തൃശൂർ: അടുത്ത ഏഴുവർഷം കൊണ്ട് ഇന്ത്യയിലെ ആയുർവേദ വിപണി മൂന്നു ലക്ഷം കോടിയിലേറെ രൂപയിലേക്ക് കുതിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ ഔഷധസസ്യങ്ങൾ കിട്ടാത്തതിനാൽ മരുന്നുനിർമ്മാണം തളർച്ചയിൽ. 750 കോടി രൂപയുടെ ഔഷധസസ്യങ്ങൾ ആവശ്യമാണ്. പക്ഷേ, 50 കോടി രൂപയുടെ സസ്യങ്ങൾ മാത്രമാണ് കർഷകരിൽ നിന്നു ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും സസ്യങ്ങൾ കുറഞ്ഞു. ഔഷധസസ്യകൃഷിക്ക് സഹായവും സബ്‌സിഡിയും ലഭിക്കാത്തതാണ് പ്രധാനകാരണം. പൂർണമായും നശിപ്പിക്കുന്ന രീതിയിലുള്ള വിളവെടുപ്പും കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയായി. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ്, കൃഷി, ആയുഷ് വകുപ്പുകൾ, ആയുർവേദ ഔഷധ നിർമ്മാതാക്കൾ, കർഷകർ എന്നിവരുടെ കൂട്ടായ്മയിലൂടെ ഔഷധസസ്യക്കൃഷി വിജയകരമാക്കാൻ കഴിയുമെങ്കിലും അതിനുളള നടപടികളില്ല.
ഔഷധസസ്യങ്ങൾ 50% കുറഞ്ഞു
കേരളത്തിൽ ഔഷധ സസ്യങ്ങളുടെ ലഭ്യത 50 ശതമാനം കുറഞ്ഞു. 1015 വർഷത്തിനുള്ളിൽ ഭൂരിഭാഗം സസ്യങ്ങളും ലഭ്യമല്ലാതാകുമെന്ന ആശങ്ക വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക), ആര്യവേപ്പ്, ഇരട്ടിമധുരം, ചിറ്റമൃത്, ശതാവരി, ബ്രഹ്മി, തുളസി, അശ്വഗന്ധ തുടങ്ങി കയറ്റുമതി വിപണിയിൽ മുൻപന്തിയിൽ നില്ക്കുന്ന ഔഷധ സസ്യങ്ങൾ തരംതിരിച്ച് കൃഷി ചെയ്യുന്നത് ഗുണകരമാണെങ്കിലും അതിനുള്ള സൗകര്യം ഒരുക്കുന്നില്ല. സുസ്ഥിര കൃഷിരീതികളും ബോധവൽക്കരണ പരിപാടികളും തുടർപരിശീലനങ്ങളും പദ്ധതികളുമുണ്ടായില്ല.
കേരളത്തിന് 4000 കോടി വിപണി സാദ്ധ്യത
നിലവിൽ കേരളത്തിന് 3000 കോടിയുടെ ആയുർവേദ വിപണിയുണ്ട്. ഔഷധസസ്യകൃഷി വ്യാപകമാക്കിയാൽ
പത്തു വർഷത്തിനുള്ളിൽ ഇത് 4000 കോടിയായി വർദ്ധിപ്പിക്കാൻ കഴിയും. ഇതിൽ,മറ്റ് അസംസ്‌കൃത വസ്തുക്കളായ എണ്ണ, വെളിച്ചെണ്ണ, ആവണക്കെണ്ണ, നെയ്യ്, പഞ്ചസാര, തേൻ, പാല്, ശർക്കര, കൽക്കണ്ടം എന്നിവയ്ക്ക് മാത്രമായി
ഏകദേശം 1600 കോടിയുടെ സംഭരണവും ഉൾപ്പെടുന്നു.
ഉപയോഗിക്കുന്ന സസ്യ ഇനങ്ങൾ
ഔഷധസസ്യങ്ങളുടെ നിലനിൽപ്പിനായി ജനകീയ കൂട്ടായ്മകൾ വളർന്നു വന്നില്ലെങ്കിൽ സാമ്പത്തികമായും ആരോഗ്യസംരക്ഷണത്തിലും തിരിച്ചടി നേരിടും.
ഡോ. ഡി.രാമനാഥൻ, ജനറൽ സെക്രട്ടറി,
ആയുർവേദ മെഡിസിൻ
മാനുഫാക്‌ചേറഴ്‌സ് അസോ. ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |