ന്യൂഡൽഹി : പ്രവർത്തിക്കാൻ വയ്യെങ്കിൽ വിരമിച്ച് വിശ്രമജീവിതത്തിലേക്ക് മാറണമെന്ന് അഹമ്മദാബാദിലെ എ.ഐ.സി.സി സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ താക്കീത്. പാർട്ടി പ്രവർത്തനങ്ങളിൽ സഹായിക്കാൻ തയ്യാറാകാത്തവർ വിശ്രമം തിരഞ്ഞെടുക്കണം. ഉത്തരവാദിത്തങ്ങൾ നിർവഹിക്കാത്തവർ വിരമിക്കണം. സംഘടനാ തലത്തിലെ മാറ്റത്തിന്റെ സൂചനയായാണ് നേതാക്കൾക്കും അണികൾക്കും കൃത്യമായ സന്ദേശം നൽകിയിരിക്കുന്നത്.
ഒരു സംഘടനയ്‌ക്ക് മൂന്നു കാര്യങ്ങൾ ആവശ്യമാണെന്ന് ഖാർഗെ പറഞ്ഞു. മനുഷ്യബലം, മാനസിക ബലം, സാമ്പത്തിക ബലം. കോൺഗ്രസിന് സാമ്പത്തിക ബലത്തിന്റെ കുറവുണ്ട്. പക്ഷെ മനുഷ്യശക്തിയും മാനസിക ശക്തിയും കൂടുതലുണ്ട്. സംഘടനയെ ശക്തിപ്പെടുത്താൻ മാനസികമായി ശക്തമായും സജീവമായും തുടരണമെന്ന് പ്രതിനിധികളോട് അദ്ദേഹം ആഹ്വാനം ചെയ്‌തു. സംഘടനയുടെ മുന്നോട്ടുപോക്കിന് ആശയം, പെരുമാറ്റം, പ്രചാരണം എന്നിവ അനിവാര്യമാണ്. പാർട്ടി ആശയങ്ങൾ ജീവിതത്തിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ആശയ വ്യക്തതയുള്ള പാർട്ടികൾക്ക് മാത്രമേ ആർ.എസ്.എസിന്റെ വിചാരധാരയെ എതിർക്കാൻ കഴിയുകയുള്ളുന്നുവെന്നു ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി
ഉണ്ടാകുമെന്ന് രാഹുൽ
ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധി വരിഞ്ഞുമുറുക്കാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സുഹൃത്തുക്കളാണ്. പകരചുങ്കം വിഷയത്തിൽ മോദി നിശബ്‌ദത പാലിക്കുന്നു. വഖഫ് ഭേദഗതി നിയമം മതത്തിനും ഭരണക്കൂടത്തിനും എതിരെയുള്ള ആക്രമണമാണ്. ആർ.എസ്.എസ് വാരികയായ ഓർഗനൈസറിൽ ക്രിസ്‌ത്യൻ സഭയ്‌ക്കെതിരെ ലേഖനം വന്നു. ഇന്ത്യയിൽ എല്ലാ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും ഭാഷയ്‌ക്കും ബഹുമാനം ലഭിക്കണം. ദലിത്, പിന്നാക്ക വിഭാഗങ്ങൾക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെ പങ്ക് ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണം. ദക്ഷിണ ഭാരതത്തിലുള്ളവർക്ക് മനസിലാകാൻ ഇംഗ്ലീഷിലും രാഹുൽ പ്രസംഗിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് തമിഴ്നാട് സർക്കാർ ഉൾപ്പെടെ പരാതി ഉന്നയിക്കുന്നതിനിടെയാണിത്.
ഗുജറാത്തിനായി കോൺ.
പ്രമേയം അസാധാരണം
1885ൽ സ്ഥാപിതമായ ശേഷം കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിനായി എ.ഐ.സി.സി സമ്മേളനത്തിൽ പ്രമേയം പാസാക്കുന്നത്. മൂന്നുദശകമായി ഗുജറാത്തിലെ അധികാരത്തിൽ നിന്ന് പുറത്തുനിൽക്കുകയാണ് പാർട്ടി. പുതിയ ഗുജറാത്ത്, പുതിയ കോൺഗ്രസ് എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു. ഗുജറാത്ത് കോൺഗ്രസ് പിടിക്കുമെന്ന്, പ്രതിനിധികളെ അഭിസംബോധന ചെയ്യവെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതീക്ഷ പ്രകടിപ്പിച്ചു. ബി.ജെ.പി ഭരണത്തിൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഗുജറാത്ത് പിന്നോക്കം പോയി. കേരളത്തിനും തമിഴ്നാടിനും കർണാടകയ്ക്കും പിന്നിലാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഖാർഗെയ്ക്ക് പ്രത്യേകം
കസേരയെന്ന് ബി.ജെ.പി
എ.ഐ.സി.സി സമ്മേളനത്തിന്റെ ഭാഗമായി സബർമതി ആശ്രമത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രത്യേകം കസേരയിലിരുന്നതിൽ ആരോപണവുമായി ബി.ജെ.പി. കോൺഗ്രസ് ദലിത് വിരുദ്ധമാണെന്ന് ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ എക്സ് അക്കൗണ്ടിൽ കുറിച്ചു. കോൺഗ്രസ് ഖാർഗെയെ ബഹുമാനിക്കണം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ഇരിക്കാതെ മറ്റൊരു കസേരയിൽ ഖാർഗെ ഇരിക്കുന്നതിന്റെ ദൃശ്യവും ഷെയർ ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |