ന്യൂഡൽഹി: ഇന്ത്യൻ നേവിക്ക് വേണ്ടി ഫ്രാൻസിൽ നിന്ന് 26 റഫാൽ - മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്ന 63,000 കോടി രൂപയുടെ കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സുരക്ഷയ്‌ക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമ്പോൾ കരാർ ഒപ്പിടുമെന്ന് സൂചന. ആദ്യ ബാച്ച് വിമാനങ്ങൾ 2029ൽ ലഭിച്ചേക്കും. .
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ ഭീഷണി നേരിടാൻ ശേഷിയുള്ള റഫാൽ വിമാനവാഹിനികളായ ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നിവയിൽ 2031ൽ വിന്യസിക്കും.വിമാനം വാങ്ങാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.വിക്രമാദിത്യയിലും വിക്രാന്തിലും ഉപയോഗിക്കുന്നത് റഷ്യൻ മിഗ്-29കെ ജെറ്റുകളാണ്. ഇവ പരിഷ്‌കരിക്കാത്തതും സാങ്കേതിക തടസങ്ങളും നേവിക്ക് തലവേദനയാണ്. ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ഇരട്ട എൻജിൻ വിമാനം യാഥാർത്ഥ്യമാകാൻ പത്തു വർഷമെങ്കിലുമെടുക്കും. ഈ സാഹചര്യത്തിലാണ് ദസോ ഏവിയേഷൻ നിർമ്മിക്കുന്ന മറൈൻ റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. വിമാനവാഹിനികളിൽ നിന്ന് പെട്ടെന്ന് പറന്നുയരാനുള്ള കഴിവുണ്ട്. ദസോയുടെ 36 റഫാൽ വിമാനങ്ങൾ നിലവിൽ വ്യോമസേന ഉപയോഗിക്കുന്നു.
മറൈൻ റഫാൽ കരാർ
22 സിംഗിൾ സീറ്റ് വിമാനങ്ങളും നാല് ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളും അടങ്ങിയതാണ് കരാർ. അനുബന്ധ ഉപകരണങ്ങൾ, ആയുധങ്ങൾ, സിമുലേറ്റർ. ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഓഫ്‌സെറ്റ് കരാർ, പരിശീലനം, ലോജിസ്റ്റിക് പിന്തുണ ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |