അടിസ്ഥാന സൗകര്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചും വ്യവസായ സൗഹൃദാന്തരീക്ഷം ഒരുക്കിയും കഴിവുറ്റ മനുഷ്യവിഭവശേഷി കൈവരിച്ചും വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. നിക്ഷേപക സൗഹൃദഘടന ശക്തിപ്പെടുത്തുന്നതിനായി ആഗോള നിക്ഷേപകരെയും ഈ മേഖലയിലെ വിദഗ്ദ്ധരെയും, നയരൂപീകരണ വിദഗ്ദ്ധരെയും ഒരുമിച്ചു കൊണ്ടുവരിക, കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ പര്യവേഷണം ചെയ്യുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നതിന് അനവധി പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലേക്കു വരുന്ന നിക്ഷേപകർക്ക് നടപടിക്രമങ്ങളുടെ കാലതാമസം നേരിടേണ്ടി വരില്ല. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൽ വലിയ മുന്നേറ്റം നടത്താനായി. കെ-സ്വിഫ്റ്റ് പോർട്ടൽ വഴി എളുപ്പത്തിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള സൗകര്യമുണ്ട്.
സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ വരുന്നതിന് ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുകയാണ്. ദേശീയപാത- 66 വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ ചെലവിന്റെ 25 ശതമാനം സംസ്ഥാനം സംഭാവന ചെയ്തിട്ടുണ്ട്. അതിവേഗ ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ റെയിൽവേ വികസനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരങ്ങൾ നേടുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദേശീയ പാതകളുടെ വികസനത്തിനു മാത്രമല്ല, സംസ്ഥാനത്തിനുള്ളിലെ എല്ലാ റോഡുകൾക്കും കേരള സർക്കാർ പ്രാധാന്യം നൽകുന്നു. സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നിലവിലുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ഉൾനാടൻ ജലപാതകളെ സഞ്ചാരയോഗ്യമായ പാതയാക്കാൻ ശ്രമം ആരംഭിച്ചു. ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനുകൾ സ്ഥാപിച്ചതോടെ തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ സാധിച്ചു. ഭൂമിയില്ലാത്തതിന്റെ പേരിൽ കേരളത്തിലേക്കു വരുന്ന ഒരു നിക്ഷേപകനും നിരാശയോടെ മടങ്ങേണ്ടിവരില്ല.
ഉയർന്നുവരുന്ന തൊഴിൽ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകൾ വൈവിദ്ധ്യവത്കരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്ത് സൂക്ഷ്മ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് സയൻസ് പാർക്കുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സർവകലാശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായം എന്നിവയ്ക്ക് ഒത്തുചേരാനും ഗവേഷണ വികസനത്തിൽ ഏർപ്പെടാനും പുതിയ കണ്ടുപിടിത്തങ്ങൾ സൃഷ്ടിക്കാനും സയൻസ് പാർക്കുകൾ സ്ഥലവും അടിസ്ഥാന ലബോറട്ടറി സൗകര്യങ്ങളും നൽകുന്നു. കണ്ണൂരിലെ സയൻസ് പാർക്ക് പൂർത്തീകരത്തോട് അടുക്കുകയാണ്.
സ്റ്റാർട്ടപ്പ് മേഖലയിൽ കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനിടെ കേരളത്തിൽ 6200 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു, 5800 കോടി രൂപയുടെ നിക്ഷേപത്തോടെ 62,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 2026-ഓടെ 15,000 സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. കേരളത്തിന്റെ സംരംഭങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റാർട്ടപ്പുകളിൽ 254 ശതമാനം വളർച്ചയുണ്ടായതായി ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പറയുന്നു. ഇൻഫോ ആൻഡ് ടെക്‌നോ പാർക്കുകൾ വിജയകരമായ പരീക്ഷണങ്ങളാണ്.
എയ്‌റോസ്‌പേസ് മേഖലയിൽ നിക്ഷേപം സുഗമമാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങളിൽ കേരളം സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ന്യൂട്രാസ്യൂട്ടിക്കൽസിന്റെ നിർമ്മാണത്തിലും ഒരു സംരംഭമുണ്ട്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി ഇൻ ലൈഫ് സയൻസ് പാർക്ക്- മെഡിക്കൽ ഗവേഷണത്തിലെ മികവിന്റെ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ വികസനം വേഗത്തിൽ പുരോഗമിക്കുകയാണ്. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ഡാറ്റ പ്രകാരം, 2017-18 ലും 2023-24 ലും കേരളത്തിലെ തൊഴിൽ 16 ശതമാനം വർദ്ധിച്ച് 2023-24 ൽ 1.51 കോടിയിലെത്തിയതും അഭിമാനാർഹമായ പുരോഗതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |