രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ തൊടുപുഴ നഗരസഭാ ഭരണം, കാലാവധി അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ യു.ഡി.എഫിന് തിരികെ കിട്ടിയിരിക്കുകയാണ്. 2020ൽ തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നഗരസഭയിലെ 35 അംഗ കൗൺസിലിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലായിരുന്നു. യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, ബി.ജെ.പി- 8, കോൺഗ്രസ് വിമതർ- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതിൽ രണ്ട് കോൺഗ്രസ് വിമതരുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ കോൺഗ്രസ് വിമതൻ സനീഷ് ജോർജിന് ചെയർമാൻ സ്ഥാനവും യു.ഡി.എഫ് വിട്ടുവന്ന ലീഗ് സ്വതന്ത്ര ജെസി ജോണിയ്ക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനവും എൽ.ഡി.എഫ് നൽകി. ഒരു വർഷം തികയും മുമ്പേ യു.ഡി.എഫിന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് മറ്റൊരു യു.ഡി.എഫ് കൗൺസിലർ കൂടി എൽ.ഡി.എഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ മാത്യു ജോസഫാണ് അപ്രതീക്ഷിതമായി സി.പി.എമ്മിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജോസഫ് ഗ്രൂപ്പിൽ രണ്ട് അംഗങ്ങളിൽ ഒരാളായിരുന്നു. ഇതോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് ഭരണസമിതി കൂടുതൽ ശക്തമായി. 35 അംഗ കൗൺസിലിൽ യു.ഡി.എഫ്- 12, എൽ.ഡി.എഫ്- 15, എൻ.ഡി.എ- എട്ട് എന്നിങ്ങനെയായി കക്ഷിനില. മൂന്ന് വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആദ്യം ജെസി ജോണിയെയും പിന്നീട് മാത്യു ജോസഫിനെയും കൂറുമാറ്റ നിരോധന നിയമപ്രകാരം ഹൈക്കോടതി അയോഗ്യരാക്കി. ജെസി ജോണിയെ അയോഗ്യയാക്കിയ ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 35 അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ അംഗബലം വീണ്ടും 13 ആയി ഉയർന്നു. ഇതിൽ കോൺഗ്രസിനും മുസ്ലീം ലീഗിനും ആറ് അംഗങ്ങൾ വീതവും കേരള കോൺഗ്രസിന് ഒരു അംഗവുമാണുള്ളത്. ഇതിനൊപ്പം എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് രാജിവയ്ക്കുകയും സ്വതന്ത്രനായെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തതോടെ എൽ.ഡി.എഫ് അംഗങ്ങൾ 12 ആയി കുറഞ്ഞു. എന്നാൽ സനീഷും മറ്റൊരു സി.പി.എം സ്വതന്ത്രയും പിന്തുണച്ചിട്ടും ചെയർമാൻ സ്ഥാനം സംബന്ധിച്ച് യു.ഡി.എഫിനുള്ളിൽ ധാരണയാകാത്തതിനാൽ ഭരണം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടമാകുകയായിരുന്നു. ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം ലഭിക്കാതെ പോയത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൽ അവസാനഘട്ടത്തിൽ ഏവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫിന് വോട്ട് ചെയ്‌തോടെയാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. ഇതോടെ സി.പി.എം സ്വതന്ത്ര സബീന ബിഞ്ചു ചെയർപേഴ്സണായി.
അവസാന അവിശ്വാസം
ആറുമാസത്തിന് ശേഷം ചെയർപേഴ്സണായിരുന്ന സി.പി.എം അംഗം സബീന ബിഞ്ചുവിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾക്കാണ് നഗരസഭ സാക്ഷ്യംവഹിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസിന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ 35 അംഗ കൗൺസിലിൽ അയോഗ്യനായ ഒരാളൊഴിച്ച് 34 അംഗങ്ങളും ഹാജരായിരുന്നു. 18 അംഗങ്ങളുടെ വോട്ടാണ് അവിശ്വാസം പാസാക്കാൻ വേണ്ടിയിരുന്നത്. യു.ഡി.എഫിന് 14 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. ബി.ജെ.പി അംഗങ്ങൾ പിന്തുണയ്ക്കുമോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. അവിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. ഇതനുസരിച്ച് എട്ട് പേർക്കും പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വിപ്പ് നൽകിയിരുന്നു. എന്നാൽ ചില കൗൺസിലർമാർക്ക് എതിർ അഭിപ്രായമുണ്ടായിരുന്നു. ഇവരത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും അംഗീകരിച്ചിരുന്നില്ല. തുടർന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്. രാജനും കവിതാ വേണുവും വിപ്പ് സ്വീകരിച്ചില്ല. തുടർന്ന് ഇവരുടെ വീട്ടിൽ വിപ്പ് പതിപ്പിച്ചതായി ബി.ജെ.പി നേതാക്കൾ പറഞ്ഞിരുന്നു. ഇതറിഞ്ഞതോടെ യു.ഡി.എഫിൽ പ്രതീക്ഷ വർദ്ധിച്ചു. യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തിൽ രണ്ട് മണിക്കൂറിലേറെ വിവിധ കക്ഷി നേതാക്കൾ സംസാരിച്ചു. ഇതിനിടെ ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ടി.എസ്. രാജൻ ചെയർപേഴ്സന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിക്കുകയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് യു.ഡി.എഫ് ക്യാമ്പിന് ഉണർവായി. ഇതോടെ തങ്ങളുടെ പാർട്ടി നിർദ്ദേശവും വിപ്പും അനുസരിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് മുതിർന്ന ബി.ജെ.പി കൗൺസിലർമാരിലൊരാളായ പി.ജി. രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗങ്ങൾ പുറത്തേക്കിറങ്ങി. പി.ജി. രാജശേഖരന് പിന്നാലെ ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപൻ എന്നിവരാണ് വിട്ടു നിന്നത്. ബാക്കിയുള്ള അഞ്ച് പേരിൽ നാല് പേർ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്. രാജൻ, ജിഷ ബിനു, ജിതേഷ് ഇഞ്ചക്കാട്ട്, കവിത വേണു എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചത്. കൗൺസിലർ ബിന്ദു പത്മകുമാർ കൗൺസിൽ ഹാളിൽ തുടർന്നെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൽ.ഡി.എഫിലെ 12 അംഗങ്ങൾ അവിശ്വാസത്തെ എതിർത്തും യു.ഡി.എഫിലെ 14 അംഗങ്ങൾ പിന്തുണച്ചും വോട്ട് ചെയ്തു. ഇതോടെ 12 നെതിരെ 18 വോട്ടുകൾക്ക് അവിശ്വാസം പാസായി. അവിശ്വാസത്തിന് വോട്ട് ചെയ്ത നാല് ബി.ജെ.പി കൗൺസിലർമാരെ പാർട്ടി പുറത്താക്കി.
ഒടുവിൽ ഭരണം പിടിച്ചു
തുടർന്ന് ഏപ്രിൽ അഞ്ചിന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പ് തർക്കങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി നേരിടാൻ യു.ഡി.എഫ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് കോൺഗ്രസിലെ കെ. ദീപക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ ചെയർപേഴ്സൺ മിനി മധുവാണ് മത്സരിച്ചത്. മിനി മധുവിനെ 12നെതിരെ 14 വോട്ടുകൾക്കാണ് ദീപക് പരാജയപ്പെടുത്തി. ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |