മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ നായികയാണ് ഷീല. ഒരുകാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന താരറാണിയായിരുന്നു അവർ. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർസ്റ്റാറായ ഷീല തന്റെ ജീവിതാനുഭവങ്ങൾ ഒരു മാദ്ധ്യമത്തിന് പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.
താൻ നമ്പൂതിരി സമുദായാംഗമാണെന്ന തെറ്റായ പ്രചാരണം ഉണ്ടായതായി ഷീല പറഞ്ഞു. 'ഛായ എന്ന സിനിമ ചെയ്തിരുന്നു. അതിൽ താത്രിക്കുട്ടിയായാണ് അഭിനയിച്ചത്. പിന്നീടാണ് അങ്ങനെയൊരു പ്രചാരണം ഉണ്ടായത്. എന്റെ കുടുംബം സിറിയൻ കത്തോലിക്ക വിഭാഗത്തിൽപ്പെടുന്നവരാണ്. ആരാണ് പറഞ്ഞ് പരത്തിയതെന്ന് അറിയില്ല'- എന്നായിരുന്നു ഷീലയുടെ വെളിപ്പെടുത്തൽ.
തമിഴ് സിനിമയിൽ കംഫർട്ടബിൾ ആയിരുന്നില്ലെന്നും ഷീല അഭിമുഖത്തിൽ പറഞ്ഞു. 13ാം വയസിലാണ് ഷീല തമിഴിലൂടെ സിനിമയിൽ എത്തിയത്. 'തമിഴിൽ എന്നെ ഒരു മാദക നടിയാക്കി മാറ്റാൻ ശ്രമിച്ചു. അത് എനിക്ക് ഇഷ്ടമായിരുന്നില്ല. മലയാളത്തിൽ ഗ്ളാമറസ് ആയാലും നല്ല കഥാപാത്രങ്ങൾ ലഭിച്ചു. മലയാളത്തിൽ രണ്ടും കയ്യും നീട്ടിയാണ് എന്നെ സ്വീകരിച്ചത്. മലയാള സിനിമ എന്റെ അമ്മയാണ്. എനിക്കും എന്റെ അമ്മയ്ക്കും ഇഷ്ടമില്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും മലയാള സിനിമ എന്നെ സംരക്ഷിച്ച് നിർത്തി. മലയാള സിനിമയിൽ ഒരു ദുരനുഭവും ഉണ്ടായിട്ടില്ല'- ഷീല മനസുതുറന്നു.
കഴിഞ്ഞമാസമാണ് നടി തന്റെ 77ാം ജന്മദിനം ആഘോഷിച്ചത്. 25-ാം വയസിൽ തന്നെ വിൽപത്രം തയ്യാറാക്കിയതായി ഷീല വെളിപ്പെടുത്തിയിരുന്നു. 'ഞാൻ മരിച്ചാൽ എന്തുചെയ്യണമെന്ന് എഴുതിവച്ചിട്ടുണ്ട്. ഞാൻ ക്രിസ്‌ത്യാനിയാണെങ്കിലും എന്റെ മൃതദേഹം ദഹിപ്പിക്കണം. ചിതാഭസ്‌മം ഭാരതപ്പുഴയിൽ ഒഴുക്കണം എന്ന് വിൽപത്രത്തിൽ എഴുതിയിട്ടുണ്ട്'- എന്നാണ് ഷീല വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |