കോഴിക്കോട്: 'കേരളത്തിൽ വന്നപ്പഴാണ് കേട്ടത്. ഇവിടെ കറുപ്പിനെക്കുറിച്ച് വലിയ ചർച്ചയാണെന്ന്. ഞാൻ ചെന്നെയിലാണ് താമസം. അവിടെ കറുപ്പിനെക്കുറിച്ച് ആരും മിണ്ടാറില്ല. മിണ്ടിയാൽ വിവരമറിയും. വലിയ പ്രബുദ്ധരെന്നുപറയുമ്പോൾ കേരളം ഇപ്പോഴും കറുപ്പിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ഞാനൊരു സിനിമാ നടിയാണ്. എന്റെ അനുഭവത്തിൽ മേക്കപ്പഴിച്ചാൽ ഇവിടെ എല്ലാവരുടേയും നിറം കറുപ്പാണ്' പറയുന്നത് മലയാളസിനിമയുടെ താരങ്ങളിൽ താരമായ ഷീല. ഏതെങ്കിലും സിനിമയിൽ അഭിനയിക്കാൻ വന്നതല്ല അവർ കോഴിക്കോട്ട്. പലർക്കും അത്ര പരിചിതമില്ലാത്ത അവരുടെ വരയുടെ ലോകത്തെക്കുറിച്ച് സംവദിക്കാൻ. സാഹിത്യനഗരിയിൽ കറുപ്പും വെളുപ്പും ഒരുപോലെ ഇടകലരുന്ന സ്വന്തം ചിത്രങ്ങളുടെ പ്രദർശനം ' ഷീലാസ് സ്റ്റാർ ആർട് സർപ്രൈസ്'. ഏപ്രിൽ പതിനേഴുവരെ ആർട്ട് ഗ്യാലറിയിൽ ചിത്രങ്ങളുണ്ടാവും. കേരളത്തിലെ കാൻസർരോഗികൾക്ക് ആശ്വാസംപകരാനുള്ള ഫണ്ട് കണ്ടെത്തുകയാണ് മലയാളിയുടെ പ്രിയതാരം. അവർ കേരളകൗമുദിയോട് സംസാരിക്കുന്നു
മലയാളി ഒട്ടും പ്രതീക്ഷിച്ചില്ല ഷീലാമ്മയുടെ ചിത്രമെഴുത്ത്?
നിങ്ങൾക്ക് ഇപ്പോഴും ഞാൻ കറുത്തമ്മയും ഉമ്മാച്ചുവും കൊച്ചുത്രേസ്യയുമൊക്കെയാണ്. സിനിമയ്ക്ക് മുമ്പേ എനിക്കൊപ്പം സഞ്ചരിച്ചതാണ് എന്റെ ചിത്രങ്ങൾ. ആദ്യം തുടങ്ങിയത് വരയാണ്. പക്ഷേ,വരപോരല്ലോ. അങ്ങിനെ തലവരമാറ്റാൻ സിനിമയിലേക്കിറങ്ങി. പിന്നെ സിനിമയായി ലോകം. ഓരോ ഇടവേളകളിലും കൂടെയുണ്ടായിരുന്നു പെൻസിലും ആക്രിലിക്കും വാട്ടർകളറുമെല്ലാം.
ഏറ്റവും സന്തോഷം നൽകുന്നത്?
എന്റെ ചിത്രങ്ങൾ തന്നെ.
ചിത്രപ്രദർശനത്തിലേക്ക് നീങ്ങാൻ കാരണം?
പ്രളയകാലത്താണ് താൻ വരയ്ക്കുന്ന ചിത്രങ്ങൾ നാടിന് വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിച്ചത്. അങ്ങനെ ആദ്യ പ്രദർശനം കൊച്ചിയിൽ നടത്തി. അതിൽ നിന്ന് കിട്ടിയ പൈസ മുഖ്യമന്ത്രിയെ നേരിട്ടേൽപിച്ചു. സത്യം പറഞ്ഞാൽ അതുപോലൊരു സന്തോഷം വേറെ അനുഭവിച്ചിട്ടില്ല. കോഴിക്കോട്ട് പ്രദർശനം സംഘടിപ്പിച്ചത് പെരുകിവരുന്ന കാൻസർരോഗികളുടെ സങ്കടങ്ങൾ കണ്ടാണ്. 137 ചിത്രങ്ങളുണ്ട് പ്രദർശനത്തിൽ. ഒരു ചില്ലിക്കാശുപോലും എനിക്ക് വേണ്ട.
പുതിയ സിനിമകൾ?
മലയാളത്തിൽ സിനിമകളൊന്നുമില്ല. തെലുങ്കിലും തമിഴിലുമായി ഓരോ സിനിമകൾ. ഇവിടെ നിന്ന് പലരും കഥപറയാൻ വരാറുണ്ട്. പക്ഷേ,കഥകേട്ടുകഴിഞ്ഞാൽ എനിക്കുള്ളത് മൂന്നോ നാലോ സീൻ. പ്രാധാന്യമുള്ള റോളുകൾ വന്നാൽ അഭിനയിക്കാം. അല്ലാതെ സൈഡ് റോളുകൾക്കൊന്നുമില്ല.
ചിത്രകാരിക്കൊപ്പം എഴുത്തും സൂക്ഷിക്കുന്നുണ്ടല്ലോ?
എഴുതാറുണ്ട്. കഥകൾ. പക്ഷേ,എഴുതിയതൊന്നും പ്രസിദ്ധീകരിക്കാനായിരുന്നില്ല. എന്നിട്ടും കുയിലിന്റെ കൂട് എന്നൊരു കഥാസമാഹാരം ഡി.സി പുറത്തിറക്കി. അതിനുശേഷം പലരും വിളിക്കും,ചേച്ചി എഴുത്തിൽ കൂടുതൽ ശ്രദ്ധ ചലുത്തണമെന്ന്.നമ്മൾക്കെവിടെയാ നേരം.
വലിയ വിവാദമാണ് എമ്പുരാനുണ്ടാക്കിയത്?
അതവരുടെ കച്ചവടമാണ്. കലയ്ക്കപ്പുറത്ത് കച്ചവടമാണ് സിനിമ. ദയവുചെയ്ത് എന്നെ അതിലേക്ക് വലിച്ചിഴക്കരുത്. ഞാനിവിടെ വന്നത് ഒരു ചിത്രകാരിയായിട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |