തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതി
സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിനോട് മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ കടുത്ത എതിർപ്പ് ഉയർത്തി. വിഷയം പിന്നീട് വിശദമായി ചർച്ചചെയ്യാനായി മുഖ്യമന്ത്രി മാറ്റിവച്ചു.
കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെയുള്ള നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കേ, ഇതുമായി സഹകരിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന നിലപാടാണ് സി.പി.ഐ മന്ത്രിമാർ അറിയിച്ചത്.
2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14500 സ്‌കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയായ പി.എം ശ്രീ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 251 കോടി രൂപയാണ് കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്.
ഓരോ ബ്ലോക്കിലെയും രണ്ട് സ്‌കൂളുകൾക്ക് വർഷം ഒരു കോടിയോളം രൂപ വീതം ലഭിക്കും. 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കണം.സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയ്ക്കു പുറമേ കലാ–കായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം ഈ സ്‌കൂളുകളിൽ ലഭ്യമാക്കും. ഫണ്ട് ലഭിക്കാൻ കേന്ദ്രവിദ്യാഭ്യാസ നയം കൂടി അംഗീകരിക്കേണ്ടിവരും. അതിനാൽ, കേരളം, തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങൾ പദ്ധതിയോട് വിയോജിപ്പ് അറിയിച്ചിരുന്നു.
ഇതേ തുടർന്ന് ഈ മൂന്ന് സംസ്ഥാനങ്ങൾക്കും സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി ഫണ്ട് പോലും കേന്ദ്രം നിഷേധിച്ചു. കേരളത്തിന് 420.91കോടി, തമിഴ്നാടിന് 2151കോടി, ബംഗാളിന് 1745.80കോടി എന്നിങ്ങനെയാണ് പണം കിട്ടാനുള്ളത്. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ തീരുമാനമെടുക്കാൻ മന്ത്രിസഭയിൽ ചർച്ച നടന്നത്. സ്‌കൂളുകളിൽ നടപ്പാക്കുവാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |