ന്യൂഡൽഹി: ഇന്ത്യൻ തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴിയുള്ള ബംഗ്ളാദേശിന്റെ വിദേശ കയറ്റുമതി നിറുത്തലാക്കി ഇന്ത്യ. ഷേക്ക് ഹസീനയുടെ കാലത്ത് നൽകിയ ആനുകൂല്യമാണ് പിൻവലിച്ചത്. ഇന്ത്യൻ വിപണിക്ക് ഇത് നേട്ടമാകും.
ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വഴിയുള്ള ബംഗ്ളാദേശിന്റെ കയറ്റുമതി. 2020 ജൂൺ 29നാണ് മദ്യവും സിഗരറ്റും ഒഴികെയുള്ളവയ്ക്ക് അനുമതി നൽകിയത്. വസ്ത്ര കയറ്റുമതിക്കാരുടെ സംഘടനയായ എ.ഇ.പി.സിയുടെ എതിർപ്പ് വകവയ്‌ക്കാതെയായിരുന്നു തീരുമാനം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അടുത്തിടെ ചൈനയിൽ നടത്തിയ പ്രകോപന പ്രസ്‌താവനയാണ് കാരണമെന്നാണ് സൂചന. വടുക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബംഗാൾ ഉൾക്കടലിലെത്താൻ ബംഗ്ളാദേശ് കനിയണമെന്നും തങ്ങളാണ് ബംഗാൾ ഉൾക്കടലിന്റെ കാവൽക്കാരെന്നുമാണ് യൂനുസ് പറഞ്ഞത്. ലോകമെമ്പാടും സാധനങ്ങൾ അയയ്ക്കാൻ ചൈനയ്‌ക്ക് അവസരമുണ്ടെന്നും ഈ മേഖലയിലേക്ക് ക്ഷണിക്കുന്നതായും പറഞ്ഞിരുന്നു. ബംഗാൾ ഉൾക്കടലിലെ ചൈനീസ് സാന്നിദ്ധ്യത്തിനെതിരെ യു.എസ് അടക്കം സഖ്യകക്ഷികളുമായി ചേർന്ന് ഇന്ത്യ തന്ത്രപരമായ നീക്കം നടത്തുന്നതിനിടെയായിരുന്നു യൂനുസിന്റെ ചൈനീസ് പ്രീണനം.
പ്രതിദിനം 20-30 ലോഡ്
വസ്ത്രങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ ഇന്ത്യയ്‌ക്ക് വലിയ എതിരാളിയാണ് ബംഗ്ലാദേശ്. ഡൽഹിയിൽ പ്രതിദിനം 20-30 ലോഡ് ട്രക്കുകളാണ് ബംഗ്ളാദേശിൽ നിന്ന് കയറ്റുമതിക്കായി എത്തിക്കുന്നത്. ഇത് ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ചരക്ക് നീക്കത്തെ മന്ദഗതിയിലാക്കുന്നുവെന്നും ചരക്ക് നിരക്ക് വർദ്ധിക്കാൻ ഇടയാക്കുന്നുവെന്നും വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. ഡൽഹി എയർ കാർഗോ കോംപ്ലക്സ് വഴിയുള്ള ഇന്ത്യൻ വസ്ത്രങ്ങളുടെ കയറ്റുമതിയെയും ഇത് ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |