ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും തലപ്പത്ത് ഏറ്റവും കൂടുതൽ കാലം-മുപ്പതു വർഷം! യോഗത്തിന്റെയും ട്രസ്റ്റിന്റെയും ചരിത്രത്തിലെ വലിയൊരു ഘട്ടമാണിത്. വെട്ടിത്തുറന്നു പറഞ്ഞും പടവെട്ടിയും പ്രതികരിച്ചും ജാഗ്രത പാലിച്ചുമാണ് വെള്ളാപ്പള്ളി നടേശൻ ഈ സ്ഥാനത്ത് ധീരമായി തുടർന്നത്. ചിതറിക്കിടന്ന ഒരു സമൂഹത്തെ സംഘടനാബോധത്തിലേക്ക്, ആധുനിക സാഹചര്യങ്ങൾക്കനുസരിച്ച് ഉയർത്തുന്നത് ചെറിയ കാര്യമല്ല. പല അഭിപ്രായങ്ങളും രാഷ്ട്രീയചിന്താഗതികളും ഉള്ളവരെ ഒരു ചരടിൽ കോർക്കണമെങ്കിൽ ഒരാദർശം മാത്രം പോരാ. കാരണം ഈ ആദർശങ്ങളെല്ലാം ഇന്ന് രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്ത് മുഴക്കുന്നുണ്ട്. ഗുരുവിന്റെ ചിത്രം വച്ചതുകൊണ്ടു മാത്രം സമുദായത്തെ ഏകീകരിക്കാനാവില്ല. അതിന് പ്രായോഗികതലത്തിൽ കുറേക്കൂടി സംഘടിത ബോധം വേണം. ഈഴവന്റെ രാഷ്ട്രീയത്തെയാണ് വെള്ളാപ്പള്ളി നടേശൻ മുന കൂർപ്പിച്ചെടുത്തത്.
വിളിച്ചുപറയുന്നത്
തന്റെ ശരികൾ
തന്റെ വിയോജിപ്പുകളും പ്രതിഷേധങ്ങളുമാണ് വെള്ളാപ്പള്ളി നടേശൻ എപ്പോഴും പൊതുവേദികളിൽ അവതരിപ്പിച്ചു കൊണ്ടിരുന്നത്. കേരളീയ നവോത്ഥാനം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും ഇവിടെ ജാതിമേധാവിത്വവും ജാതിവിവേചനവുമാണ് തലപൊക്കുന്നത്. കാണാമറയത്തുള്ള ഈ അനീതിയോട് എതിരിടുന്നതിൽ വെള്ളാപ്പള്ളി നടേശൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സാമൂഹ്യബോധത്തിലൂന്നിയുള്ള പരാമർശങ്ങൾ ആരെയെങ്കിലും വ്രണപ്പെടുത്തുമോ എന്നു ചിന്തിച്ച് പ്രയാസപ്പെടുന്ന ശീലം അദ്ദേഹത്തിൽ കണ്ടിട്ടില്ല. തന്റെ ശരികൾ വിളിച്ചുപറയുകയാണ് ചെയ്യുന്നത്.
മാദ്ധ്യമങ്ങളെ മുഖത്തു നോക്കി വിമർശിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. എന്നാൽ വർത്തമാനങ്ങൾ എത്ര രൂക്ഷമായാലും മാദ്ധ്യമങ്ങൾക്ക് അദ്ദേഹത്തോടു വിരോധമില്ല. അതിനു കാരണം, തനിക്കു വേണ്ടിയല്ല, സമുദായത്തിനു വേണ്ടിയാണ് അദ്ദേഹം പറയുന്നത് എന്ന പൊതുധാരണയാണ്. അദ്ദേഹത്തെക്കുറിച്ച് പലരും പറയാറുള്ള ഒരു കാര്യമാണ്, ജാതി പറയുന്നു എന്നത്. ജാതി നോക്കി സ്ഥാനാർത്ഥികളെ നിറുത്തുന്ന, ജാതിസംവരണം നിലനിൽക്കുന്ന, ജാതീയമായി ഭൂരിപക്ഷവും അവശത അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എല്ലായിടത്തും താഴ്ന്ന ജാതിക്കാരെ അടിച്ചമർത്തുന്ന ഒരു സമൂഹത്തിൽ ഒരു പിന്നാക്ക സമുദായസംഘടനയുടെ നേതൃത്വത്തിലുള്ള ഒരാൾ ജാതിപരമായ വിവേചനത്തിനെതിരെ സംസാരിക്കുന്നത് ഒരു തെറ്റാകുന്നില്ല.
താഴ്ന്ന ജാതിക്കാരന് പ്രധാന ക്ഷേത്രങ്ങളിൽ പൂജാരിയാകാൻ കഴിയാത്ത നാടാണിത്. ഭരണത്തിന്റെ ഉന്നതമേഖലകളിൽ താഴ്ന്ന ജാതിക്കാർക്ക് അതിന്റെ പേരിൽ അവഹേളനം നേരിടേണ്ടി വരുന്നുണ്ട്. ഈ അന്ധതയ്‌ക്കെതിരെ സംസാരിക്കുമ്പോൾ സമുദായ നേതാവെന്ന നിലയിൽ അദ്ദേഹം സ്വന്തം പ്രതിച്ഛായ നോക്കാറില്ല. വ്യക്തിപരമായി ജാതിചിന്തയുള്ള ആളല്ല വെള്ളാപ്പള്ളി. എന്നാൽ ഒരു സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ഇടപെടുമ്പോൾ ജാതീയമായ പ്രശ്നങ്ങളെ ഏറ്റെടുക്കാതിരിക്കാനാവില്ല.
സ്‌നേഹിച്ചും
കലഹിച്ചും
യോഗത്തിന്റെ ഭാരവാഹികൾ മിക്കപ്പോഴും രാഷ്ട്രീയപാർട്ടികളുടെ അനുഭാവികളോ പ്രവർത്തകരോ ആയിരുന്നു.എം.കെ. രാഘവൻ, കെ. ഗോപിനാഥൻ തുടങ്ങിയവരെ ഓർക്കാം. എന്നാൽ വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയപാർട്ടികളോട് ഇടപെടുമ്പോൾ തന്റെ അഭിപ്രായസ്വാതന്ത്ര്യം സൂക്ഷിക്കാറുണ്ട്. പാർട്ടികളോട് അടിമ മനോഭാവമില്ലാതെ പെരുമാറാനും സമുദായത്തിന്റെ ആവശ്യങ്ങളുടെ പേരിൽ അവരോടു കലഹിക്കാനും അദ്ദേഹത്തിനു മടിയില്ല. രാഷ്ട്രീയ പാർട്ടികളുമായി ഒരു പ്രത്യേകതരം ബന്ധമാണ് അദ്ദേഹം പുലർത്തുന്നത്. ഒരു നേതാവും സ്ഥിരം മിത്രമോ ശത്രുവോ അല്ല എന്നു തെളിയിച്ചു. സ്‌നേഹിച്ചും കലഹിച്ചുമാണ് ആ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ സമുദായത്തിന്റെ താത്പര്യങ്ങളെ, അപര്യാപ്തതകളെ മറന്ന് അഭിപ്രായത്തിന്റെ ഒരു ബ്ളാങ്ക് ചെക്ക് ഒപ്പിട്ടു കൊടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല .
എത്ര വലിയ നേതാവായാലും വെള്ളാപ്പള്ളി നടേശൻ വിമർശിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പാർട്ടികളുടെ ആശ്രിതനല്ല. അദ്ദേഹത്തിന് സമദൂര നിലപാടില്ല. വെള്ളാപ്പള്ളി നടേശനെ പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ് രാഷ്ട്രീയ പാർട്ടികൾ നേരിടുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കോൺഗ്രസുമായി താരതമ്യേന അടുപ്പത്തിൽ പോയ അദ്ദേഹം പിന്നീട് കോൺഗ്രസിന്റെ കടുത്ത വിമർശകനാവുന്നതാണ് കണ്ടത്. കോൺഗ്രസ് നേതാക്കളെ പേരെടുത്തു പറഞ്ഞ് രൂക്ഷമായി വിമർശിച്ച ഒരു യോഗം ജനറൽ സെക്രട്ടറി മുമ്പുണ്ടായിട്ടില്ല. ഇപ്പോഴത്തെ കോൺഗ്രസ് നിയമസഭാകക്ഷിയിൽ ഈഴവ പ്രാതിനിദ്ധ്യം തീരെ കുറഞ്ഞു പോയതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ഒരു സമുദായ നേതാവിന് സ്വാഭാവികമായി പൊരുത്തപ്പെടാനാകുന്ന വസ്തുതയല്ല ഇത്.
ജാതീയമായ
വിവേചനം
മനുഷ്യമനസിൽ നിന്ന് ഇപ്പോഴും ജാതി പോയിട്ടില്ല. ഗുരുവിന്റെ പടം ഇപ്പോൾ ഒരു സമുദായത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും മാത്രമാണ് കാണാനുള്ളത്. ഗുരുവിന്റെ പടം ഈഴവ വീടുകളിൽ നിന്ന് എടുത്തുമാറ്റിയാൽ ഗുരുവിനെ പിന്നെ എവിടെയും കാണാനുണ്ടാവില്ല. കേരള സമൂഹത്തിൽ ഗുരു സംഭാവന ചെയ്ത മതമൈത്രിയുടെയും വാഴ്വിന്റെയും സാംസ്‌കാരികമായ നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിൽ ഏതൊരു സമുദായത്തിൽപ്പെട്ടവർക്കും ഗുരുവിന്റെ ഒരു ചിത്രം സ്വന്തം വാസസ്ഥലത്ത് വയ്ക്കാവുന്നതാണ്. എന്നാൽ ഗുരുവിനോടാണ് ഇന്ന് അയിത്തം!
സമുദായാംഗങ്ങൾ ജാതിയുടെ പേരിൽ അവഹേളിക്കപ്പെട്ടപ്പോഴെല്ലാം നേതാവ് എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വൈക്കത്ത് സമുദായാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിനടുത്ത് ഒരു ശ്മശാനം സ്ഥാപിക്കാൻ ഒരു കൂട്ടർ ശ്രമിച്ചപ്പോൾ അതിനെ എതിർക്കുകയും ആ സ്ഥലത്തിന് എത്ര രൂപയാണ് തരേണ്ടതെന്ന് അതിന്റെ ഉടമയോടു ചോദിക്കുകയും ചെയ്തത് പലർക്കും ഒരു പ്രചോദനമായിരുന്നു. അദ്ദേഹം ആളും അർത്ഥവുമായി രംഗത്ത് വരികയും ചെയ്തു. ദരിദ്രമായിക്കിടന്ന ശാഖാ, യൂണിയൻ വക ഓഫീസുകളും കെട്ടിടങ്ങളും ഇന്ന് എത്രയോ നവീകരിക്കപ്പെട്ടു. യോഗത്തിന്റെ മിക്ക ഓഫീസുകളും ഇന്ന് പുതുതായി നിർമ്മിച്ച മേൽത്തരം കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സാമ്പത്തികമായ അഭിവൃദ്ധി പ്രധാന ഘടകമാണല്ലോ.
വെള്ളാപ്പള്ളി നടേശന്റെ കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് സ്ത്രീകളുടെ സ്വയം സഹായ യൂണിറ്റുകളും അവയുടെ പ്രവർത്തനങ്ങളുമാണ്. ഓരോ സ്ഥലത്തും സ്ത്രീകളുടെ ചെറിയ കൂട്ടങ്ങൾ രൂപീകരിച്ചതും അവർ മാസത്തിൽ സംഘടിച്ച് പ്രാർത്ഥന ചൊല്ലുന്നതും ചെറിയ തുകകൾ സമാഹരിക്കുന്നതും ഒരു വലിയ മാറ്റമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വലിയ സമൂഹത്തെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമാണ്. വെള്ളാപ്പള്ളി നടേശനോട് വേണമെങ്കിൽ നമുക്ക് വിയോജിക്കാം; എന്നാൽ അദ്ദേഹം പറയുന്ന സത്യങ്ങൾ അവഗണിക്കാനാവില്ല. മറ്റെന്തെങ്കിലും തൊഴിൽ ചെയ്യുന്നതിനിടയിൽ കിട്ടുന്ന സമയം യോഗത്തിനായി മാറ്റിവയ്ക്കുകയായിരുന്നില്ല, അദ്ദേഹം. ഒരു പോരാളിയെപ്പോലെ പ്രവർത്തിച്ചു. ആർക്കും ഫോൺ വിളിച്ചാൽ കിട്ടുന്ന ജനറൽ സെക്രട്ടറി. ഏതു പ്രശ്നത്തിലും ഇടപെടുന്ന നേതാവ്. ഇത് വളരെ പ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |