SignIn
Kerala Kaumudi Online
Saturday, 26 July 2025 12.34 PM IST

വനഗ്രാമങ്ങൾ റവന്യു ഗ്രാമങ്ങളാകുന്നു; അവർ,​ ഭൂമിയുടെ അവകാശികൾ!

Increase Font Size Decrease Font Size Print Page
tribal

ആദിവാസികൾക്ക് സ്വന്തമായി ഭൂമി എന്നത് പതിറ്റാണ്ടുകളുടെ സ്വപ്നമാണ്. ആ അവകാശത്തിനായുള്ള നിരന്തര സമരപ്രക്ഷേഭങ്ങളിലാണ് അവർ. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അത്തരം പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചില്ല. ആദിവാസി സമൂഹത്തിന് അവർ താമസിക്കുന്ന ഇടങ്ങളിൽ വനാവകാശ രേഖ നൽകുവാനുള്ള സാദ്ധ്യതകൾ സർക്കാർ പരിശോധിച്ചു. കേന്ദ്ര, സംസ്ഥാന വനം വകുപ്പുകളുമായി കൂടിയാലോചനകൾ തുടർന്നു. സാദ്ധ്യമായ നടപടികൾക്ക് സംസ്ഥാന റവന്യു വകുപ്പിന്റെ മുഴുവൻ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ചലിച്ചു. ഇത് ഇടതു സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന നിലയിൽ പ്രത്യേകം ശ്രദ്ധയൂന്നിയതോടെ അരനൂറ്റാണ്ടോളം യാതൊരു അവകാശവുമില്ലാതെ വനമേഖലയിൽ ജീവിതമാർഗം കണ്ടെത്തി കഴിഞ്ഞവർ ഭൂമിയുടെ അവകാശികളായി മാറി!

566 പട്ടികവർഗ സങ്കേതങ്ങളിലായി 29,166 ആദിവാസി കുടുംബങ്ങൾക്കാണ് വനാവകാശ രേഖ അനുവദിക്കപ്പെട്ടത്. ഏറ്റവും ഒടുവിൽ,​ തൃശൂർ ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഒളകര സങ്കേതത്തിൽ 44 ആദിവാസി കുടുംബങ്ങൾ കൂടി ഭൂമിക്ക് ഉടയവരായി. ഇത് ഒരു ജനകീയ സർക്കാരിന്റെ കടമയാണ്. ഇനിയും കേരളത്തിന്റെ വിവിധ ഇടങ്ങളിൽ പട്ടികവർഗ വിഭാഗങ്ങൾ വനാവകാശ രേഖയ്ക്കായി പൊരുതുന്നുണ്ട്. അവരെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുക തന്നെ ചെയ്യും. ഭൂമിയുടെ അവകാശം പതിച്ചുകൊണ്ടുള്ള പട്ടയം അവരുടെ കൈകളിലെത്തിച്ചതുകൊണ്ട് തീരുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്വം. അനുവദിച്ചു കിട്ടിയ ഭൂമിയുടെ നികുതി അടയ്ക്കാനുള്ള അവകാശം കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഇങ്ങനെ വനാവകാശ രേഖയുടെ പൂർണത കൈവരിക്കാൻ പട്ടയം അനുവദിച്ച വനഗ്രാമങ്ങളെയെല്ലാം റവന്യു ഗ്രാമങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് സംസ്ഥാന സർക്കാർ.

വനാവകാശ രേഖ കൈമാറിയ വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി മാറ്റുന്നതിന് 2025 ഫെബ്രുവരി മൂന്നിന് റവന്യു വകുപ്പ് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് (30/2025) സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരിത്രരേഖയാണ്. 2006-ലെ വനാവകാശ നിയമത്തിലെ മൂന്നാം വകുപ്പിൽ 'എ" മുതൽ 'എം" വരെയുള്ള വ്യത്യസ്തങ്ങളായ അവകാശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി മാറ്റുന്നതിനുള്ള അവകാശം. ഈ നടപടിയിലേക്കാണ് റവന്യു വകുപ്പ് പ്രവേശിച്ചിരിക്കുന്നത്. ഇതുവരെ വനാവകാശ രേഖ കൈമാറിയ 566 പട്ടിക വർഗ സങ്കേതങ്ങളെയും റവന്യു ഗ്രാമങ്ങളായി പ്രഖ്യാപിക്കും. ഇതോടെ 29,166 കുടുംബങ്ങൾക്ക് വനാവകാശ രേഖയിലൂടെ ലഭിച്ച 38,582 ഏക്കർ ഭൂമിക്ക് കരമടയ്ക്കാനുള്ള അവകാശം കൂടി അവർക്ക് കൈവരും.

രാജ്യത്ത് വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികൾക്ക് ഭൂമിയിൽ അവകാശം ഉറപ്പിക്കാനാണ് 'വനാവകാശങ്ങൾ അംഗീകരിക്കൽ" എന്ന പേരിൽ 2006-ൽ കേന്ദ്രം നിയമം നിർമ്മിച്ചത്. സംരക്ഷിത വനങ്ങളും റിസർവ് വനങ്ങളും കല്പിത വനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടു തന്നെ ഇത്തരം ഭൂമി കൈവശം വയ്ക്കുന്നതിനും അതിൽ വസിക്കുന്നതിനും ഒപ്പം അവരുടെ പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, 1980-ലെ കേന്ദ്ര വന നിയമപ്രകാരം വനത്തിലെ കുടിയേറ്റം ക്രമീകരിച്ചു നൽകണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. 1993-ലെ പ്രത്യേക ചട്ടങ്ങൾ പ്രകാരമാണ് വനഭൂമിയിലെ കുടിയേറ്റങ്ങൾ ക്രമീകരിച്ചു നൽകുന്നത്. പട്ടിക വർഗക്കാർക്ക് ഭൂമി പതിച്ചു നൽകുന്നതിനുള്ള 2001-ലെ ചട്ടം, 1971-ലെ വനഭൂമി നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ചട്ടം എന്നിവ പ്രകാരമാണ് മലയോര പട്ടിക വർഗ മേഖലയിൽ പട്ടയം വിതരണം ചെയ്യുന്നത്. വനാവകാശ നിയമപ്രകാരം പട്ടിക വർഗക്കാർക്ക് വനാവകാശ രേഖയും ഇതോടൊപ്പം അനുവദിക്കാം. രണ്ടു നിയമങ്ങളുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വനാവകാശങ്ങൾ നിക്ഷിപ്തമാക്കി നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.

ഈ അധികാരം ഉപയോഗപ്പെടുത്തിയാണ് നിരന്തര ഇടപെടലുകളിലൂടെയും സങ്കീർണമായ നടപടിക്രമങ്ങളിലൂടെയും വനഭൂമി പട്ടയങ്ങളുടെ വിതരണം നടത്തുന്നതും ഇപ്പോൾ വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി പ്രഖ്യാപിക്കാനൊരുങ്ങുന്നതും. വനഗ്രാമങ്ങളിലെ പ്രായപൂർത്തിയായ എല്ലാ താമസക്കാരുടെയും കൂട്ടത്തെ ഗ്രാമസഭയായി അംഗീകരിക്കും. വനാവകാശ രേഖ അനുവദിക്കപ്പെട്ട ഭൂമിയുടെ വിവരങ്ങൾ സപ്ലിമെന്ററി ബി.റ്റി.ആർ ആയി രേഖപ്പെടുത്തും. തുടർന്ന് ഡിജിറ്റൽ സർവേ നടത്തുമ്പോൾ ബി.റ്റി.ആറിൽ ഉൾപ്പെടുത്തും. അവകാശികളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തി തണ്ടപ്പേർ രജിസ്റ്റർ തയ്യാറാക്കും. കൈവശക്കാരിൽ നിന്ന് 1961-ലെ ഭൂനികുതി നിയമ പ്രകാരം കരം ഈടാക്കും. ആറുമാസത്തിനകം ഈ നടപടികളെല്ലാം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

പട്ടയ വിതരണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും റവന്യു വകുപ്പും യാതൊരു വിവേചനവും കാണിക്കുന്നില്ല. ഇതിനകം 1,80,887 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തുകഴിഞ്ഞു. മലയോര മേഖലയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായകമായ ഇടപെടലുകളാണ് റവന്യു വകുപ്പ് നടത്തിയത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളിലെ ഹിൽമെൻ സെറ്റിൽമെന്റ് മേഖലകളിൽ കുടിയേറിയ കർഷകർക്ക് ഭൂമി നൽകുവാനായി പുറപ്പെടുവിച്ച 2020/2020 എന്ന 2023-ലെ റവന്യു വകുപ്പ് ഉത്തരവ് ഈ നടപടികളിൽ ഏറ്റവും ശ്രദ്ധേയമാണ്. പട്ടയ വിതരണത്തിൽ കേരളത്തിന്റെ സർവകാല റെക്കോഡ് കൈവരിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് മൂന്നുലക്ഷം പട്ടയം വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം.

TAGS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.