക്ഷണ നിയമം വരും മുമ്പേ തരിശായ പാടങ്ങൾ, നെൽവയൽ എന്നിവ നികത്തി പണിത ബഹുനില കെട്ടിടങ്ങൾ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അരിലോറികളുടെ പാച്ചിൽ... ഇതെല്ലാം തന്നെ ധാരാളം. 1990 കളിലാണ് നെൽക്കൃഷി വ്യാപകമായി കുറഞ്ഞത്. സ്പെഷ്യൽ ഡയറക്ടർമാരും ശാസ്ത്രജ്ഞരും ഓഫീസുകളും മണ്ണു പരിശോധനാകേന്ദ്രങ്ങളും കാർഷിക ഗവേഷണശാലകളും ഏജൻസികളും നന്നായി വിളഞ്ഞെങ്കിലും ഇപ്പോഴും അന്യസംസ്ഥാനങ്ങളിലെ അരിയാണ് മൂന്നുനേരം നമ്മുടെ വയറ് നിറയ്ക്കുന്നത്. അവർ മണ്ണിൽ പണിയെടുത്തില്ലെങ്കിൽ മലയാളിയുടെ അന്നം മുട്ടുമെന്ന് ഇനി എന്നാണ് നമ്മൾ തിരിച്ചറിയുക?

TAGS: FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.