SignIn
Kerala Kaumudi Online
Saturday, 26 July 2025 8.58 PM IST

പത്തനംതിട്ടയ്ക്കു വേണം മാലിന്യ സംസ്കരണ പ്ളാന്റ്

Increase Font Size Decrease Font Size Print Page
a

രാജ്യത്ത് ശുദ്ധവായു ലഭിക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട, വനവും പുഴകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പത്തനംതിട്ടയുടെയുടെ സമ്പത്ത്. പക്ഷെ, ശുചിത്വമിഷന്റെ പഠനത്തിൽ പത്തനംതിട്ട വലിയൊരു മാലിന്യ ബോംബാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കുന്നതല്ല, പതിയെപ്പതിയെ മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തെ കാർന്നു തിന്നുന്ന അണുബോംബെന്ന് അതിനെ വിശേഷിപ്പിക്കാം.

ഭൂഗർഭ ജലാശയങ്ങളിൽ മനുഷ്യമാലിന്യത്തിൽ നിന്നുള്ള കോളീഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്നാണ് പഠനം. ഇതുകൂടാതെ ഡയപ്പർ മാലിന്യങ്ങളും പെരുകുന്നു. മാലിന്യ സംസ്കരണത്തിന് ജില്ലയിൽ മതിയായ സൗകര്യങ്ങളില്ലാത്തത് ഭാവിയിൽ വലിയ ആപത്ത് വിളിച്ചുവരുത്തുന്നതായിരിക്കുമെന്ന് ശുചിത്വമിഷൻ അടുത്തിടെ നടത്തിയ ശിൽപശാലയിൽ മുന്നറിയിപ്പു നൽകുകയുണ്ടായി.

ജില്ലയ്ക്ക് സ്വന്തമായി ഒരു മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് പരി​ഹാരം കാണാനാകൂവെന്ന് ശിൽപശാലയിൽ ഉദ്യോഗസ്ഥർ തുറന്നു പറഞ്ഞു. മറ്റു ജില്ലകളിലെ ജനങ്ങൾ മാലിന്യ സംസ്കരണ പ്ളാന്റിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് സഹകരിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ മാറ്റിവയ്ക്കാനും ഉപേക്ഷിക്കാനും കഴിയുന്നതല്ല പ്ളാന്റ് നിർമ്മാണം. ജനങ്ങൾ മുഖം തിരിച്ചു നിന്നാൽ മാലിന്യം കുന്നുകൂടുന്ന ജില്ലകളിൽ ഒന്നാമത് പത്തനംതിട്ടയാകും.

ജില്ലയിലെ ഭൂഗർഭ ജലസ്രോതസുകളിലും കുഴൽക്കിണറുകളിലും മനുഷ്യ മാലിന്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. കക്കൂസ് മാലിന്യം ശേഖരിക്കാൻ ഇടമില്ലാത്തതാണ് ജില്ല നേരിടുന്ന പ്രതിസന്ധി. പ്രതിദിനം ഒന്നര ലക്ഷം ടൺ കക്കൂസ് മാലിന്യമാണ് ജില്ലയിൽ ശേഖരിക്കുന്നത്. ഇത് എവിടെ തള്ളുന്നുവെന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്. ജില്ലയ്ക്ക് ശൗചാലയ മാലിന്യ സംസ്കരണ പ്ളാന്റുണ്ടെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമാകും. പ്രതിദിനം എട്ട് ടൺ ഡയപ്പറുകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉപയോഗ ശേഷം തള്ളുന്നത്. ഇതിൽ ഭൂരിഭാഗവും കാടുവളർന്ന സ്ഥലങ്ങളിലും കനാൽ, തോട് വശങ്ങളിലുമാണ് തള്ളുന്നത്. ആഘോഷ ചടങ്ങുകളിലെ വെൽക്കം ഡ്രിങ്കുകളിലും മറ്റ് ശീതളപാനീയങ്ങളിലും കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

മാലിന്യ സംസ്കരണ പ്ളാന്റ്

എവിടെ?​

ജില്ലയിൽ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം തേടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒടുവിൽ, കൊടുമണ്ണിൽ ശൗചാലയ മാലിന്യ സംസ്കരണ പ്ളാന്റിന് കണ്ടെത്തിയ സ്ഥലം ജനവാസമില്ലാത്ത ഭാഗമാണ്. പക്ഷെ, തോടുകളും അരുവികളും മലിനമാകുമെന്ന് ആശങ്കപ്പെട്ട് പ്രതിഷേധമുയർന്നു. പ്ളാന്റ് ജനങ്ങളെ ബാധിക്കുന്നതല്ലെന്ന് ശുചിത്വമിഷൻ ജില്ലാ മിഷൻ കോർഡിനേറ്റർ നിഫി എസ്. ഹക്ക് അറിയിച്ചു. പാട്ടക്കാലാവധി കഴിഞ്ഞ കൊടുമൺ പ്ളാന്റേഷനിൽ അഞ്ഞൂറിലേറെ ഹെക്ടർ സ്ഥലമുണ്ട്. ജനവാസമില്ലാത്ത ഇവിടെ മാലിന്യ പ്ളാന്റ് നിർമ്മിക്കാൻ അറുപത്തിയഞ്ച് സെന്റ് സ്ഥലം മതി. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനും ശുചിത്വമിഷൻ അധികൃതരും സ്ഥലം സന്ദർശിച്ചതാണ്. ഒരു തരത്തിലും മലിനീകരണ പ്രശ്നമുണ്ടാക്കാത്ത സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പ്ലാന്റ് സ്ഥാപിക്കുക. പ്രദേശിക എതിർപ്പുകളുയർന്നത് തെറ്റിദ്ധാരണ മൂലമാണ്. തിരുവനന്തപുരത്തും എറണാകുളത്തും വയനാട്ടിലും പ്ളാന്റ് നിർമ്മിച്ചു. ആലപ്പുഴയിലും സ്ഥാപിക്കും. പത്തനംതിട്ടക്കാർ മാത്രം പിന്തിരിഞ്ഞു നിൽക്കുന്നു. പ്ളാന്റ് സ്ഥാപിച്ചില്ലെങ്കിൽ ജില്ലയിൽ നിറയുന്ന മാലിന്യം എങ്ങോട്ടു കൊണ്ടുപോകുമെന്ന് ചോദ്യം ബാക്കിയാകുന്നു. മാലി​ന്യ സംസ്കരണത്തെ എതിർക്കപ്പെടേണ്ടതാണെന്നുള്ള മനോഭാവത്തി​ൽ മാറ്റംവരണം. ഏതു പദ്ധതി വന്നാലും ജനകീയ പ്രതിഷേധം ഉയരും. ജനങ്ങളെയും ജനപ്രതിനിധികളെയും കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ അധികൃതർക്ക് കഴിയണം.

ടെക്നോളജി വളർന്ന ഇക്കാലത്ത് നാടിനെ മലിനമാക്കാതെ മാലിന്യ സംസ്കരണ പ്ളാന്റ് നിർമ്മിക്കാനാകും. പ്ളാന്റിലെ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന സംവിധാനം ജില്ലയിലെ തന്നെ പല ആശുപത്രികളിലുമുണ്ട്. കുളിക്കാനും ഫ്ളഷ് ടാങ്കുകളിലും മലിനജലം ശുദ്ധീകരിച്ചത് ഉപയോഗിക്കുന്നുണ്ട്. മാലിന്യ പ്ളാന്റിൽ നിന്ന് കുഴലുകളിലൂടെ ആകാശത്തേക്ക് പുറന്തള്ളുന്ന പുകയാണ് ജനങ്ങളുടെ മറ്റൊരു ആശങ്ക. പുകയിലെ മലിനീകരണ തോത് കുറയ്ക്കാനും സംവിധാനമുണ്ട്.

പത്തനംതിട്ടയിൽ നിന്ന് മാലിന്യം മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഓരോ ജില്ലയ്ക്കും അവരുടേതായ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്ന കാലത്ത് മാലിന്യം സംസ്കരിക്കാൻ ഇടമില്ലാത്തത് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഏതു പദ്ധതി കൊണ്ടുവന്നാലും അതിന്റെ ഗുണദോഷങ്ങൾ പരിശോധിക്കാതെ അട്ടിമറിക്കുന്നതിന് ഒരു ചെറിയ വിഭാഗം ആളുകൾ എപ്പോഴും രംഗത്തുണ്ടാകും. അവരുട‌െ എതിർപ്പുകളെയും ഗൂഢതന്ത്രങ്ങളെയും മറികടക്കേണ്ടതുണ്ട്.

ആശുപത്രി

മാലിന്യത്തിനും പ്ളാന്റില്ല

ജില്ലയിൽ ആശുപത്രി മാലിന്യം സംസ്കരിക്കുന്നതിനും പ്ളാന്റില്ല. ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ആശുപത്രി മാലിന്യം സംസ്കരിക്കാൻ പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതി പ്രതിഷേധത്തെ തുടർന്ന് നിറുത്തി വച്ചിരിക്കുകയാണ്. പാലക്കാട് മാതൃകയിൽ മലിനീകരണമുണ്ടാക്കാതെ അത്യാധുനിക പ്ലാന്റ് നിർമ്മിക്കാൻ കഴിയുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തതമാക്കിയത്. എന്തു സംഭവിച്ചാലും ഏനാദിമംഗലത്ത് പ്ളാന്റ് അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. പാലക്കാട് പ്ളാന്റിനെതിരെ പ്രതിഷേധമില്ലെന്ന് ഓർക്കേണ്ടതുണ്ട്.

മാലിന്യം കുന്നുകൂടുമ്പോഴും അതു സംസ്കരിക്കാൻ മതിയായ സംവിധാനമില്ലെങ്കിൽ ജില്ല മറ്റൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് സാക്ഷ്യം വഹിക്കുക. കക്കൂസ് മാലിന്യവും ആശുപത്രി മാലിന്യവും ഇറച്ചിക്കട മാലിന്യവും പൊതു റോഡുകളുടെ വശങ്ങളിലും കാടുകയറിയ കനാൽ തീരങ്ങളിലുമാണ് തള്ളുന്നത്. പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതു കൂടാതെ തെരുവ് നായകൾ പെരുകുന്നതിനും കാരണമാകുന്നു. ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും തെളിയക്കപ്പെട്ട സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാൻ സഹകരണ മനോഭാവം വളരേണ്ടതുണ്ട്.

TAGS: WASTE PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.