തിരുവനന്തപുരം: സംസ്ഥാനത്തെ 19,470 വാർഡുകളിലെ 31,612 കുടുംബശ്രീ ബാലസഭകളിൽ ഇന്ന് തിരഞ്ഞെടുപ്പ്. 4.6 ലക്ഷം ബാലസഭാ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിൻറെ ഭാഗമായി ഇന്ന് രാവിലെ 9ന് എല്ലാ ബാലസഭകളും യോഗം ചേർന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രിയുടെ ക്ഷണക്കത്ത് വായിക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ഓരോ ബാലസഭയിലേക്കും പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി എന്നീ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഒരു ബാലസഭയിൽ നാലു ഭാരവാഹികൾ വീതം സംസ്ഥാനമൊട്ടാകെ ആകെ 1,26,448 ഭാരവാഹികളെ ബാലസഭാതലത്തിൽ തിരഞ്ഞെടുക്കും. ഒരു വർഷമാണ് ബാലസഭാ ഭരണസമിതിയുടെ കാലാവധി. ഓരോ ബാലസഭയിലും തെരഞ്ഞെടുക്കപ്പെടുന്ന നാല് ഭാരവാഹികളിൽ രണ്ടു പേർ പെൺകുട്ടികളായിരിക്കും. പ്രസിഡന്റ്,സെക്രട്ടറി പദവികളിൽ ഏതിലെങ്കിലും ഒന്നിൽ പെൺകുട്ടി ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ബാലസഭകളുടെ മൂന്നാമത്തെ തലമായ ബാലപഞ്ചായത്തിലേക്കും ബാലനഗരസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് മേയ് രണ്ടിന് സംഘടിപ്പിക്കും. മേയ് മാസം ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന 'കുടുംബശ്രീ മൈൻഡ് ബ്‌ളോവേവ്സ് ലിയോറ ഫെസ്റ്റ് ' ജില്ലാതല സമ്മർ ക്യാമ്പുകളിൽ പങ്കെടുക്കാനുള്ളവരുടെ തിരഞ്ഞെടുപ്പും ഇന്നത്തെ തെരഞ്ഞെടുപ്പിനൊടൊപ്പം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |