വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവർ കൈവെള്ളയിൽ കർപ്പൂരം കത്തിച്ചും ഉപ്പുപരലിൽ മുട്ടുകുത്തി നിന്നും സെക്രട്ടേറിയറ്റിനു മുന്നിൽ ജോലിക്കായി സമരം ചെയ്യുമ്പോൾ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ താത്കാലിക നിയമനം വഴിവിട്ടു നടക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി നാലായിരം താത്കാലിക നിയമനങ്ങളാണ് സർവകലാശാലകളിൽ നടന്നതെന്ന് ഞങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഉന്നതബിരുദം നേടിയ പതിനായിരങ്ങൾ കാത്തുനിൽക്കുമ്പോഴാണ് ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാതെ ഈ ജോലിത്തട്ടിപ്പ് നടന്നു വരുന്നത്. മുപ്പതിനായിരം രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ട ഇവരുടെ കരാർ ആറുമാസം കൂടുമ്പോൾ പുതുക്കി നൽകിവരികയാണ്. രാഷ്ട്രീയ ആഭിമുഖ്യം മാത്രമാണ് ഇവരുടെ യോഗ്യത. അഭ്യസ്തവിദ്യർ തൊഴിൽരഹിതരായി നട്ടംതിരിയുമ്പോഴാണ് വളഞ്ഞ വഴിയിലൂടെയുള്ള ഈ താത്കാലിക നിയമനങ്ങൾ നടക്കുന്നത്.
ആറുവർഷമായി ഇങ്ങനെ ജോലിയിൽ തുടർന്നുവരുന്നവരുണ്ട്. താത്കാലികക്കാരെ കരാർ, ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നത് സിൻഡിക്കേറ്റംഗങ്ങൾ നേരിട്ടാണ്. അനദ്ധ്യാപക നിയമനങ്ങൾ 2014 ൽ പി.എസ്.സിക്കു വിട്ടതാണെങ്കിലും സ്പെഷ്യൽ റൂൾ ഉണ്ടാക്കാതെ സ്ഥിരനിയമനം അട്ടിമറിക്കുകയാണ് ചെയ്തുവരുന്നത്. നാൽപ്പതിലേറെ തസ്തികകളുള്ള സർവകലാശാലകളിലെ എട്ടെണ്ണത്തിൽ മാത്രമാണ് സ്പെഷ്യൽ റൂൾ ഉണ്ടാക്കിയത്. അതിനാൽ പി.എസ്.സിക്ക് സ്ഥിരനിയമനം നടത്താനാവില്ല. പുതിയ സർവകലാശാലകളിലാവട്ടെ ഇപ്പോൾ സ്ഥിരം തസ്തികകൾ അനുവദിക്കാറുമില്ല. പകരം താത്കാലികക്കാരെ നിയമിക്കാൻ അനുമതി നൽകുകയാണ് സർക്കാർ. പരീക്ഷാനടത്തിപ്പ്, ചോദ്യപേപ്പർ കൈകാര്യം ചെയ്യൽ, മാർക്ക് എൻട്രി, മൂല്യനിർണയത്തിന് ഉത്തരക്കടലാസ് അയക്കൽ തുടങ്ങി സുപ്രധാന ചുമതലകളിലാണ് താത്കാലികക്കാരെ തിരുകിക്കയറ്റുന്നത്. ഇങ്ങനെ താത്കാലിക നിയമനം ലഭിച്ചവർ കേരള സർവകലാശാലയിൽ മാത്രം 971 പേരുണ്ട്. കാലിക്കറ്റിൽ 704 ഉം എം.ജിയിൽ 328 ഉം പേർ ഈ വഴിവന്നവരാണ്.
സാങ്കേതിക സർവകലാശാലയിൽ മറ്റു സർവകലാശാലകളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരൊഴികെ എല്ലാവരും താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇ- ഓഫീസ് നടപ്പാക്കിയതിന്റെ മറവിൽ കാർഷിക സർവകലാശാലയിൽ 213 തസ്തികകൾ റദ്ദാക്കിയിരുന്നു. പി.എസ്.സി റാങ്ക് പട്ടികയുള്ള അഞ്ച് ഡ്രൈവർ തസ്തികയും റദ്ദാക്കിയതിൽപ്പെടും. പകരം താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ചട്ടവിരുദ്ധമായ ഈ നിയമനങ്ങൾ റദ്ദാക്കി പി.എസ്.സി ലിസ്റ്റുണ്ടെങ്കിൽ അതിൽ നിന്നോ അല്ലാത്തപക്ഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നോ നിയമനം നടത്തേണ്ടതാണ്. വിവിധ വകുപ്പുകളിലെ ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും പരീക്ഷയും അഭിമുഖവും പി.എസ്.സി കൃത്യമായി നടത്തുകയും ചെയ്താൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ പകുതിയിലധികവും പരിഹരിക്കപ്പെടും.
ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രിതന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. പക്ഷെ അക്കാര്യത്തിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. പലപ്പോഴും ഭരിക്കുന്ന പാർടികളോട് ആഭിമുഖ്യമുള്ള സർവീസ് സംഘടനകളിൽപ്പെട്ട ചിലരാണ് ഇതിനെല്ലാം തടസം നിൽക്കുന്നത്. പൊലീസ് റാങ്ക് ലിസ്റ്റിൽ റാങ്കോടെ ഉൾപ്പെട്ടവരുടെ തട്ടിപ്പ് പുറത്തുവന്നിട്ട് അധികനാളായിട്ടില്ല. തങ്ങൾക്കായി യുവജന സംഘടനകളിൽ കൊടിപിടിക്കുന്നവർ മാത്രം മതി എന്ന തെറ്റായ സമീപനം തിരുത്തേണ്ട കാലമായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പി.എസ്.സി നിയമനം നടത്തുന്ന സംസ്ഥാനമെന്ന് നാഴികയ്ക്കു നാൽപ്പതുവട്ടം വാചകമടിച്ചിട്ടു മാത്രം കാര്യമില്ല. താത്കാലിക നിയമനങ്ങളുടെ പേരിൽ നടത്തിവരുന്ന യുവാതലമുറയോടുള്ള വഞ്ചന അവസാനിപ്പിച്ച് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ ഒഴിവനുസരിച്ച് നടത്തുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |